Photo: AP
ഒരു സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ ജീവിതത്തില്‍ കാര്യങ്ങളൊന്നും നേരെ ചൊവ്വെ നടക്കില്ല എന്ന അവസ്ഥയിലാണ് നാം ഇന്ന്. അത്രയെറെ ആവശ്യങ്ങള്‍ ഒരു മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നു എന്നത് ഒരു വസ്തുതയാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തെടുക്കുന്നതു കൊണ്ടാണ് ഇതിന്റെ പ്രാധാന്യം ഇത്രയേറെ വര്‍ധിച്ചത്. അതുകൊണ്ടുതന്നെ, ഇതിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും വളര്‍ച്ചാനിരക്കുള്ള ഒരു മേഖലയാണ് മൊബൈല്‍ ഫോണ്‍ വിപണി. സ്മാര്‍ട്ട് ഫോണുകളില്‍ ഏകദേശം 5,000 മുതല്‍ ഒരുലക്ഷം രൂപ വരെ വിലയുള്ളതാണ് വിപണിയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്നത്.
റിസ്‌കുകള്‍ ഇങ്ങനെ...
ഇത്രയേറെ പണം മുടക്കുകയും അത്യാവശ്യങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ളതുമായ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പലതരത്തിലുള്ള റിസ്‌കുകള്‍ നിലവിലുണ്ട്. അപകടങ്ങള്‍, അബദ്ധത്തില്‍ താഴെവീണ് സ്‌ക്രീന്‍ പൊട്ടുക, കളവു പോവുക, തീപിടിത്തം, അടിച്ചുതകര്‍ക്കല്‍, വെള്ളം കയറുക എന്നിവ പൊതുവെയുള്ള റിസ്‌കുകളാണ്. ഇത്തരം സാഹചര്യങ്ങളില്‍ നാം സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ടാബ്ലെറ്റുകളും യഥാവിധി ഇന്‍ഷുര്‍ ചെയ്ത് സംരക്ഷിച്ചാല്‍ മേല്‍പ്പറഞ്ഞ റിസ്‌കുകളില്‍ നിന്നുള്ള നഷ്ടം ഒരു പരിധിവരെ നികത്താന്‍ കഴിയുന്നതാണ്.
ഇന്‍ഷുര്‍ ചെയ്യുന്ന വിധം
നാട്ടില്‍ ഉടനീളമുള്ള മൊബൈല്‍ ഷോറൂമുകള്‍ വഴിയാണ് ഭൂരിഭാഗം പേരും മൊബൈല്‍ ഫോണുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നത്. ഇതുകൂടാതെ, വീട് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ചില കമ്പനികള്‍ അതില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ഫോണ്‍ ഇന്‍ഷുര്‍ ചെയ്ത് വരുന്നുണ്ട്. ഒരു വര്‍ഷമാണ് ഇന്‍ഷുറന്‍സ് കാലാവധി. ഫോണ്‍ വാങ്ങുന്ന ആളിന്റെ വിവരങ്ങളും ഫോണിന്റെ വിശദവിവരങ്ങളും വിലയും നല്‍കിയാല്‍ ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'ഗോ ഡിജിറ്റ്' എന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇന്ന് ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്തി എളുപ്പത്തില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ അവസരം ഒരിക്കിയിട്ടുണ്ട്. ഒരു ക്ലെയിം ഉണ്ടായാല്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചാല്‍ ക്ലെയിം തുക 48 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ മുന്‍ക്കൂറായി നല്‍കുന്നു എന്ന വാഗ്ദാനമാണ് ഇവര്‍ നല്‍കുന്നത്. അടയ്‌ക്കേണ്ട പ്രീമിയം തുക മൊബൈല്‍ഫോണിന്റെ വിലയുടെ അഞ്ചു ശതമാനമാണ്. അതായത്, 20,000 രൂപ വിലയുള്ള ഫോണ്‍ ആണെങ്കില്‍ ഏതാണ്ട് 1,000 രൂപ.
മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളെ പോലെ മൊബൈല്‍ ഫോണ്‍ ക്ലെയിം ചെയ്യുമ്പോഴും 'ഡിപ്രീസിയേഷന്‍' (തേയ്മാനം) കണക്കാക്കുന്നതാണ്. ചില കമ്പനികള്‍ പ്രതിമാസം അഞ്ചു ശതമാനം ഡിപ്രീസിയേഷനാണ് കണക്കാകുന്നത്. എന്നാല്‍, ചില കമ്പനികളില്‍ ആദ്യത്തെ മൂന്നു മാസം 10 ശതമാനവും ആറു മാസത്തേക്ക് 25 ശതമാനവും ആറു മാസത്തിന് മുകളില്‍ 50 ശതമാനവും കഴിച്ചുള്ള തുക മാത്രമേ ക്ലെയിം നല്‍ക്കാറുള്ളു.
ക്ലെയിമുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പോളിസി വ്യവസ്ഥകള്‍ മനസിലാക്കിവേണം ഇന്‍ഷുര്‍ ചെയ്യാന്‍. ചെറിയ തുകകള്‍, പോളിസിയുടെ പരിധിയില്‍ പെടാത്ത മറ്റ് നിബന്ധനകള്‍ എന്നിവ കൃത്യമായും ഉപഭോക്താവ് മനസ്സിലാക്കിയിരിക്കണം. ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലയിലെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊബൈല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ താരതമ്യം ചെയ്യുകയും അതില്‍ ഏറ്റവും മികച്ച പോളിസികള്‍ തിരഞ്ഞെടുത്ത് ഇന്‍ഷുര്‍ ചെയ്യുന്നതുമായിരിക്കും ഉചിതം.
(തൃശൂര്‍ ആസ്ഥാനമായുള്ള എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ് എന്ന കമ്പനിയുടെ മാനേജങ് ഡയറക്ടറാണ് ലേഖകന്‍)
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..