രു പക്ഷെ ഒരു വ്യക്തിയെ അവരുടെ അടുത്ത ബന്ധുക്കളേക്കാള്‍ കൂടുതല്‍ അറിയുന്നത് അവരുടെ സ്മാര്‍ട്‌ഫോണിനായിരിക്കും. കാരണം മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ സ്മാര്‍ട്‌ഫോണുകള്‍ അത്രത്തോളം ഇഴുകി ചേര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഒരു ഫോണ്‍ വാങ്ങിയാല്‍ അത് കേവലം ഫോണ്‍വിളിക്ക് മാത്രമല്ല ഉപയോഗിക്കുന്നത്. ക്യാമറയായും ബാങ്ക് ആയും സുഹൃദ് സല്ലാപങ്ങള്‍ക്കായും രഹസ്യ വിവര കൈമാറ്റങ്ങള്‍ക്കായും രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമായുമെല്ലാം അത് ഉപയോഗിക്കപ്പെടുന്നു.

അതുകൊണ്ടുതന്നെ പഴയ ഫോണുകള്‍ കൈമാറ്റം ചെയ്യുന്നതിന് അതിന്റേതായ അപകടമുണ്ട്. സൈബര്‍ലോകത്ത് 100 ശതമാനം രഹസ്യാത്മകത പാലിക്കാന്‍ സാധിക്കില്ല എന്നാണ് പറയപ്പെടുന്നത്. സുരക്ഷയ്ക്കായുള്ള ജാഗരൂഗതയാണ് അവിടെ ആവശ്യം. പഴുതുകള്‍ അടച്ചുകൊണ്ടിരുന്നില്ലെങ്കില്‍ സുരക്ഷാവീഴ്ചയുണ്ടാവും.

ഫോണുകളില്‍ നിങ്ങളുടെ പലതുമുണ്ടാവാം. ഫോണ്‍ നമ്പറുകള്‍ മുതല്‍ നിങ്ങളുടെ നഗ്നചിത്രങ്ങളും വീഡിയോകളും വരെ ഉണ്ടാവാം. അത് മറ്റൊരാളുടെ കൈവശമെത്തിയാല്‍ എന്തായിരിക്കാം സംഭവിക്കുക?

സുരക്ഷിതത്വം എത്രത്തോളം?

പുറത്തറിയരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന സുപ്രധാന വിവരങ്ങള്‍ ഫലപ്രദമായി നീക്കം ചെയ്തതിന് ശേഷം മാത്രമേ സ്മാര്‍ട്‌ഫോണുകളും ലാപ്‌ടോപ്പുകളുമെല്ലാം കൈമാറ്റം ചെയ്യാവൂ എന്നാണ് വിദഗ്ദര്‍ നിര്‍ദേശിക്കുന്നത്. അല്ലാത്തപക്ഷം അത് അപകടകരമാണ്.

കുറഞ്ഞത് 3500 രൂപയോളം വിലയ്ക്കാണ് ഒരാളുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍ക്കപ്പെടുന്നത് എന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുരക്ഷിതമായി പഴയ ഫോണുകള്‍ നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ അത് ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, മെസേജുകള്‍, ചാറ്റുകള്‍, പാസ് വേഡുകള്‍, തിരിച്ചറിയില്‍ രേഖകള്‍, സാമ്പത്തിക വിവരങ്ങള്‍ പോലുള്ള വിവരങ്ങള്‍ ചോരുന്നതിന് ഇടയാക്കും.

നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാം, നിങ്ങളുടെ പേരില്‍ ആള്‍മാറാട്ടം നടക്കാം. സാമ്പത്തിക നഷ്ടമുണ്ടാകാം. ഡാറ്റാ റിക്കവറി സ്ഥാപനമായ സ്റ്റെല്ലര്‍ സിഇഒ സുനില്‍ചന്ദ്‌ന പറയുന്നു.

കേവലം ഫോണ്‍ റീസെറ്റ് ചെയ്തത് കൊണ്ടുമാത്രം നിങ്ങളുടെ ഡാറ്റ നീക്കം ചെയ്യപ്പെടുമെന്ന് പറയാനാകില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. അവ റിക്കവറി സോഫ്റ്റ് വെയറിലൂടെ തിരിച്ചെടുക്കാന്‍ സാധിച്ചേക്കും. ശരിയായ രീതിയില്‍ ഫോണുകള്‍ ക്ലീന്‍ ചെയ്തതിന് ശേഷംമാത്രമേ അവ വില്‍ക്കാനും കൈമാറാനും പാടുള്ളൂ.

ഇതിനായി നിരവധി സോഫ്റ്റ് വെയര്‍ ടൂളുകള്‍ ലഭ്യമാണ്. ബിറ്റ്‌റേസര്‍ (Bitraser) പോലുള്ള അംഗീകൃതവും സുരക്ഷിതവുമായ പ്രൊഫഷണല്‍ ഡാറ്റ ഇറേസര്‍ ടൂളുകള്‍ ഉപയോഗിച്ച് അത് സാധ്യമാവും. റിക്കവര്‍ ചെയ്യാനാകാത്ത വിധം ഉപകരണങ്ങളിലെ ഡാറ്റ നീക്കം ചെയ്യാന്‍ ഇത്തരം ടൂളുകള്‍ക്കേ സാധിക്കൂ. അത്തരം ടൂളുകള്‍ പഴയ ഡാറ്റയ്ക്ക് മേല്‍ മറ്റ് ഡാറ്റകള്‍ ഓവര്‍ റൈറ്റ് ചെയ്യുകയാണ് ചെയ്യുക.

ഇങ്ങനെ ഒക്കെ ആണെങ്കിലും പഴയ ഫോണുകളും മെമ്മറി കാര്‍ഡുകളും, ഹാര്‍ഡ് ഡിസ്‌കുകളും നശിപ്പിക്കുന്നതല്ലാതെ ഡാറ്റ ചോരാതിരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്ല.

Content Highlights: Is It Safe to Sell Your Old Phone