കേരളത്തിലുള്ളവര്‍ക്ക് പൊതുവില്‍ മറ്റു നാട്ടുകാര്‍ ഉണ്ടാക്കിത്തരുന്നത് തിന്നാനും കുടിക്കാനും ഉപയോഗിക്കാനും മാത്രമേ അറിയൂ... സ്വന്തമായി ഒന്നും സൃഷ്ടിക്കാനറിയില്ല. അത് ജനപ്രിയ ആപ്പുകളുടെ കാര്യത്തിലായാലും അങ്ങനെതന്നെ എന്ന് വിലപിക്കുന്നവരുണ്ട്. ഹേയ്, അത് ശരിയല്ല, എന്നെ നോക്കൂ... എന്നു പറഞ്ഞ് അവരെ തിരുത്തുന്ന, ആശ്വസിപ്പിക്കുന്ന ഒരു പയ്യനുണ്ട് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ - ജോബോയ്.

പേര് സൂചിപ്പിക്കുന്നതുപോലെ എല്ലാ കുണ്ടാമണ്ടി ജോലികളും സ്മാര്‍ട്ടായി ചെയ്തുതരുന്ന ഒരു ചെറുപ്പം പയ്യന്‍. 'വീടുകളിലും ഓഫീസുകളിലും വന്ന് ചെയ്തുതരുന്ന പ്ലംബിങ്, ഇലക്ട്രിക്കല്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ റിപ്പയര്‍-മെയിന്റനന്‍സ് ജോലികള്‍, ഹെല്‍ത്ത് സര്‍വീസസ്, ക്ലീനിങ്, പാക്കിങ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, പിക്കപ്പ് ആന്‍ഡ് ഡെലിവറി, ഗിഫ്റ്റുകള്‍, കേക്കുകള്‍, പൂക്കള്‍ എന്നിവയുടെ ഡെലിവറി, ബ്യൂട്ടി സര്‍വീസസ്, ടാക്‌സി തുടങ്ങി ഏഴ് വിഭാഗങ്ങളിലായി 70 സര്‍വീസുകളാണ് ബോയ് ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം, തിരുവല്ല, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ സേവനമാരംഭിച്ച ഈ ആപ്പിന്റെ സേവനം നിലവില്‍ 50,000 പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മൊത്തം 2500-ലേറെ ആളുകളും സ്ഥാപനങ്ങളും ഇത്തരം സേവനങ്ങള്‍ നല്‍കാനായും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ യൂബര്‍, ഒലെ എന്നിവയുടെ മാതൃകയിലാണ് ഞങ്ങളുടെ സേവനം. ആപ്പ് തുറന്ന് ആവശ്യമുള്ള സേവനങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ചുറ്റുവട്ടത്ത് ആ സേവനം തരുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരെ കാണിച്ചുതരുന്നു. അവരുടെ ഐക്കണുകളില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് സേവനം ആവശ്യപ്പെടാം.' ലളിതമായി ഇത്തരം 70 സേവനങ്ങള്‍ സമന്വയിപ്പിച്ച് മൊബൈല്‍ഫോണ്‍ വഴി വീട്ടുവാതില്‍ക്കലെത്തിക്കുന്ന ജോബോയുടെ സ്രഷ്ടാക്കളായ കൊച്ചിയിലെ സെര്‍വില്‍ ടെക്നോളജീസ് ഡയറക്ടര്‍ ജീവന്‍ വര്‍ഗീസ് പറയുന്നു.

'കൊച്ചിയില്‍ 30,000 കസ്റ്റമേഴ്സും വിവിധ വിഭാഗങ്ങളിലായി 1200 സേവനദാതാക്കളുമുള്ള ജോബോയ് ഹോംഗ്രൗണ്ടിലെ വിജയത്തെത്തുടര്‍ന്നാണ് മറ്റ് നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. എട്ടിടങ്ങളില്‍ സുസ്ഥാപിതമായതിനെത്തുടര്‍ന്ന് ഇന്ത്യയിലും പുറത്തും വന്‍ വികസന പരിപാടികള്‍ക്കാണ് ബ്രാന്‍ഡ് തുടക്കമിടുന്നത്. ഇതനുസരിച്ച് ഉടന്‍തന്നെ നാലിടങ്ങളില്‍ക്കൂടി - മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ഷാര്‍ജ എന്നിവിടങ്ങളില്‍ സേവനങ്ങളെത്തിക്കാനാണ് തയ്യാറെടുക്കുന്നത്' -മറ്റൊരു ഡയറക്ടറായ ജീസ് കാരിയില്‍ വിശദീകരിക്കുന്നു.

കാലതാമസം കൂടാതെ സേവനം നല്‍കുക, ഗുണനിലവാരം ഉറപ്പുവരുത്തുക, പരമാവധി കുറഞ്ഞ ചാര്‍ജ് ഈടാക്കുക എന്നിവയിലാണ് ജോബോയ് ഊന്നല്‍ നല്‍കുന്നത്. പണം ആപ്പ് വഴിയോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ ജോബോയ്ക്കാണ് നല്‍കേണ്ടത്. ജോബോയാണ് പിന്നീട് അത് സേവനദാതാവിന് നല്‍കുന്നത് എന്നതിനാല്‍ ഇക്കാര്യത്തിലെ സുതാര്യത ഉറപ്പാക്കുന്നു.

കസ്റ്റമേഴ്സിന് സേവനങ്ങളും മറുവശത്തുള്ള വിവിധ സേവനങ്ങള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബിസിനസും നല്‍കുന്നതിലൂടെ ആകര്‍ഷകമായ വളര്‍ച്ചാമോഡലാണ് ജോബോയ് മുന്നോട്ടുവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ പൊതുവില്‍ ബിസിനസ് മുരടിപ്പിനെപ്പറ്റിയാണ് ആളുകള്‍ പറയുന്നതെങ്കിലും 48 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിക്കുന്ന വിഭാഗത്തിലാണ് ജോബോയുടെ കുതിപ്പ്.

തത്സമയ ലൊക്കേഷന്‍ കാണിച്ചുതരുന്നതിലൂടെ ആഗോള നിലവാരത്തിലുള്ള സേവനം ആദ്യഘട്ടത്തില്‍ത്തന്നെ എത്തിച്ച ദേശി ബ്രാന്‍ഡ് എന്ന മികവും ജോബോയ് സ്വന്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് യു.കെ.യില്‍ നടന്ന 'ക്രോയ്ഡോണ്‍' ബിസിനസ് അവാര്‍ഡ്സ് 2018-ലെ ബെസ്റ്റ് ന്യൂ സ്റ്റാര്‍ട്ട്അപ്പ് കാറ്റഗറിയില്‍ ജോബോയ് ഫൈനലിസ്റ്റായത്. 2018-ല്‍ ഡല്‍ഹിയില്‍ നടന്ന സൂപ്പര്‍ സ്റ്റാര്‍ട്ടപ്പ്സ് മത്സരത്തിലെ വിജയിയായും ജോബോയ് തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights : Home services app Joboy to expand their service