വാഷിങ്ടണ്‍:  ഇന്റര്‍നെറ്റ് സമത്വം നിലനിര്‍ത്തുന്നതിനായുള്ള പോരാട്ടത്തില്‍ ഇന്റര്‍നെറ്റ് അസോസിയേഷനും പങ്കാളികളാവുന്നു. ഗൂഗിളിന്റെ ഉടമസ്ഥ സ്ഥാപനമായ ആല്‍ഫബെറ്റ്, ഫെയ്‌സ്ബുക്ക് അടക്കുള്ള ടെക്ക് കമ്പനികള്‍ അംഗങ്ങളായ ട്രേഡ് ഗ്രൂപ്പാണ് ഇന്റര്‍നെറ്റ് അസോസിയേഷന്‍. നെറ്റ് ന്യൂട്രാലിറ്റി നിയമം പിന്‍വലിക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ അസോസിയേഷനും പങ്കാളികളാവും.

അസോസിയേഷന്‍ അംഗമായ ഇകോമേഴ്‌സ് വെബ്‌സൈറ്റ് എറ്റ്‌സി (Etsy) അല്ലാതെ തന്നെ നിയമ നടപടിയുടെ ഭാഗമാവാന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിലെ നിരവധി പൊതുതാല്‍പര്യ സംഘടനകളും ഡിസംബറില്‍ പുറത്തിറങ്ങിയ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്റെ തീരുമാനത്തിനെതിരെ രംഗത്തുണ്ട്.

2015 ല്‍ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് കൊണ്ടുവന്ന നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ ഇന്ത്യന്‍ വംശജനായ അജിത് പൈയുടെ നേതൃത്വത്തിലുള്ള  അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ അസാധുവാക്കി. 2017 ഡിസംബര്‍ 14 ന്  എഫ്സിസി മുന്നോട്ട് വെച്ച നിര്‍ദ്ദേശം 3-2 വോട്ടുകള്‍ക്കാണ് വൈറ്റ് ഹൗസ് പാസാക്കിയത്. 

ഡെമോക്രാറ്റുകള്‍, ഹോളിവുഡ്, ഗൂഗിള്‍ ഫെയ്‌സ്ബുക്ക് പോലുള്ള കമ്പനികള്‍ ഒബാമ ഭരണകൂടത്തിന്റെ നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ നിലനിര്‍ത്തണമെന്ന് ആവശ്യം അജിത് പൈയെ അറിയിച്ചിരുന്നു. 

എഫ്‌സിസി തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് അസോസിയേഷന്‍ നേരിട്ട് നിയമപോരാട്ടത്തില്‍ പങ്കാളികളാകുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. എയര്‍ബിഎന്‍ബി, ആമസോണ്‍, പോലുള്ള കമ്പനികളും ഇന്റര്‍നെറ്റ് അസോസിയേഷന്റെ ഭാഗമാണ്.