സൈബര്‍ സുരക്ഷ വ്യക്തികളുടെ പ്രശ്‌നങ്ങള്‍ എന്നതിലുപരി വലിയ നയതന്ത്ര പ്രശ്‌നങ്ങളിലൊന്നാണ് ഇന്ന്. സൈബര്‍ യുദ്ധങ്ങളുടെ കാലമാണിത്. അങ്ങനെ വരുമ്പോള്‍ ഒരോ രാജ്യവും അവരുടെ സൈബര്‍ സുരക്ഷയുടെമേല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതായുണ്ട്.

ഇന്ത്യയുടെ സൈബര്‍ ലോകം എത്രത്തോളം സുരക്ഷിതമാണ്? കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യം ഈ വിഷയം ചര്‍ച്ചചെയ്യുന്നുണ്ട്. നയതന്ത്രപരമായി ശത്രു പക്ഷത്ത് നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും, സൈബര്‍ ഹാക്കര്‍മാരില്‍ നിന്നും തട്ടിപ്പുകാരില്‍ നിന്നുമെല്ലാം ഇന്ത്യ ഇന്ന് ഭീഷണി നേരിടുന്നുണ്ട്. ഈ ഭീഷണികളെ നേരിടാന്‍ ഇന്ത്യ എത്രത്തോളം പ്രാപ്തമാണ് ?

തദ്ദേശീയമായ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളും അതിനുവേണ്ട വിദഗ്ദരായ ആളുകളെയും വളര്‍ത്തിയെടുക്കേണ്ടത് ഇന്ത്യയുടെ സൈബര്‍ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ബിസിനസ് കണ്‍സള്‍ടിങ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും ഇന്‍ഡസ്ട്രി ചേമ്പര്‍ അസോചാമും (ASSOCHAM) പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈബര്‍ സുരക്ഷയൊരുക്കുന്നതിലും ഏതുവിധത്തിലുള്ള ഭീഷണികളും കണ്ടെത്തുന്നതിലും, തിരിച്ചറിയുന്നതിലും അവയ്ക്ക് മറുപടി നല്‍കുന്നതിനും അവയില്‍ നിന്നും സംരക്ഷിക്കുന്നതിലും എല്ലാമുള്ള കഴിവ് രാജ്യത്തെ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ടെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി തലവന്‍ ശിവരാമ ക്രിഷ്ണന്‍ പറയുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഒപ്പം തന്നെ, സൈബര്‍ ഭീഷണികള്‍ കുറയ്ക്കുന്നതിനും അതുവഴി സുരക്ഷിതമായ വ്യവസായ സംവിധാനം നിര്‍മ്മിച്ചെടുക്കുന്നതിനും പൗരന്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സൈബര്‍ യുദ്ധരംഗത്ത് ഇന്ത്യയുടെ കഴിവും പ്രാപ്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സൈബര്‍ ആക്രമികളെ ഇല്ലാതാക്കാന്‍ ആ അന്തരം ലഘൂകരിക്കേണ്ടത് അനിവാര്യമാണെന്നും സൈബര്‍ നെറ്റ്‌വര്‍ക്ക് സുരക്ഷ എന്ന വിഷയത്തില്‍ അസോചാം സംഘടിപ്പിച്ച സമ്മേളനത്തില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞിരുന്നു.

ഇപ്പോഴും സുരക്ഷയുടെ കാര്യത്തില്‍ വിദേശ നിര്‍മ്മിത സാങ്കേതിക വിദ്യകളെ തന്നെയാണ് രാജ്യം വലിയൊരളവില്‍ ആശ്രയിക്കുന്നത്. നിയമപരമായുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഒരുക്കുന്ന കാര്യത്തിലും ഇന്ത്യ ആരംഭ ഘട്ടത്തിലാണെന്ന് പറയാം. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വിദേശ കമ്പനികള്‍ക്ക് മേല്‍ അന്വേഷണങ്ങള്‍ നടത്തുന്നതും അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നിയമസംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങളും അതിന്റെ ഭാഗമായാണ്.