പ്രതീകാത്മക ചിത്രം | Photo Credit: Gettyimages
ലിങ്ക്ഡ് ഇന്‍, ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളില്‍ നിന്ന് വരുന്ന ഇമെയിലുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം കാണാം. അതിന്റെ ഒക്കെ ഏറ്റവും അടിയില്‍ വിലാസമായി കൊടുത്തിരിക്കുന്നത് അയര്‍ലന്‍ഡിലെ വിലാസമായിരിക്കും. അമേരിക്കന്‍ കമ്പനികള്‍ ഇങ്ങ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് അയക്കുന്ന മെയിലില്‍ അയര്‍ലന്‍ഡിന് എന്ത് കാര്യം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ബില്ലിംഗ് സംബന്ധമായ മെയിലുകള്‍ അടക്കം ഇങ്ങനെ അയര്‍ലന്‍ഡ് വിലാസം കാണിച്ച് ലഭിക്കുന്നതിന്റെ കാരണം ഒന്ന് ഊഹിച്ച് നോക്കൂ. എളുപ്പമാണ് കാരണം: നികുതി ലാഭിക്കാന്‍ തന്നെ!
അയര്‍ലന്‍ഡിലെ കുറഞ്ഞ നികുതി അടക്കമുള്ള സാമ്പത്തിക നയങ്ങള്‍ പുതിയ കമ്പനികളെ അവിടെയ്ക്ക് ക്ഷണിക്കുന്നതിനും അവരെ അവിടെ നിലനിര്‍ത്താനും ലക്ഷ്യം വച്ചാണ് ഉദ്ഭവിച്ചത്. അമേരിക്കയില്‍ കോര്‍പ്പറേറ്റ് ടാക്‌സ് 21% ആണെങ്കില്‍ അയര്‍ലന്‍ഡില്‍ അത് 12.5% മാത്രം. കമ്പനികളുടെ ബൗദ്ധിക സ്വത്തവകാശ സംബന്ധമായുള്ള വരുമാനത്തിനാകട്ടെ വെറും 6.25% നികുതി. നികുതി ഇളവുകളിലൂടെ കോര്‍പ്പറേറ്റുകളെ ആകര്‍ഷിക്കുന്ന ഈ തന്ത്രം അയര്‍ലന്‍ഡ് തുടങ്ങിയത് ഇന്നുമിന്നലേയും ഒന്നുമല്ല, 1956 കാലത്താണ്. അവിടെ തുടങ്ങി ഇന്ന് വരെയുള്ള കാലയളവില്‍ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഇന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ടെക്ക് ഭീമന്മാരുടെ യൂറോപ്യന്‍ മുഖ്യകാര്യാലയം എല്ലാം അയര്‍ലാന്‍ഡില്‍ ആണ് എന്നുള്ളത് ഈ വിജയത്തിന്റെ തെളിവായി നമുക്ക് മുന്നിലുണ്ട്.
അമേരിക്കയില്‍ കോര്‍പ്പറേറ്റ് ടാക്‌സ് 21% ആണെങ്കില്‍ അയര്‍ലന്‍ഡില്‍ അത് 12.5% മാത്രം. കമ്പനികളുടെ ബൗദ്ധിക സ്വത്തവകാശ സംബന്ധമായുള്ള വരുമാനത്തിനാകട്ടെ വെറും 6.25% നികുതി.
പക്ഷെ ഈ കോര്‍പ്പറേറ്റ് സ്‌നേഹത്തിന് മറ്റു രാജ്യങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയൊന്നും ലഭിച്ചില്ല. അയര്‍ലന്‍ഡിന്റെ ഈ നികുതി നയം യൂറോപ്പില്‍ നിന്നുള്ള രാജ്യങ്ങളെ മാത്രമല്ല പിന്നീടുള്ള വര്‍ഷങ്ങളില്‍ ചൊടിപ്പിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഈ നയത്തിനെതിരെ പോരാടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിനൊരു അറുതി വരുത്തണം എന്ന മറ്റു രാജ്യങ്ങളുടെ ആഗ്രഹം ഉടന്‍ സഫലീകരിക്കാന്‍ പോവുകയാണ്. നൂറ്റി നാല്‍പ്പത് രാജ്യങ്ങള്‍ അംഗങ്ങളായ പാരീസ് ആസ്ഥാനമായുള്ള Organization for Economic Cooperation and Development (OECD) എന്ന സംഘടന മുന്നോട്ട് വച്ച നികുതി നയങ്ങള്‍ ടെക്ക് കമ്പനികളുടെ പറുദീസയായ അയര്‍ലന്‍ഡ് സ്വീകരിക്കാന്‍ പോവുകയാണ്.

ഈ പുതിയ നികുതി നയം വരുന്നതോടുകൂടി ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ മുഖ്യ ആസ്ഥാനം ഉള്ള രാജ്യത്തെ കൂടാതെ അവര്‍ക്ക് പ്രവര്‍ത്തനമുള്ള രാജ്യത്തും നികുതി കൊടുക്കണം എന്ന ഈ നയം അത് അംഗീകരിച്ച രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരും. പല പല സര്‍ക്കാരുകള്‍ ഐര്‍ലാന്റില്‍ വന്നിട്ടും മാറ്റാന്‍ തയ്യാറാകാത്ത നികുതി റേറ്റുകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്.
നികുതി പതിനഞ്ച് ശതമാനം ആക്കുന്ന ഈ ആഗോള കരാറില്‍ അയര്‍ലന്‍ഡിനൊപ്പം, എസ്‌തോണിയ, ഹംഗറി എന്നീ രാജ്യങ്ങള്‍ ഒപ്പിടുന്നതോടുകൂടി നാല് പതിറ്റാണ്ടുകളിലധികമായി രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ഈ നികുതി-കുറയ്ക്കല്‍ മത്സരത്തിനൊരു അവസാനമാകും. ഈ കരാറിലൂടെ വരുന്ന നികുതി ഏകീകരണത്തോടുകൂടി അയര്‍ലാന്‍ഡിനുള്ള പ്രത്യേക സ്ഥാനം ഇല്ലാതാകാന്‍ പോകുന്നു. ലോകത്തെ 90 ശതമാനം സമ്പദ്ഘടനയെയും ബാധിക്കുന്ന ഈ കരാറില്‍ ഒപ്പിടാനുള്ള നൂറ്റിനാല്‍പത് രാജ്യങ്ങളില്‍ നിന്ന് പാകിസ്താന്‍, കെനിയ, നൈജീരിയ, ശ്രീലങ്ക എന്നീ നാല് രാജ്യങ്ങള്‍ മാത്രമാണിപ്പോള്‍ വിട്ടു നിന്നത്.
നികുതി പതിനഞ്ച് ശതമാനം ആക്കുന്ന ഈ ആഗോള കരാറില്‍ അയര്‍ലന്‍ഡിനൊപ്പം, എസ്‌തോണിയ, ഹംഗറി എന്നീ രാജ്യങ്ങള്‍ ഒപ്പിടുന്നതോടുകൂടി നാല് പതിറ്റാണ്ടുകളിലധികമായി രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ഈ നികുതി-കുറയ്ക്കല്‍ മത്സരത്തിനൊരു അവസാനമാകും.
നികുതി വെട്ടിപ്പ് തടയാനും ലോകമൊട്ടുക്കും ആഗോള വാണിജ്യ വ്യവസ്ഥിതിയില്‍ സുതാര്യമായ നികുതി സംവിധാനങ്ങള്‍ കൊണ്ട് വരുന്ന ഏകീകൃത നയം നിലവില്‍ വരുന്നതും വാണിജ്യ ലോകത്തെ ഒരു വലിയ ചവിട്ടു പടിയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് കൂടാതെ ഏകീകൃത നികുതി റേറ്റുകള്‍ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും നികുതി സംവിധാനങ്ങളുടെ ഡിജിറ്റല്‍ വല്‍ക്കരണത്തിനു ആക്കം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു. പ്രത്യക്ഷത്തില്‍ ആ രാജ്യത്തെ നികുതി കൂട്ടിയിട്ടും അയര്‍ലന്‍ഡിന്റെ നികുതി വരുമാനത്തില്‍ രണ്ട് ബില്യണ്‍ ഡോളര്‍ എല്ലാ വര്‍ഷവും കുറവ് വരാന്‍ ഈ ആഗോള ഉടമ്പടി കാരണമാകും എന്നത് ശ്രദ്ധേയമാണ്. ബഹുരാഷ്ട്ര കമ്പനികള്‍ ഇനി അവരുടെ ആസ്ഥാനമുള്ള രാജ്യത്തും നികുതി കൊടുക്കണം എന്ന വസ്തുതയാണ് ഇതിനു പിന്നില്‍.
ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ പരസ്യ വരുമാനവുമായി ബന്ധപ്പെട്ട നികുതി ഈ ഒരു മാറ്റത്തോടെ കൂടുമെന്നതില്‍ സംശയമില്ല. ഇനി പരസ്യദാതാക്കള്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടി വരുമെന്നതും തീര്‍ച്ച. അപ്പോള്‍ പരസ്യം നല്‍കുന്ന ബ്രാന്‍ഡുകളുടെ അധിക ചിലവ് ഉപഭോക്താക്കളുടെ അടുത്തെത്തുമോ? അല്ല പരസ്യങ്ങള്‍ കൊടുക്കുന്നത് ബ്രാന്റുകള്‍ കുറയ്ക്കുമോ? വമ്പന്‍ ടെക്ക് കമ്പനികളുടെ വരവ്-ചിലവ് കണക്കുകളെ പുതിയ നികുതി നയം എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണാം.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..