കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കരയിലും കടലിലുമുള്ള അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനായി   ഐഎസ്ആര്‍ഓ രാജ്യത്തിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനമായ നാവിക് എത്തുന്നൂ. 

ഓഖി ചുഴലിക്കാറ്റില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നാവിക് ഗതിനിര്‍ണയ സംവിധാനത്തിന്റെ സേവനം മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് തുടങ്ങും. ഐ.എസ്.ആര്‍.ഒ. ഉപഗ്രഹത്തില്‍ നിന്നും ഇന്‍കോയിസ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വഴിയുള്ള വിവരങ്ങള്‍ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഈ വിവരം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുള്ള മേഖലാ കണ്‍ട്രോള്‍ റൂമുകള്‍ക്കും ലഭ്യമാക്കും. ഇവിടെ നിന്ന് മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം മലയാളത്തില്‍ എത്തും. 

കടലില്‍ 1500 കിലോമീറ്ററോളം ദൂരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കും ഇത് കിട്ടും. നിലവില്‍ 50 കിലോമീറ്റര്‍ അകലെ മാത്രമേ മൊബൈല്‍ ഫോണ്‍ സൗകര്യം ലഭ്യമാകൂ. മത്സ്യലഭ്യതാപ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും മത്സ്യത്തിന്റെ അതതു ദിവസങ്ങളിലെ വിലയറിയുന്നതിനുമുള്ള സംവിധാനവും ഇതിനോടൊപ്പം സജ്ജീകരിക്കും. 

ബോട്ടുകളിലും വള്ളങ്ങളിലും സ്ഥാപിക്കുന്ന നാവിക് ഉപകരണം ഐ.എസ്.ആര്‍.ഒ. ഇതിനായി പ്രത്യേകം വികസിപ്പിച്ചെടുക്കും. ഇതിന്റെ ആദ്യപടിയായി 250 നാവിക് ഉപകരണങ്ങള്‍ ഐ.എസ്.ആര്‍.ഒ. 2018- ജനുവരി 10-നും ബാക്കിയുള്ള 250 എണ്ണം ജനുവരി 31 നും ലഭ്യമാക്കും. സൗജന്യമായാണ് ഐ.എസ്.ആര്‍.ഒ. ഇത്തരം സംവിധാനം സംസ്ഥാന സര്‍ക്കാരിനായി നല്‍കുന്നത്. ബാക്കിയുള്ള ബോട്ടുകളിലും വള്ളങ്ങളിലും നാവിക് ഉപകരണം നല്‍കുന്നതിനുള്ള സംവിധാനം സമയബന്ധിതമായി നടപ്പാക്കും.