ന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി നെറ്റ്ഫ്‌ളിക്‌സ് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. 199 രൂപയുടെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷന്‍ പ്ലാന്‍ ആണ് നെറ്റ് ഫ്‌ളിക്‌സ് അവതരിപ്പിച്ചത്. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കൂ. അതായത്, 199 രൂപയുടെ പ്ലാനില്‍ നെറ്റ് ഫ്‌ളിക്‌സ് മൊബൈല്‍ ആപ്ലിക്കേഷന്‍ മാത്രമേ ഉപയോഗിക്കാനാവൂ. മാത്രവുമല്ല സ്റ്റാന്റേഡ് ഡെഫനിഷന്‍ സ്ട്രീമിങ് മാത്രമേ ഈ പ്ലാനില്‍ സാധ്യമാവൂ. 

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് നെറ്റ്ഫ്‌ളിക്‌സ് ഇങ്ങനെ ഒരു പ്ലാന്‍ അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളിലൊന്നും സമാനമായ ഓഫര്‍ ലഭിക്കില്ല. ആഗോള തലത്തില്‍  ഇന്ത്യ ഏറ്റവും കൂടുതല്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുള്ള രാജ്യമാണെന്നത് കണക്കാക്കിയാണ് നെറ്റ് ഫ്‌ളിക്‌സ് പുതിയ പ്ലാന്‍ അവതരിപ്പിച്ചത്. 

കുറഞ്ഞ നിരക്കില്‍ വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് രാജ്യത്തെ മറ്റ് വീഡിയോ സ്ട്രീമിങ് മത്സരത്തിന്റെ ഭാഗമാവുകയാണ് നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്‌ളിക്‌സ്. ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, ആള്‍ട്ട് ബാലാജി, സീ5 പോലുള്ള സ്ട്രീമിങ് സേവനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നെറ്റ്ഫ്‌ളിക്‌സിന് എതിരാളികളാണ്. അതേസമയം ആമസോൺ പ്രൈം വീഡിയോ പ്രതിമാസം 129 രൂപയ്ക്ക് ആമസോൺ പ്രൈം ആനുകൂല്യങ്ങളെല്ലാം നൽകിവരുന്നുണ്ട്. 

ഇന്ത്യയില്‍ ഇതുവരെ മൂന്ന് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയിരുന്നത്. ഏറ്റവും ചെറിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ പ്രതിമാസം 499 രൂപയുടേതായിരുന്നു. ഇത് കൂടാതെ 649 രൂപയുടേയും 799 രൂപയുടേയും പ്ലാനുകളാണുള്ളത്. 499 രൂപയുടെ സബ്‌സ്‌ക്രിപ്ഷനില്‍ ഉപയോക്താക്കള്‍ക്ക് ഒരു സ്‌ക്രീന്‍ മാത്രമേ തിരഞ്ഞെടുക്കാനാവൂ. 649 ല്‍ രണ്ട് സ്‌ക്രീനും 799 രൂപയില്‍ നാല് സ്‌ക്രീനും തിരഞ്ഞെടുക്കാം. 

Content Highlights: netflix launched new subscription plan worth 199 rupee for indian mobile users