ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് മുതല്‍ കൂട്ടായി മറ്റൊരു ഉപഗ്രഹം കൂടി ബഹിരാകാശത്തേക്ക്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന് വേണ്ടി (ഡിആര്‍ഡിഓ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. 

മാര്‍ച്ചിലാണ് വിക്ഷേപണം നടക്കുകയെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. എന്നാല്‍ കൃത്യമായ തീയ്യതി അദ്ദേഹം വെളിപ്പെടുത്തിയില്ല. എമിസാറ്റിനൊപ്പം 28 ഉപഗ്രഹങ്ങള്‍ കൂടിയുണ്ടാവും. പിഎസ്എല്‍വിയുടെ പുതിയ പതിപ്പാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുക. 

നാല് റോക്കറ്റ് ബൂസ്റ്ററുകളുള്ള പിഎസ്എല്‍വി റോക്കറ്റാണ് ഇത്തവണ ഉപയോഗിക്കുക. ആദ്യമായി മൂന്ന് വ്യത്യസ്ത ഉയരങ്ങളില്‍ റോക്കറ്റ് ഭ്രമണം ചെയ്യിപ്പിക്കുമെന്നും കെ ശിവന്‍ പറഞ്ഞു.

റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡിആര്‍ഡിഓയുടെ എമിസാറ്റ് തന്നെയാണ്. 420 കിലോഗ്രാം ഭാരമാണ് ഈ ഉപഗ്രഹത്തിനുള്ളത്. പ്രതിരോധ സേനകള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായാണ് ഈ ഉപഗ്രത്തിന്റെ വിക്ഷേപണം. 

എമിസാറ്റിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഡിആര്‍ഡിഓയ്ക്ക് വേണ്ടി കൂടുതല്‍ ഉപഗ്രഹവിക്ഷേപണങ്ങള്‍ ഈ വര്‍ഷം നടക്കുമെന്ന് ഐഎസ്ആര്‍ഓ മേധാവി വ്യക്തമാക്കി. ജൂലായ് ഓഗസ്റ്റ് മാസങ്ങളില്‍ രണ്ട് ഉപഗ്രങ്ങള്‍ കൂടി വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഐഎസ്ആര്‍ഓയുടെ ഏറ്റവും പുതിയ സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) റോക്കറ്റ് ഉപയോഗിച്ചാവും ഈ റോക്കറ്റുകളുടെ വിക്ഷേപണം. ജനുവരിയില്‍ ഡിആര്‍ഡിഓയ്ക്ക് വേണ്ടി മൈക്രോസാറ്റ് ആര്‍ എന്ന ഉപഗ്രഹം ഐഎസ്ആര്‍ഓ വിക്ഷേപിച്ചിരുന്നു.

763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേപിച്ചതിന് ശേഷം പിഎസ്എല്‍വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ത്തും. ഇവിടെയാണ് ബാക്കിയുള്ള 28 ഉപഗ്രങ്ങള്‍ വിന്യസിക്കുക. ശേഷം വീണ്ടും 485 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ത്തി മൂന്ന് പരീക്ഷണ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. ഐഐടി വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ഉപകരണമാണ് ഇതിലൊന്ന്. മറ്റ് രണ്ടെണ്ണം ഐഎസ്ആര്‍ഓയുടേതാണ്. 

Content Highlights: ISRO to launch defence satellite Emisat