ന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സാംവിധാനമായ നാവിക് (NavIC)അധികം വൈകാതെ സ്മാര്‍ട്‌ഫോണുകളിലേക്കുമെത്തും. നാവിക് സംവിധാനം ഫോണില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഷാവോമിയും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. 

ചര്‍ച്ച വിജയകരമായാല്‍ അമേരിക്കന്‍ നിര്‍മിത ഗതിനിര്‍ണയ സംവിധാനമായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം അഥവാ ജിപിഎസിന് പകരം ഐഎസ്ആര്‍ഓ വികസിപ്പിച്ച നാവിക് സേവനം ലഭ്യമാക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളില്‍ ഒന്നായി ഷാവോമി മാറും. 

സ്മാര്‍ട്‌ഫോണ്‍ ചിപ്പുകളില്‍ നാവിക് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതില്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമുമായി ഐഎസ്ആര്‍ഓ ധാരണയിലായിട്ടുണ്ട്. ക്വാല്‍കോം ഇതിനോടകം ചിപ്പ് നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ഈ ചിപ്പ് ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഷാവോമി. അധികം വൈകാതെ നാവിക് ചിപ്പുകള്‍ സ്ഥാപിച്ച ഫോണുകള്‍ ഷാവോമി പുറത്തിറക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൊബൈല്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകള്‍ തീരുമാനിക്കുന്ന അന്താരാഷ്ട്ര സംഘടനയായ തേര്‍ഡ് ജനറേഷന്‍ പാര്‍ട്ടനര്‍ഷിപ്പ് പ്രൊജക്റ്റ് (3ജിപിപി) ഫോണുകളില്‍ നാവിക് ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതോടെയാണ് നാവിക് ചിപ്പ് നിര്‍മാണത്തിനായി ക്വാല്‍കോമുമായി ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചത്. 

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്) ആണ് നാവിക് എന്ന പേരില്‍ അറിയപ്പെടുന്നത്. ജിപിഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് നാവിക്. 

കരയിലും, ആകാശത്തും, കടലിലുമുള്ള ഗതിനിര്‍ണയം, ദുരന്തനിവാരണം, വാഹനങ്ങള്‍ ട്രാക്ക് ചെയ്യല്‍ ഉള്‍പ്പടെ നിരവധി ഗതിനിര്‍ണയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് നാവിക് ഒരുക്കിയിരിക്കുന്നത്. അധികാരികള്‍ക്ക് മാത്രമായുള്ള റെസ്ട്രിക്റ്റഡ് സര്‍വീസും, ഉപയോക്താക്കള്‍ക്കെല്ലാമായി സ്റ്റാന്റേര്‍ഡ് പൊസിഷനിങ് സര്‍വീസും നാവിക് നല്‍കും. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ വഴികളില്‍ കൃത്യതയോടെ വഴികാട്ടാന്‍ നാവികിന് സാധിക്കും. 

Content Highlights: NavIC supported smartphones coming soon Qualcomm making NavIC Chips Xiaomi on discussion