കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തെ പഴിക്കാന്‍ പറ്റില്ലെന്ന് ഗവേഷകര്‍. എന്നാല്‍ കുട്ടികളുടെ ഉറക്കത്തെയും വ്യായാമത്തേയും ബാധിക്കുന്നതോ അവര്‍ സൈബര്‍ ബുള്ളിയിങ്ങിന് (പ്രായപൂര്‍ത്തിയാകാത്ത വ്യക്തികളെ ഇന്റര്‍നെറ്റിലൂടെ ഭീഷണിപ്പെടുത്തുകയോ കളിയാക്കുകയോചെയ്യുന്നത്) ഇരയാകുന്നതോ ആണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ റസല്‍ വൈനര്‍ പറയുന്നു.
നിങ്ങളുടെ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പേടിക്കേണ്ടതില്ല. എന്നാല്‍ അവര്‍ എന്താണ് നോക്കുന്നത്, എന്ത് ഉള്ളടക്കമാണ് കാണുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ആശങ്കവേണം. അവരുടെ ഉറക്കം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും ആശങ്കപ്പെടണം. വൈനര്‍ പറഞ്ഞു.
പഠനത്തിനായി 2013 ല്‍ 13 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള 12,666 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 2014 ല്‍ 11,000 പേരില്‍ നിന്നും 2015 ല്‍ 10,000 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സോഷ്യല്‍ മീഡിയാ ഉപയോഗം, ഉറക്കം, വ്യായാമം,സൈബര്‍ ബുള്ളിയിങ് എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ഇവരോട് ചോദിച്ചത്. ഇംഗ്ലണ്ടിലെ യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് വൈനറുടെ നേതൃത്വത്തിലുള്ള സംഘം ഇങ്ങനെ ഒരു നിരീക്ഷണത്തിലെത്തുന്നത്.
സോഷ്യല്‍ മീഡിയ ഉപയോഗിച്ച ഒരു വിഭാഗം പെണ്‍കുട്ടികള്‍ക്കിടയില്‍ സന്തോഷമില്ലായ്മയും ജീവിതത്തോടുള്ള മടുപ്പും സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവരേക്കാള്‍ ആശങ്കയും ഉള്ളവരാണെന്ന് ഇവര്‍ കണ്ടെത്തി.
എന്നാല്‍ ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയെ മാത്രം കുറ്റം പറയരുതെന്ന് വൈനര്‍ പറഞ്ഞു. ഇവര്‍ക്കിടയിലെ ഉറക്കം, വ്യായാമം, സൈബര്‍ ബുള്ളിയിങ് പോലുള്ള മറ്റ് പ്രശ്നങ്ങള്‍കൂടി കണക്കാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗം ഇവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു കാരണമല്ലാതായി മാറി.
അതായത് കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഒരു പ്രശ്നമായി മാറുന്നത് അവര്‍ക്കിടയില്‍ ഉറക്കവും വ്യായാമവും ഇല്ലാതാവുമ്പോഴാണ്. എന്നും വൈനര്‍ പറയുന്നു.
എന്നാല്‍ ആണ്കുട്ടികള്ക്കിടയില് ഇതില്‍ നിന്നും വ്യത്യാസമുണ്ട്. സോഷ്യല്‍ മീഡിയാ ഉപയോഗം ആണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നില്ല. പെൺകുട്ടികളെ പോലെ വ്യായാമമില്ലായ്മയും ഉറക്കവും സൈബര്‍ ബുള്ളിയിങുമാണ് ആണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കില്ലെന്നും വൈനര്‍ പറഞ്ഞു.
കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിയന്ത്രിക്കുന്നതിനേക്കാള്‍ അവരില്‍ ഉറക്കവും വ്യായാമവും പ്രോത്സാഹിപ്പിക്കുകയും അവര്‍ ഓണ്‍ലൈനില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുകയുമാണ് മാതാപിതാക്കള്‍ ചെയ്യേണ്ടതെന്ന് വൈനറും സംഘവും നിര്‍ദേശിക്കുന്നു.
Source: NewsScientist
Content Highlights: Lack of sleep and exercise are more pernicious for teen girls than oscial media