ജോലി പോയത് 1,34,000 പേര്‍ക്ക്‌, തൊഴിലാളികളെ കൂട്ടമായി കയ്യൊഴിഞ്ഞ് വമ്പന്മാര്‍; എന്തിന് ? 


ഷിനോയ് മുകുന്ദന്‍

ചെലവ്‌ കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും കമ്പനികളെല്ലാം ആദ്യം പരിഗണിക്കുന്നത് തൊഴിലാളികളെ ഒഴിവാക്കി ശമ്പള ചിലവുകള്‍ വെട്ടിക്കുറയ്ക്കാനാണ്

IN DEPTH

Representational image: MBI , Source: Gettyimages

ജോലി നഷ്ടം, പിരിച്ചുവിടല്‍ നോട്ടീസ്‌ അതിസങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് സിലിക്കണ്‍ വാലി കടന്നുപോവുന്നത്. ടെക്ക് ഭീമന്മാരായ കമ്പനികള്‍ കൂട്ടത്തോടെ ജീവനക്കാരെ കയ്യൊഴിയാന്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിനാളുകളാണ് തൊഴില്‍ രഹിതരായി മാറിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍, ആമസോണും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെയാണ് ആമസോണും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.

ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവാകാശം ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിലെ പകുതിയലധികം പേരെയും പിരിച്ചുവിട്ടു. ഈ നടപടിയിലൂടെ ഏകദേശം 3700 ല്‍ അധികം പേര്‍ക്ക് ജോലി നഷ്ടമായി. ട്വിറ്ററിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ച മെറ്റയില്‍ ആഗോള തലത്തില്‍ 11,000-ലേറെ പേര്‍ക്കാണ് ജോലി നഷ്ടമായത്. ആമസോണും ഇപ്പോള്‍ കമ്പനിയില്‍ നിന്ന് 10,000-ലേറെ പേരെ പിരിച്ചുവിടാനുള്ള നീക്കമാണ് നടത്തിവരുന്നത്. ഇവരെ കൂടാതെ സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പ് ഉള്‍പ്പടെ ചെറുതും വലുതുമായ എണ്ണൂറിലേറെ കമ്പനികള്‍ പിരിച്ചുവിടല്‍ നടപടികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ലേഓഫ്‌സ്. എഫ്‌വൈഐ (Layoffs.fyi) എന്ന വെബ്‌സൈറ്റ് നല്‍കുന്ന കണക്ക്. ഇതുവരെ 1,34,000 ല്‍ ഏറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇത് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ കൂട്ടപ്പിരിച്ചുവിടല്‍ കേവലം യുഎസിനെ മാത്രം ബാധിക്കുന്നതല്ല പിരിച്ചുവിടവിന്റെ ആഘാതം ആഗോള തലത്തില്‍ പ്രതിഫലിക്കുന്നുണ്ട്.പുതിയ സാഹചര്യം

കഴിഞ്ഞ കുറച്ച മാസങ്ങളായി കമ്പനികള്‍ വരുമാന നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. മെറ്റയും ട്വിറ്ററുമെല്ലാം ഇക്കാര്യം നേരത്തെ തന്നെ പുറത്തുപറഞ്ഞിട്ടുണ്ട്. സാമ്പത്തികമാന്ദ്യം വരാനിരിക്കുന്ന മാസങ്ങളില്‍ കൂടുതല്‍ ആഘാതമുണ്ടാക്കിയേക്കാം എന്ന് കമ്പനികള്‍ കണക്കുകൂട്ടുന്നു. ഇതോടെയാണ് മുന്‍കരുതലെന്നോണം ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കിയത്.

ചിലവ് കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും കമ്പനികളെല്ലാം ആദ്യം പരിഗണിക്കുന്നത് തൊഴിലാളികളെ ഒഴിവാക്കി ശമ്പള ചെലവുകള്‍ വെട്ടിക്കുറയ്ക്കാനാണ്. ഒപ്പം പരസ്യങ്ങള്‍ക്ക് വേണ്ടിയും മാര്‍ക്കറ്റിങിന് വേണ്ടിയുമുള്ള ചിലവുകളും പരിമിതപ്പെടുത്തുന്നു. അപ്രധാനമാണെന്ന് തോന്നുന്ന വിഭാഗങ്ങളെയും ഒഴിവാക്കുന്നു.

യഥാര്‍ത്ഥത്തില്‍ കോവിഡ് കാലത്തെ അടച്ചിടല്‍ കാലത്തുണ്ടായ വളര്‍ച്ചയില്‍ നിന്ന് പതിയ താഴേക്കിറങ്ങുകയാണ് കമ്പനികള്‍. കോവിഡിന് മുമ്പ് എങ്ങനെ ആയിരുന്നോ ആ നിലയിലേക്ക് ആഗോള സമൂഹം തിരിച്ചെത്തിക്കൊണ്ടിരിക്കുമ്പോള്‍ കമ്പനികള്‍ക്കും പഴയ പടിയാകേണ്ടിവരുന്നു. ആളുകള്‍ ഓണ്‍ലൈനില്‍ സമയം ചിലവിടുന്നത് കുറയുകയും ജീവിതം സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കോവിഡ് കാലത്തിന് പിന്നാലെയുള്ള വിപണിയിലെ മാറ്റങ്ങള്‍ ഈ കമ്പനികളുടെയെല്ലാം വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഭദ്രതയ്ക്കാണ് കമ്പനികള്‍ പ്രാമുഖ്യം നല്‍കുന്നത്.

പരസ്യവരുമാനത്തിലെ ഇടിവ്

പല സാങ്കേതികവിദ്യാ സ്ഥാപനങ്ങളുടേയും പ്രധാന വരുമാന സ്രോതസ് ഓണ്‍ലൈന്‍ പരസ്യങ്ങളാണ്. എന്നാല്‍ പരസ്യ വിതരണ മേഖല പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ പരസ്യ വിതരണ രീതികള്‍ ആഗോള തലത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതോടെ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആളുകളുടെ ഓണ്‍ലൈന്‍ ഇടപടെലുകള്‍ പരസ്യ വിതരണത്തിനും മറ്റുമായി നിരന്തരം പിന്തുടരുന്നത് വലിയ വിമര്‍ശനം നേരിടുന്നുണ്ട്. ഇത്തരം ട്രാക്കിങ് സംവിധാനങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിനും തങ്ങളെ കുറിച്ചുള്ള ഡാറ്റ പരസ്യ കമ്പനികള്‍ക്ക് വില്‍ക്കണോ എന്ന് തീരുമാനിക്കാനും ഇന്ന് ഉപഭോക്താക്കള്‍ക്ക് അധികാരമുണ്ട്. ആപ്പിള്‍ പോലുള്ള കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിവിധ രാജ്യങ്ങളും കടുത്ത നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനൊപ്പം സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനികള്‍ പരസ്യപ്രചാരണങ്ങള്‍ക്കുള്ള ചിലവുകള്‍ വെട്ടിക്കുറച്ചതും ടെക്ക് കമ്പനികള്‍ക്ക് തിരിച്ചടിയായി.

ചെലവ് ചുരുക്കുമ്പോള്‍

കമ്പനിയിലെ ആകെ തൊഴിലാളികളില്‍ 50 ശതമാനത്തിലേറെ പേരെ പിരിച്ചുവിട്ട ട്വിറ്റര്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം അവസാനിപ്പിക്കുകയും വര്‍ക്ക് അറ്റ് ഹോം അവസാനിപ്പിച്ച് എല്ലാവരോടും ജോലിക്കെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടൊപ്പം അധിക സമയം ജോലി ചെയ്യണമെന്നും കമ്പനി നിര്‍ദേശിക്കുന്നു. ട്വിറ്ററിലെ പിരിച്ചുവിടലിന് പിന്നില്‍ ചെലവ് ചുരുക്കലിനൊപ്പം തന്നെ ഇലോണ്‍ മസ്‌ക് തന്റെ നേതൃത്വത്തിന് വിധേയരാവാന്‍ തയ്യാറാവുന്നവരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ ഒഴിവാക്കുകയെന്ന താല്‍പര്യം കൂടിയുണ്ട്. കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന പരാഗ് അഗ്രവാള്‍ ഉള്‍പ്പടെയുള്ളവരെയാണ് മസ്‌ക് പുറത്താക്കിയത്. സാമ്പത്തിക മാന്ദ്യത്തിന് പുറമെ ട്വിറ്ററിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പരസ്യ ദാതാക്കള്‍ പിന്‍വാങ്ങിയതും കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പിന്റെ പ്രഖ്യാപനം. ഓഗസ്റ്റിലായിരുന്നു ഈ പ്രഖ്യാപനം. സ്‌നാപ്ചാറ്റിലെ 6400 ജീവനക്കാരാണുണ്ടായിരുന്നത്. ഇതില്‍ കമ്പനിയുടെ കീഴിലുള്ള മറ്റ് ആപ്പുകള്‍, ഗെയിമുകള്‍ ഉള്‍പ്പടെയുള്ള ഉപവിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിട്ടത്.

ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി നേരത്തെ തന്നെ വന്‍കിട കമ്പനികളില്‍ പലരും പുതിയ നിയമനങ്ങള്‍ അവസാനിപ്പിക്കുകയും നിയമന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാനവവിഭവശേഷി വിഭാഗത്തിലെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ആപ്പിളും ഗൂഗിളും ഇന്റലുമെല്ലാം ഇതേ സാഹചര്യത്തിലൂടെയാണ് കടന്ന് പോവുന്നതെങ്കിലും ഒരു കൂട്ടപിരിച്ചുവിടല്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ താമസിയാതെ ഈ കമ്പനികളില്‍ നിന്നും വലിയ രീതിയിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക, സൗജന്യം ഭക്ഷണം, യാത്ര, താമസം പോലുള്ള അധിക ചെലവുകള്‍ കുറയ്ക്കുക തുടങ്ങിയ നടപടികളെല്ലാം ഇതിന്റെ ഭാഗമായുണ്ടാവാം.

ബൈജൂസ്, അണ്‍ അക്കാദമി പോലുള്ള ഇന്ത്യന്‍ കമ്പനികളും ഇതേ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോവുന്നത്. എങ്കിലും ഇന്ത്യൻ‌ കമ്പനികളെയും സ്റ്റാർട്ട് അപ്പുകളേയും ബാധിക്കും വിധമുള്ളൊരു മാന്ദ്യത്തിനുള്ള സാഹചര്യം നിലവിലില്ല. എന്നാൽ ട്വിറ്റർ, മെറ്റ, ആമസോൺ പോലെ വിദേശ കമ്പനികൾ നേരിടുന്ന പ്രതിസന്ധി അതാത് കമ്പനികളുടെ ഇന്ത്യൻ ശാഖകളെയും ബാധിക്കുന്നുണ്ട്. മെറ്റ ഇന്ത്യയിലും ട്വിറ്റർ ഇന്ത്യയിലുമുണ്ടായ പിരിച്ചുവിടലുകളും രാജിയും അതിന്റെ ഫലമാണ്. ഇന്ത്യയെ ഈ സാഹചര്യം ഇതുവരെ ഭീഷണിയിലാക്കിയിട്ടില്ലെങ്കിലും ഈ കമ്പനികളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രശ്നമാണ്.

പിരിച്ചുവിടപ്പെടുന്നവരുടെ അവസ്ഥ

കഴിഞ്ഞ കുറേ ആഴ്ചകളായി വിവിധ കമ്പനികള്‍ പിരിച്ചുവിട്ട ജീവനക്കാരെല്ലാം വളരെ സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരേസമയം ജോലി നഷ്ടപ്പെട്ട ദമ്പതികളും, ജോലിയ്ക്കായി ഇന്ത്യയില്‍ നിന്ന കാനഡയിലെത്തി രണ്ടാം ദിവസം പിരിച്ചുവിടപ്പെട്ട വ്യക്തിയുമെല്ലാം അക്കൂട്ടത്തില്‍ പെടും. കമ്പനികളെല്ലാം ഒരേ സമയം പിരിച്ചുവിടല്‍ നടപടികള്‍ക്കൊരുങ്ങിയതും പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെച്ചതും സാഹചര്യം കൂടുതല്‍ ഗുരുതരമാക്കുകയാണ്.

ആസന്നമായ സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിന് കമ്പനികളെ മെച്ചപ്പെട്ട രീതിയില്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഈ കമ്പനികളെല്ലാം പിരിച്ചുവിടല്‍ നടപടികളിലേക്ക് നീങ്ങിയതെന്നാണ് മനസിലാക്കുന്നതെന്ന് സാംസങിൽ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി ഉദ്യോഗസ്ഥന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

"ജീവനക്കാരെ, പ്രത്യേകിച്ചും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളമുള്ള പ്രധാന പ്രശ്‌നം അവര്‍ക്ക് പുതിയ ജോലി കണ്ടുപിടിക്കാന്‍ 60 ദിവസമേ സമയമുള്ളൂ എന്നതാണ്. ഗ്രീന്‍ കാര്‍ഡോ പെര്‍മെനന്റ് റസിഡന്‍സിയോ ഇല്ലെങ്കില്‍ അത് വലിയ പ്രശ്‌നമാണ്. ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ 10 വര്‍ഷത്തിലേറെയെങ്കിലും കാത്തിരിക്കേണ്ടിവരും. പല കമ്പനികളും നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിമിതമായ തൊഴിലവസരങ്ങള്‍ക്കായി മത്സരിക്കുകയാണ് ആളുകള്‍." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: mass layoffs among big tech companies why this happening

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented