Photo:GettyImages
ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് ഈ വര്‍ഷം എത്തുമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള സ്ഥിരീകരണം. അതിനായുള്ള സ്‌പെക്ട്രം ലേലം ഉടന്‍ തന്നെ നടക്കും. അതിനിടയിലാണ് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ, കൃത്യമായി പറഞ്ഞാല്‍ 2030-ഓടുകൂടി ഇന്ത്യയില്‍ 6ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.
6ജിക്ക് വേണ്ടിയുള്ള ടാസ്‌ക് ഫോഴ്‌സ് ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 5ജിയും 6ജി യും ജനങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് മാത്രമല്ല വാഗ്ദാനം ചെയ്യുന്നതെന്നും പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നും സാമ്പത്തിക പുരോഗതിയ്ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
3ജിയില്‍ നിന്നും 4ജിയിലേക്കുള്ള ഇന്ത്യയുടെ അതിവേഗ മാറ്റത്തെ അദ്ദേഹം ചൂണ്ടി. 5ജിയോട് അടുത്തുകൊണ്ടിരിക്കെ രാജ്യം 6ജിയ്ക്ക് വേണ്ടിലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എന്നാണ് 5ജി വരിക
വരുംമാസങ്ങളില്‍ തന്നെ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ സമയം ഇപ്പോള്‍ പറയാനാവില്ല. 5ജി സ്‌പെക്ട്രം ലേലം താമസിയാതെ തന്നെ നടത്തും എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ലേലത്തിനുള്ള തീയ്യതി വ്യക്തമാക്കിയിട്ടില്ല. എങ്കിലും രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ 5ജി നെറ്റ് വര്‍ക്ക് വിന്യാസത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിനകം പലയിടങ്ങളിലും അവര്‍ 5ജി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ലേലം കഴിഞ്ഞയുടന്‍ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ കൊല്‍ക്കത്ത, ഗുരുഗ്രാം, ചെന്നൈ, ഡല്‍ഹി, ബംഗളുരു, പുനെ, ചാണ്ഡീഗഡ്, ജമ്‌നാനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്‌നൗ, ഗാന്ധിനഗര്‍ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി നെറ്റ് വര്‍ക്ക് എത്തുക.
എന്താണ് 6ജി, 5ജിയില്‍ നിന്നുള്ള വെത്യാസമെന്ത്?
ആറാം തലമുറ വയര്‍ലെസ് നെറ്റ്‌വർക്ക് എന്നാണ് 6ജി യുടെ അര്‍ത്ഥം. 5ജിയുടെ പിന്‍ഗാമിയായെത്തുന്ന സാങ്കേതിക വിദ്യ. പതിവ് പോലെ 5ജിയുടേതിനേക്കാള്‍ കൂടുതല്‍ വലിയ സാധ്യതകളാണ് 6ജി തുറക്കുക. ഇന്റര്‍നെറ്റ് വേഗതയിലും, ഡാറ്റ് ഉള്‍ക്കൊള്ളാനുള്ള ശേഷിയിലുമെല്ലാം ആ മാറ്റമുണ്ടാവും.
95 ഗിഗാഹെര്‍ട്‌സ് (GHz) മുതല്‍ 3 ടെറാ ഹെര്‍ട്‌സ് വരെയുള്ള സ്‌പെക്ട്രം ഫ്രീക്വന്‍സിയിലാണ് 6ജി പ്രവര്‍ത്തിക്കുക.

5ജി നെറ്റ് വര്‍ക്കുകളേക്കാള്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തന ശേഷി 6ജിയ്ക്കുണ്ടാവും. ടെറാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് സെക്കന്‍ഡില്‍ 1000 ജിബി വേഗം 6ജിയ്ക്കുണ്ടാവും. ലേറ്റന്‍സി 100 മൈക്രോ സെക്കന്‍ഡിലേക്ക് കുറയും. അതുകൊണ്ടു തന്നെ 6ജിയുടെ നെറ്റ് വര്‍ക്ക് വേഗം 5ജിയേക്കാള്‍ നൂറ് മടങ്ങ് വര്‍ധിക്കും.
ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ ഇതിനകം 6ജി സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ 6ജി സാങ്കേതിക വിദ്യ ഇപ്പോള്‍ ഗവേഷണ ഘട്ടത്തിലാണുള്ളത്. ഗൂഗിള്‍, ആപ്പിള്‍, എറിക്‌സണ്‍, സാംസങ്, നോക്കിയ തുടങ്ങിയ കമ്പനികളെല്ലാം ഗവേഷണ രംഗത്ത് സജീവമാണ്.
കൂടുതല്‍ ഉപകരണങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചുള്ള ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സാങ്കേതിക വിദ്യകള്‍ക്ക് കൂടുതല്‍ വികാസം നല്‍കുമെന്നതാണ് 5ജിയുടെയും 6ജിയുടേയും വലിയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ദൈനംദിന ജീവിതത്തെ അവയെങ്ങനെ മാറ്റി മറിക്കുമെന്ന് കാത്തിരുന്ന് കാണാം.
Content Highlights: 6G launch india, 6G networks, 5g spectrum auction india, 5g launch India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..