ഗെയിമര്‍മാരായ ഭക്ഷണപ്രിയര്‍ക്ക് വേണ്ടി പ്രത്യേക ഗെയിം കണ്‍സോള്‍ അവതരിപ്പിച്ച് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സി. കെഎഫ്‌സി കണ്‍സോള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന ഈ ഉപകരണത്തില്‍ ഫ്രൈഡ് ചിക്കന്‍ ചൂടോടെ നിലനിര്‍ത്താനാവും.
ജൂണില്‍ പ്ലേ സ്റ്റേഷന്‍ 5 അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ കെഎഫ്‌സി പുതിയ ഗെയിം കണ്‍സോളിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഈ ഉപകരണത്തില്‍ ഒരു ചിക്കന്‍ ചേമ്പര്‍ ഉണ്ടെന്നും റെഡ് ഹോട്ട് ഗ്രില്‍ ഉണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ആ വിഡിയോ.
ഇതൊരു തമാശയാണെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണെന്ന് താമസിയാതെ വ്യക്തമായി.
ഇന്റലിന്റെ പിന്തുണയോടെയുള്ള ഗെയിം കണ്‍സോള്‍ ആണിത്. ഫ്രൈഡ് ചിക്കന്‍ ചൂടോടെ നിര്‍ത്താനുള്ള സൗകര്യവും ഇതിലുണ്ട്. ഇന്റല്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മാര്‍ക്ക് വാള്‍ട്ടന്‍ പറഞ്ഞു.
240 എഫ്പിഎസില്‍ സുഗമമായ ഗെയിം പ്ലേ സാധ്യമാണ് ഈ കണ്‍സോളിലെന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കമ്പനിയായ കൂളര്‍ മാസ്റ്റര്‍ പറയുന്നു. 240 ഹെര്‍ട്‌സ് ഔട്ട്പുട്ടും 4കെ ഡിസ്‌പ്ലേയും ഇത് പിന്തുണയ്ക്കും. ഒപ്പം എല്ലാ ഗെയിമുകളും കളിക്കാം.
ഓരോ റൗണ്ടിനിടയിലും നിങ്ങളുടെ ചിക്കന്‍ ചൂടോടെ നിലനിര്‍ത്തിക്കൊണ്ടുതന്നെ നിങ്ങള്‍ക്ക് ഗെയിം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കെഎഫ്‌സിപറയുന്നു.
Content Highlights: kfc game console with chicken warmer chamber