ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ചത് മാല്‍വെയര്‍ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ്. ആരാണ് ഈ മാല്‍വെയര്‍ ടെക്? പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ദനായ 22 കാരനാണ് അക്ഷരാര്‍ത്ഥത്തില്‍ വലിയൊരാക്രമണത്തില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും ലോകത്തെ രക്ഷിച്ചത്. പേര് വെളിപ്പെടുത്തിയില്ലെങ്കിലും യുവാവിന്റെ ചിത്രം 'ഡെയ്‌ലി മെയില്‍' പുറത്തുവിട്ടു.

സ്വയം ആര്‍ജിച്ച സാങ്കേതിക പരിജ്ഞാനമാണ് റാന്‍സംവെയര്‍ ആക്രമണത്തെ ചെറുക്കാന്‍ മാല്‍വെയര്‍ ടെക് ഉപയോഗിച്ചത്. സൈബര്‍ ആക്രമണത്തെ താന്‍ വരുതിയിലാക്കിയെന്ന വിവരം യുവാവ് പുറത്തുവിട്ടതോടെ അദ്ദേഹം സൈബര്‍ ലോകത്തെ താരമായി മാറി. 

malware tech tweet

സൈബര്‍ ആക്രമണം ചെറുക്കാന്‍ തനിക്ക് സാധിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണെന്ന് അദ്ദേഹം പറയുന്നു. ഒഴിവുദിനത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സൈബര്‍ ആക്രമണത്തിനുപയോഗിച്ച പ്രോഗ്രാമിന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞത്. അതോടെ പ്രോഗ്രാമിന്റെ നിയന്ത്രണം അദ്ദേഹം കൈക്കലാക്കുകയായിരുന്നു.

കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ ഈ യുവാവിന് ഔദ്യോഗിക ബിരുദങ്ങളൊന്നുമില്ല. സ്വയം പഠിച്ചെടുത്തതാണ് എല്ലാം. ഔദ്യോഗിക വിദ്യാഭ്യാസത്തിന് ശ്രമിച്ചിരുന്നെങ്കിലും ഒരു വര്‍ഷം മുമ്പ് ലോസ് ആഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സൈബര്‍സുരക്ഷാ സ്ഥാപനത്തില്‍ ജോലി ലഭിച്ചതോടെ പഠനത്തിന് ശ്രമിച്ചില്ല. കുറ്റവാളികളും ഹാക്കര്‍മാരും പുറത്തുവിടുന്ന പുതിയ മാല്‍വെയറുകളെ കണ്ടെത്തുന്ന ജോലിയാണ് മാല്‍വേയര്‍ ടെകിന്റേത്. വീട്ടിലിരുന്ന് തന്നെയാണ് ഇത് ചെയ്യുന്നതും.

സൈബര്‍ ആക്രമണം താന്‍ ചെറുത്തതെങ്ങനെയെന്നും മാല്‍വേയര്‍ ടെക് വിശദീകരിച്ചു. വാനാക്രൈ എന്ന റാന്‍സംവെയര്‍ ചെക്ക് ചെയ്തിട്ടുള്ള യു.ആര്‍.എല്‍. പരിശോധിച്ചപ്പോള്‍ അത് ചെയ്തിട്ടുള്ള ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാത്തതാണെന്ന് കണ്ടു. ഇത് കണ്ടുപിടിച്ച മാല്‍വേയര്‍ ടെക് 8.30 യുറോ (584 രൂപ) നല്‍കി ഈ ഡൊമൈന്‍ കൈക്കലാക്കി. സൈബര്‍ ആക്രമണങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന രീതി മാത്രമാണിതെന്നും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന് മാല്‍വെയര്‍ വ്യാപനം തടയാന്‍ സാധിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് പറയുന്നു. എന്നാല്‍ രജിസ്ട്രേഷന്‍ നടന്നതോടെ മാല്‍വെയറിന്റെ വ്യാപനം തടസപ്പെടുകയായിരുന്നു.

malware tech tweet 2

സൈബര്‍ ആക്രമണം നടത്തിയ ക്രിമിനലുകള്‍ക്ക് സംഭവിച്ച ഒരു നോട്ടപിശകാണ് തനിക്ക് മുതലെടുക്കാന്‍ സാധിച്ചതെന്ന് മാല്‍വേയര്‍ ടെക് പറയുന്നു. ആ പിശക് തിരുത്തി വീണ്ടും ഒരാക്രമണത്തിന് ശ്രമിക്കാന്‍ ക്രമിനലുകള്‍ക്ക് സാധിക്കുമെന്ന് അയാള്‍ മുന്നറിയിപ്പ് നല്‍കുന്നു

ഇന്ത്യയടക്കം 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്.  കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിനുപയോഗിച്ചത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102 കംപ്യൂട്ടറുകളില്‍ ആക്രമണമുണ്ടായി. 

സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം ആക്രമണമുണ്ടായത്. ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിച്ചത്. വെള്ളിയാഴ്ചയാണ് 'വാനാക്രൈ' എന്ന റാന്‍സംവേറിന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാരംഗത്തെ കമ്പനിയായ അവാസ്റ്റ് പറഞ്ഞു. മണിക്കൂറുകള്‍ക്കകം ലോകമാകെ 75,000 സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തി.