Photo: Twitter/Manorama Joshi
ഉപരിപഠനത്തിനായി ഒരു സ്കോളര്‍ഷിപ്പ് കിട്ടുകയെന്നത് പല വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും വലിയൊരു കടമ്പയാണ് എന്നാല്‍, സാങ്കേതികവിദ്യയോട് അതിയായ അഭിനിവേശം കൊണ്ടുനടന്ന ഒരു ഇന്ത്യന്‍ വംശജയ്ക്ക് കാനഡയിലെ ആറ് സര്‍വകലാശാലകള്‍ വാഗ്ദാനം ചെയ്തത് ഏകദേശം ആറ് ലക്ഷത്തിലേറെ(4.66 കോടി രൂപ) ഡോളറിന്റെ സ്കോളര്‍ഷിപ്പുകളാണ്.
സാങ്കേതികവിദ്യയോടും ശാസ്ത്രവിഷയങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശം വിശദമാക്കിയ അപേക്ഷ കണ്ടാണ് കാനഡയിലെ ഫോര്‍ട്ട് മക്മുറെ സ്വദേശിയായ മനോരമ ജോഷിയെന്ന 17 വയസുകാരിയ്ക്ക് മുന്നില്‍ കാനഡയിലെ മുന്‍നിര സര്‍വകലാശാലകള്‍ വാതിലുകള്‍ തുറന്നിട്ടത്.
വെസ്റ്റ് വുഡ് കമ്മ്യൂണിറ്റി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ മനോരമ ജോഷിയ്ക്ക് കാല്‍ഗറി സര്‍വകലാശാല, ആല്‍ബെര്‍ട്ട സര്‍വകലാശാല, ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം ഡോളര്‍ വീതം വരുന്ന സ്കോളര്‍ഷിപ്പാണ്.
ഇത് കൂടാതെ മക്മാസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് 19,000 ഡോളര്‍ സ്കോളര്‍ഷിപ്പ്, ആര്ബെര്ട്ട സര്‍വകലാശാലയില്‍ നിന്നുള്ള 30,000 ഡോളറിന്റെ ലീഡര്‍ഷിപ്പ് സ്കോളര്‍ഷിപ്പ്, വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള 50,000 ഡോളറിന്റെ സ്കോളര്‍ഷിപ്പ്, മക് ഗില്‍ സര്‍വകലാശാലയില്‍ നിന്നുള്ള 80,000 ഡോളര്‍ വരുന്ന രണ്ട് എന്‍ട്രന്‍സ് സ്കോളര്‍ഷിപ്പുകള്‍ എന്നിവയും മനോരമയ്ക്ക് ലഭിച്ചു. ഇതില്‍ ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിങിന് ചേരാനാണ് മനോരമ തീരുമാനിച്ചിരിക്കുന്നത്.
ആദ്യ സ്കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞുപോയെന്ന് മനോരമ ഒരു അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഏറെ സന്തോഷത്തിലായിരുന്നു, കാരണം ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു അത്. പിന്നാലെ മറ്റ് സ്കോളര്‍ഷിപ്പ് വാഗ്ദാനങ്ങള്‍ കൂടി വന്നപ്പോള്‍ വിശ്വസിക്കാനായില്ലെന്നും മനോരമ പറഞ്ഞു.
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം എന്നിവ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള തന്റെ അതിയായ ആഗ്രഹം വിശദമാക്കിക്കൊണ്ടായിരുന്നു മനോരമ ജോഷിയുടെ സ്കോളര്ഷിപ്പിനായുള്ള അപേക്ഷ. വെറുതെ ഒരു വാചക കസര്‍ത്തായിരുന്നില്ല അത്.
വാള്‍ട്ടര്‍ ആന്റ് ഗ്ലാഡിസ് ഹില്‍ സ്കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ ശാസ്ത്രമേളകളിലും റോബോട്ടിക്സ് പ്രദര്‍ശനങ്ങളിലും മനോരമ പങ്കെടുക്കാറുണ്ടായിരുന്നു. പലപ്പോഴും റോബോട്ടിക്സ് ടീമില്‍ അംഗമാകാറുള്ള ചുരുക്കം ചില പെണ്‍കുട്ടികളില്‍ ഒരാള്‍ മനോരമയായിരുന്നു.
2020-ൽ 60 കുട്ടികള്‍ക്ക് വേണ്ടി 'ഗെറ്റ് ടെക്കി ഡ്യുറിങ് കോവിഡ്' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി മനോരമ നടത്തി. ലീഗോ റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള റോബോട്ടിക്സ് പരിശീലനം, കംപ്യൂട്ടറുകള്‍ എങ്ങനെയാണ് ബൈനറി കോഡുകള്‍ വായിക്കുന്നത്, സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, ഗണിതശാസ്ത്ര മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.

ഈ രീതിയില്‍ തനിക്കിഷ്ടപ്പെട്ട മേഖലയെ കുറിച്ച് കുട്ടികളോട് പങ്കുവെച്ച് അവരുടെ താല്പര്യങ്ങളും അഭിനിവേശങ്ങളും എന്താണെന്ന് കണ്ടെത്താന്‍ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മനോരമ ഈ ചെറിയ പ്രായത്തില്‍ തന്നെ നടത്തി വന്നത്.
വര്‍ഷത്തില്‍ നൂറ് കനേഡിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ലക്ഷം രൂപയുടെ ഷൂലിച്ച് ലീഡര്‍ സ്കോളര്‍ഷിപ്പും മനോരമയ്ക്ക് ലഭിച്ചിട്ടുണ്ട്. ് എഞ്ചിനീയറിങ് പ്രോഗ്രാമുകളിലേക്ക് നല്കിയ മനോരമയുടെ അപേക്ഷകളെല്ലാം സ്വീകരിക്കപ്പെടുകയും. ഇതോടെ ഒറ്റത്തവണ തന്നെ നാല് ഷൂലിച്ച് ലീര്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന ആദ്യ വിദ്യാര്‍ത്ഥിയായി മനോരമ മാറി.
പല മേഖലകളിലേക്കുള്ള സാധ്യതകള്‍ ഉള്ളതിനാലാണ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിലേക്കും റോബോട്ടിക്സിലേക്കും താന്‍ ആകര്‍ഷിക്കപ്പെട്ടതെന്ന് മനോരമ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രത്യേക താല്‍പ്പര്യമുണ്ട്. വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി എഞ്ചിനീയറിംഗ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഒരു ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുകയാണ് മനോരമയുടെ ലക്ഷ്യം.
Content Highlights: scholarships, engineering programmes, indian students, universities in canada
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..