Photo: created with midjourney ai
അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യാ സേവനങ്ങള്‍ക്ക് തുടക്കമിട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആറാം തലമുറ (6ജി) ടെലികോം സാങ്കേതിക വിദ്യകളുടെ വികാസത്തിനായുള്ള നയരേഖ പുറത്തിറക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
5ജി സാങ്കേതിക വിദ്യകളുടെ തന്നെ പരമാവധി സാധ്യതകള്‍ എന്താണെന്ന് ഇനിയും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത നമ്മള്‍ക്ക് 6ജിയിലൂടെ എന്തെല്ലാം സാധ്യമാകുമെന്ന് സങ്കല്‍പ്പിക്കുക പ്രയാസമാണ്. എങ്കിലും അതിലേക്ക് വരുംമുമ്പ് എന്താണ് ഇന്ത്യയുടെ 6ജി പദ്ധതികളെന്ന് പരിശോധിക്കാം.
കഴിഞ്ഞ ദിവസം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് മോദി ഇന്ത്യയുടെ ഭാരത് 6ജി വിഷന്‍ ഡോക്യുമെന്റ് അഥവാ 6ജി ദര്‍ശന രേഖ പുറത്തിറക്കിയത്. 6ജിയില്‍ ഇന്ത്യയുടെ മുന്നേറ്റം എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് ഇതില്‍ വിശദമാക്കുന്നു.
മുമ്പിലോടാന്‍ മുന്‍നിരക്കാരാകാന്‍..
2030-ഓടുകൂടി രാജ്യത്ത് 6ജി അവതരിപ്പിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 4ജിയ്ക്ക് മുമ്പ് ഇന്ത്യ ടെലികോം സാങ്കേതിക വിദ്യയുടെ വെറുമൊരു ഉപഭോക്താവ് മാത്രമായിരുന്നുവെന്നും ഇന്ന് ടെലികോം സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
6ജിയില്‍ അതിവേഗമുള്ള ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യവും അതുതന്നെയാണ്. 6ജിയില്‍ ലോകരാജ്യങ്ങള്‍ക്ക് മുമ്പേ ഓടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 6ജി സാങ്കേതിക വിദ്യയുടെ മുന്‍നിര വിതരണക്കാരായി മാറാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.
വ്യവസായങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, അക്കാദമിക സ്ഥാപനങ്ങള്‍, ഗവേഷണ ലാബുകള്‍, ഭരണകൂടം എന്നിവയെയെല്ലാം സംയോജിപ്പിച്ചുകൊണ്ടാവും 6ജി വികാസം സാധ്യമാക്കുക. ഇതുവരെ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരുന്നതെങ്കില്‍ അതോടൊപ്പം ആഗോള തലത്തില്‍ സാങ്കേതിക വിദ്യകള്‍ നല്‍കുന്ന രാജ്യമായി മാറാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.

ലോകത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതാനുഭവം നല്‍കുന്നതിനുവേണ്ടിയുള്ള സുരക്ഷിതമായ, കഴിവുറ്റ, സര്‍വ്വവ്യാപിയായ കണക്റ്റിവിറ്റി നല്‍കാന്‍ സാധിക്കുന്ന 6ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകള്‍ രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ 6ജി ദര്‍ശന രേഖയുടെ പ്രധാന ലക്ഷ്യം.
രണ്ട് ഘട്ടങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവസരം
രണ്ട് ഘട്ടങ്ങളിലായാണ് 6ജി വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് അവരുടെതായി ആശയങ്ങള്‍ അവതരിപ്പിക്കാനും അത് വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ നേടാനും ഇതിലൂടെ അവസരമൊരുങ്ങും. 2023 മുതല്‍ 2025 വരെയുള്ള രണ്ട് വര്‍ഷങ്ങളാണ് ആദ്യ ഘട്ടം. 2025 മുതല്‍ 2030 വരെയുള്ള അഞ്ച് വര്‍ഷങ്ങളിലായി രണ്ടാംഘട്ടവും നടപ്പിലാക്കും.
ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍, കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, രൂപകല്‍പനയ്ക്കും നിര്‍മാണത്തിനുമായി സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യുക. ചുരുങ്ങിയ ചിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 6ജി ടെലികോം സാങ്കേതിക വിദ്യകള്‍ കയറ്റുമതി ചെയ്യാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതിനും 2030 ഓടുകൂടി 6ജി സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും രാജ്യം ലക്ഷ്യമിടുന്നു.
6ജിയുടെ നേട്ടങ്ങളെന്ത്..?
സെക്കന്റില്‍ ഏകദേശം 10 ജിബി വരെ വേഗം 5ജിയ്ക്കുണ്ട്. എന്നാല്‍ 6ജിയിലേക്ക് എത്തുമ്പോള്‍ ഇത് സെക്കന്റില്‍ പരമാവധി ഒരു ടിബി വേഗം എന്ന നിലയിലേക്ക് എത്തുമെന്നാണ് ഇന്ത്യ പുറത്തിറക്കിയ ദര്‍ശന രേഖ വ്യക്തമാക്കുന്നത്.
അതായത് 5ജിയ്ക്ക് സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഡാറ്റ കുറഞ്ഞ സമയത്തിനുള്ളില്‍ കൈമാറാന്‍ 6ജി സാങ്കേതിക വിദ്യകള്‍ക്ക് സാധിക്കും. 5ജിയേക്കാള്‍ ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തും ഇതിലൂടെ ലഭിക്കും. വിര്‍ച്വല്‍ റിയാലിറ്റി, ഓട്ടോമേഷന്‍, വീഡിയോ സ്ട്രീമിങ് പോലുള്ളമേഖലകളില്‍ കൂടുതല്‍ ഡാറ്റ ഉപയോഗിച്ചുള്ള മാറ്റങ്ങള്‍ സാധ്യമാകും.
സ്മാര്‍ട് സാങ്കേതിക വിദ്യകള്‍ ദൈനംദിന ജീവിതത്തില്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാകും 6ജിയുടേത്. റോബോട്ടുകളും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങളും സാധാരണമെന്നോണം ചുറ്റിലും കാണാനാവും. എഐ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമ്പൂര്‍ണമായി ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്മാര്‍ട് ഫാക്ടറികള്‍, ഇലക്ട്രിക് കാറുകളും സ്വയം ഓടുന്ന കാറുകളുമെല്ലാം ഓടുന്ന സ്മാര്‍ട് ട്രാഫിക് പോലുള്ളവ 6ജിയുഗത്തില്‍ പ്രതീക്ഷിക്കാം. 5ജിയിലൂടെ പരമാവധി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതിനുമപ്പുറത്തേക്കുള്ള കാര്യങ്ങള്‍ 6ജിയില്‍ ഉണ്ടാവും.
Content Highlights: india 6g vision document 6g tech benefits future
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..