മുംബൈ: മുംബൈയിലെ ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) കമ്പനി വാങ്ങിയ നാല് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകള്‍ മുംബൈയിലെ സബര്‍ബന്‍ സെക്ടറുകളില്‍ സേവനമാരംഭിക്കും. യുവസേന നേതാവ് ആദിത്യ താക്കറെയാണ് ബസുകളുടെ ഉദ്ഘാടനം നടത്തിയത്. 

31 പേര്‍ക്ക് ഇരിക്കാവുന്ന ബസുകള്‍ നിര്‍മിച്ചിരിക്കുന്നത് ഗോള്‍ഡ് സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ആണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. 

ഇലക്ട്രിക് ബസുകള്‍ റോഡിലിറക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. നേരത്തെ ഹിമാചല്‍പ്രദേശിലെ മണാലി- റോത്തക് റൂട്ടില്‍ ഈ ഇലക്ട്രിക് ബസുകളുടെ സേവനം ആരംഭിച്ചിരുന്നു. 

ആറ് ബസുകളാണ് ബെസ്റ്റ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാലെണ്ണം വെള്ളിയാഴ്ച എത്തി. ഒരോ ബസിനും 1.67 കോടി രൂപയാണ് ചിലവ്. എന്തായാലും യാത്രാച്ചെലവ് വലിയ അളവില്‍ കുറയ്ക്കാന്‍ ഈ ബസുകള്‍ക്ക് സാധിക്കും. ഡീസല്‍ വാഹനങ്ങള്‍ക്ക് നിലവില്‍ കിലോമീറ്ററിന് 18 രൂപയും സിഎന്‍ജി വാഹനങ്ങള്‍ക്ക് കീലോമീറ്ററിന് 15 രൂപയുമാണ് ചെലവ് വരുന്നത്. എന്നാല്‍ പുതിയ ഇലക്ട്രിക് ബസുകളില്‍ കിലോമീറ്ററിന് 8 രൂപ മാത്രമേ ചെലവ് വരികയുള്ളൂ.

നാല് ലിഥിയം അയേണ്‍ ബാറ്ററിയാണ് ബസില്‍ ഉപയോഗിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന് പുറമെ ശബ്ദമലിനീകരണം വലിയ അളവില്‍ കുറയ്ക്കാനും ഈ ഇലക്ട്രിക് ബസുകള്‍ക്ക് സാധിക്കും. 

യാത്രക്കാര്‍ക്കായി ആറ് മൊബൈല്‍ ചാര്‍ജര്‍ സ്ലോട്ടുകളും സുരക്ഷാ ക്യാമറകളും റൂട്ട് മാപ്പ് ഡിസ്‌പ്ലേയും എല്ലാം ഈ അത്യാധുനിക ബസുകള്‍ക്കുള്ളിലുണ്ടാവും.