Representational Image | Photo: Image by Freepik
കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വർക്ക് (കെ-ഫോണ്‍) ജൂണ്‍ അഞ്ചിന് തുടക്കമിടുകയാണ്. വിവര വിനിമയ രംഗത്ത് രാജ്യം അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുന്നതിനിടെയാണ് സംസ്ഥാനത്തുടനീളം എല്ലാ ജനവിഭാഗങ്ങളിലേക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സ്വകാര്യ കമ്പനികളുടെ ധാരാളിത്തമുള്ള ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സേവന രംഗത്തേക്കാണ് കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്നൊരു സ്ഥാപനം രംഗപ്രവേശം ചെയ്യുന്നത്.
2020 ല്‍ തുടക്കമിട്ട കോവിഡ് കാല പ്രതിസന്ധികള്‍ക്കിടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും മൊബൈല്‍ ഫോണുകളും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഇല്ലാതെ വലിയൊരു വിഭാഗം ജനങ്ങള്‍ വിഷമസ്ഥിതിയിലാവുകയുണ്ടായി. വര്‍ക്ക് അറ്റ് ഹോം ജോലികളും ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമെല്ലാം സജീവമായി. ഇന്റര്‍നെറ്റിന്റെ പ്രധാന്യം എത്രത്തോളമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആ അവസരത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ ഭരണകൂടം കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്.
എന്താണ് കെ ഫോണ്‍ ?
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വർക്ക് എന്നാണ് കെഫോണിന്റെ പൂര്‍ണ രൂപം. കെഎസ്ഇബിയും (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്) കെഎസ്ഐടിഐഎലും (കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് 2022 ജൂലായിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് ലഭിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ലഭിച്ചു.

ഒരു സേവന ദാതാവല്ല കെ ഫോണ്‍ ന്നെും മറിച്ച് വെണ്ടര്‍ ന്യൂട്രല്‍ ഫൈബര്‍ നെറ്റ്വർക്ക് ആണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. വിവിധ സേവന ദാതാക്കള്‍ക്ക് ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനായി കെ ഫോണ്‍ ഫൈബര്‍ നെറ്റ്വർക്ക് പ്രയോജനപ്പെടുത്താനാവും. സ്വകാര്യ സേവന ദാതാക്കള്‍ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം എത്തിപ്പെടുന്ന ബൃഹത്തായ നെറ്റ്വർക്കാണ് കെഫോണ്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം വിന്യസിക്കുന്ന കെ ഫോണിന്റെ ഡാര്‍ക്ക് ഫൈബര്‍ സേവനദാതാക്കള്‍ക്ക് പാട്ടത്തിന് നല്‍കും. ഈ ഫൈബര്‍ നെറ്റ്വർക്കിന്റെ സഹായത്തോടെ സേവനദാതാക്കള്‍ക്ക് അവരുടെ 4ജി/5ജി കണക്റ്റിവിറ്റി വിപുലപ്പെടുത്തുകയും ചെയ്യാം. കെ ഫോണിന്റെ വരുമാന മാര്‍ഗങ്ങളിലൊന്ന് കൂടിയാണിത്.
.jpg?$p=3c0c101&&q=0.8)
വിപുലമായ കെഫോണ്‍ നെറ്റ്വർക്ക്
2600 കിമീ ദൂരമുള്ള കെ ഫോണ്‍ പദ്ധതിയുടെ പ്രധാനപ്പെട്ട ഒപിജിഡബ്ല്യൂ (OPGW) കേബിളിന്റെ ജോലികള്‍ 2519 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. 22876 കിമീ ദൂരമൂള്ള എഡിഎസ്എസ് കേബിള്‍ 19118 കിമീയും പൂര്‍ത്തിയായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് കെഫോണിന്റെ സെന്റര്‍ ഹബ്ബായ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്റര്‍. ഇവിടെ നിന്ന് 376 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലുള്ള പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ വഴി കേരളത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇതില്‍ 373 പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ സജ്ജമായിട്ടുണ്ട്. മറ്റുള്ളവ താമസിയാതെ തയ്യാറാവും. നെറ്റവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റ്വര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റ്വർക്കിലേക്കും അവിടെ നിന്ന് 81 സ്പര് കേബിള്‍ കണക്ഷന് കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റ്വര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്
ആര്‍ക്കെല്ലാം പ്രയോജനം ലഭിക്കും ?
കേരളത്തിലെ എല്ലാ കുടുംബങ്ങളിലേക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം അതിന് സാമ്പത്തികമോ ഭൂമിശാസ്ത്രപരമോ ആയ അതിര്‍വരമ്പുകളൊന്നും തടസമാകില്ല. സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ 75 ലക്ഷം കുടുംബങ്ങളിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ ഇന്റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ ഉപയോഗപ്പെടുത്താനാവും. ഇതോടൊപ്പം സ്കൂളുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി 30,000 ത്തോളം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തുമെന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 സൗജന്യ വൈഫൈ സ്പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്വർക്കും കെഫോണ്‍ സജ്ജമാക്കുന്നുണ്ട്. ഏകദേശം 14,000 റേഷന്‍ കടകള്‍, 2,000-ലധികം സപ്ലൈകോ ഔട്ട്ലെറ്റുകള്, കേരള ബാങ്ക് പോലുള്ള മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തില്‍ കണക്ഷന് നല്‍കും.

കണക്ഷന് ലഭിക്കുന്നതെങ്ങനെ?
ഓരോ നിയമസഭ മണ്ഡലത്തിലും 100 വീതം കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന് നല്‍കുക. സ്ഥലം എംഎല്‍എ നിര്‍ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍ നിന്നോ മുന്‍ഗണനാടിസ്ഥാനത്തിലാകും ഈ കുടുംബങ്ങളെ തെരഞ്ഞെടുക്കുക. കെ ഫോണ്‍ കണക്ടിവിറ്റി ഉള്ളതും, പട്ടികവര്‍ഗ-പട്ടികജാതി ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് ഇതിനായി പരിഗണിക്കും.
മാര്‍ഗനിര്‍ദേശങ്ങള്‍
മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ BPL വിഭാഗത്തില്‍പ്പെട്ടതും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്ളതുമായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് ആദ്യം പരിഗണന നല്‍കുക.
- ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്കൂള്‍ വിദ്യാര്‍ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും.
- ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, കോളേജ് വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ-പട്ടികജാതി കുടുംബങ്ങള്‍ക്കാണ് പിന്നീടുള്ള പരിഗണന.
- ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്കൂള്‍ വിദ്യാര്‍ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ കുടുംബങ്ങള്‍ക്ക് പിന്നീട് പരിഗണന നല്‍കും.
- ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും.
ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിച്ച് പിന്‍കോഡ് അടിസ്ഥാനത്തില്‍ ലോക്കല്‍ നെറ്റ്വർക്ക് പ്രൊവൈഡര്‍മാരെ കണക്ഷന് നല്കാന് ചുമതലപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിവരം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ എഫ്.എ.ക്യു സെക്ഷനും നിരക്കുകള്‍ മനസിലാക്കാന്‍ താരിഫ് സെക്ഷനും ആപ്പിലുണ്ടാവും.
സാധ്യതകള്‍, ആശങ്കകള്‍, വെല്ലുവിളികള്‍
വിവര വിനിമയ സാങ്കേതിക വിദ്യാ രംഗത്ത് ആഗോള തലത്തില്‍ അതിവേഗം മുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണിത്. രാജ്യവ്യാപകമായി ഫൈബര്‍ നെറ്റ്വർക്ക് വ്യാപിപ്പിക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതികളിലൊന്നാണ്. രാജ്യം 5ജിയിലേക്ക് കടന്നിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിന്റെ വേഗം ഇപ്പോള്‍ മൊബൈല്‍ ഫോണുകളിലും ലഭിച്ചു തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് കേരള സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിയുമായി എത്തുന്നത്. സ്വകാര്യ കമ്പനികളുടെ കുത്തകയെ ശക്തമായി വെല്ലുവിളിക്കാൻ ഉതകംവിധമുള്ളൊരു പദ്ധതി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലില്‍ ഗ്രാമങ്ങളിലേക്ക് ഇന്റര്‍നെറ്റ് എത്തുന്നു. കേരളത്തിലുടനീളം ഇന്റര്‍നെറ്റ് അധിഷ്ടിത ജീവിതം ശക്തിയാര്‍ജ്ജിക്കുന്നതിന് ഇത്തരം ഒരു പദ്ധതി പിന്തുണ നല്കുമെന്നതില് യാതൊരു വിധ സംശയവും വേണ്ട. നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ നൂതന സംരംഭങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഇതുവഴി അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികളുടെ സ്വതസിദ്ധമായ മെല്ലെപ്പോക്ക് നയവും പ്രൊഫഷണലിസമില്ലായ്മയും കെ ഫോണില്‍ ആവര്‍ത്തിച്ചാല്‍ അത് വലിയ വെല്ലുവിളിയാവും.
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്‍ പിന്നാക്കം നില്ക്കുന്ന സംസ്ഥാനമൊന്നുമല്ല കേരളം. സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളിലൂടെ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ അത്ര പിന്നിലുമല്ല. പറഞ്ഞുവരുന്നത് അത്രയേറെ മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ നെറ്റ്വർക്ക് കേരളത്തില്‍ വേരൂന്നിക്കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ചെല്ലാന്‍ മടിക്കാണിക്കുന്നതും സേവനമെത്തിക്കാന്‍ പ്രയാസപ്പെടുന്നതുമായ ചില മേഖലകളില്‍ മാത്രമാണ് അതിവേഗ ഇന്റര്‍നെറ്റിനും മൊബൈല്‍ കണക്റ്റിവിറ്റിക്കും പ്രയാസം നേരിടുന്നത്.
സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് കെട്ടിലും മട്ടിലും പ്രവൃത്തിയിലും മത്സരിക്കാന്‍ തയ്യാറെടുക്കാതെ ഈ രംഗത്ത് പിടിച്ചുനില്‍ക്കുക പ്രയാസമാണ്. വിഭാവനം ചെയ്ത വരുമാന മാര്‍ഗങ്ങള്‍ ഫലവത്തായില്ലെങ്കില്‍ അത് വലിയ തിരിച്ചടിയായി മാറുകയും ചെയ്യും. ഇനിയും 4ജിയിലേക്ക് മാറിയിട്ടില്ലാത്ത ബിഎസ്എന്‍എല്‍ അതിന് വലിയൊരു ഉദാഹരണമാണ്. കെ ഫോണിന് ഇതിനകം തന്നെ അത്തരം ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
കെ ഫോണ്‍ ഇന്റര്‍നെറ്റിലേക്ക് മാറണമെന്ന നിര്‍ദേശത്തില്‍ ബിഎസ്എന്‍എല്‍ കണക്ഷന് കട്ട് ചെയ്ത സ്കൂളുകള്‍ പ്രയാസം നേരിട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഇന്റര്‍നെറ്റ് കട്ട് ചെയ്തയിടങ്ങളില്‍ കെഫോണ്‍ കണക്റ്റിവിറ്റി എത്തുന്നത് വൈകിയതും ലഭിച്ചയിടങ്ങളില്‍ മതിയായ വേഗമില്ലാത്തതും സ്കൂളുകളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കി. ഏപ്രില്‍ ഒന്ന് മുതല്‍ കണക്ഷന് ലഭിക്കുമെന്ന വാഗ്ദാനത്തില്‍ മാര്‍ച്ച് 31 നാണ് സ്കൂളുകള്‍ പഴയ കണക്ഷന് കട്ടാക്കിയത്. മെയ് അവസാനത്തോടെ തൊട്ട് പല സ്കൂളുകളിലും കണക്ഷന് എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടുതുടങ്ങി. പല സ്കൂളുകളും സ്വന്തം ചിലവില്‍ പഴയ കണക്ഷന് പുനസ്ഥാപിക്കുന്ന സ്ഥിതി വന്നു. കസ്റ്റമര്‍ കെയര്‍ സംവിധാനം മോശമാണെന്ന പരാതിയും ഉയരുന്നുണ്ട്. തകരാറുകള്‍ പരിഹരിക്കാനുള്ള ഫീല്‍ഡ് സ്റ്റാഫുകളും തയ്യാറായിട്ടില്ലെന്നും തൃശൂരില്‍ നിന്നുള്ള മാതൃഭൂമി വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ കമ്പനികളോടൊപ്പം നില്ക്കുന്ന പ്രൊഫഷണിലിസം ഇല്ലെങ്കില്‍ കെ ഫോണിന്റെ വരുമാന സ്രോതസ്സാകാവുന്ന ഉപഭോക്താക്കള്‍ മുഖം തിരിക്കുന്ന സ്ഥിതിയുണ്ടാവും
Top Image Credit: Freepik
Content Highlights: k fon broadband network by kerala government
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..