ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഐഫോണിലെയും ഐപാഡിലെയും സുരക്ഷാവീഴ്ച കണ്ടെത്തി മലയാളി ഗവേഷകന്‍. ഹേമന്ത് ജോസഫ് എന്ന സെക്യൂരിറ്റി ഗവേഷകനാണ് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 10.1 ( iOS 10.1 ) പതിപ്പില്‍ സുരക്ഷാപിഴവുള്ളതായി കണ്ടെത്തിയത്.

ആപ്പിള്‍ ഐഫോണിലെയും ഐപാഡിലെയും സുരക്ഷാ ക്രമീകരണം തകര്‍ക്കുക അസാധ്യമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ആപ്പിളിന്റെ ആക്ടിവേഷന്‍ ലോക്കിലുള്ള പിഴവ് കണ്ടെത്തുകയാണ് ഹേമന്ത് ചെയ്തത്.

ഐപാഡില്‍ വൈഫൈ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുന്നതിനായുള്ള പാസ്സ്‌വേഡ് നല്‍കേണ്ടിടത്ത് എത്ര വേണമെങ്കിലും അക്ഷരങ്ങളോ ചിഹ്നങ്ങളോ നല്‍കാനാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ പിഴവ് ഹേമന്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇപ്രകാരം ആയിരക്കണക്കിന് ക്യാരക്ടറുകള്‍ അവിടെ നല്‍കുന്നതോടെ ഓപ്പറേറ്റിങ് സിസ്റ്റം ഹാങ് ആകുകയും ഐപ്പാഡ് നിശ്ചലമാകുകയും ചെയ്യും. 

ആപ്പിളിന്റെ മാഗ്നറ്റിക് സ്മാര്‍ട്ട് കവര്‍ സ്‌ക്രീനിന് മുകളിലടച്ച് ഐപാഡ് ലോക് ചെയ്ത ശേഷം, കവര്‍ തുറക്കുമ്പോള്‍ സ്‌ക്രീന്‍ ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ നിന്ന ശേഷം ഐഒഎസ് ഹോംസ്‌ക്രീനിലേക്ക് മാറുന്നു. 

ഐപാഡിന്റെ ശക്തമായതെന്ന് കരുതിയ ആക്ടിവേഷന്‍ ലോക്ക് മറികടന്ന് ഉപകരണത്തിലേക്ക് പൂര്‍ണമായി പ്രവേശനം നേടാന്‍ ഹേമന്തിനെ ഇത് സഹായിച്ചു.

ഹേമന്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഏറ്റവും ഒടുവിലത്തെ ഐഒഎസ് അപ്ഡേഷനില്‍ ആപ്പിള്‍ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

ഇപ്പോള്‍ സ്ലാഷ് സെക്വര്‍ എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി റിസര്‍ച്ചറായി ജോലിചെയ്യുകയാണ് ഹേമന്ത് ജോസഫ്. ഒപ്പം, കേരളാ പോലീസിന്റെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടും ഹേമന്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ സുരക്ഷാ കമ്യൂണിറ്റിയായ 0SecCon ന്റെ സ്ഥാപകനുമാണ് ഹേമന്ത്.  മുന്‍പ്, ഗൂഗിള്‍ ക്ലൗഡിന്റെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയതിന് ഗൂഗിളിന്റെ വക 7,500 ഡോളറിന്റെ സമ്മാനം ഹേമന്തിന് ലഭിച്ചിട്ടുണ്ട്.