Iluzia Labs
മെറ്റാവേഴ്സ് ആണ് ഇന്റര്‍നെറ്റിന്റെ ഭാവിയെന്നാണ് ഫെയ്‌സ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ കമ്പനിയുടെ പേര് 'മെറ്റ' എന്നാക്കി മാറ്റിക്കൊണ്ടുള്ള തന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞത്. മെറ്റയും വിര്‍ച്വല്‍ റിയാലിറ്റി ഓഗ്മെന്റഡ് റിയാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളും ഈ രംഗത്തെ പ്രാരംഭദശയിലാണ്. അതായത് കയ്യില്‍ കൊണ്ടുനടക്കാവുന്ന ഒരു ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് സിനിമ കാണാമെന്നും പാട്ട് കേള്‍ക്കാമെന്നും സാധനങ്ങള്‍ വാങ്ങാമെന്നും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാന്‍ സാധിക്കുമെന്നുമെല്ലാം പറയുമ്പോള്‍ അവിശ്വസനീയമായി കേട്ടിരുന്ന ഒരു കാലമുണ്ടല്ലോ ? മെറ്റാവേഴ്‌സിന്റെ അനന്ത സാധ്യതകളെ കുറിച്ച് പറയുമ്പോള്‍ അവ എന്തെല്ലാം ആയിരിക്കും എന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍. പക്ഷെ, ആ സാധ്യതകളെ കുറിച്ച് ലോകത്തെ പരിചയപ്പെടുത്താനും, വിര്‍ച്വല്‍ റിയാലിറ്റിയുടേയും ഓഗ്മെന്റഡ് റിയാലിറ്റിയുടേയും അനന്തസാധ്യതകള്‍ തേടുന്ന നമ്മളെ ഭാവിയിലേക്ക് വഴിനടത്താനും ശ്രമിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളുണ്ട് അതിലൊന്നാണ് കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇലൂസിയ ലാബ് (Iluzia Lab) എന്ന സ്റ്റാര്‍ട്ട് അപ്പ്.

നൗഫലിനൊപ്പം തിരുവനന്തപുരം സ്വദേശിയും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ വിഷ്ണുവും. കോട്ടയ്ക്കല്‍ സ്വദേശിയും ക്രിയേറ്റീവ് ഡയറക്ടറുമായ മുനീര്‍ ബാബുവുവാണ് ഇലൂസിയ ലാബിന് നേതൃത്വം നല്‍കുന്നത്.

എന്താണ് ഇലൂസിയ ലാബ് ചെയ്യുന്നത്?
വിവര സാങ്കേതികവിദ്യാ രംഗത്തെ അതിനൂതന സങ്കേതങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എക്സ്റ്റന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി പോലുള്ളവ. ഇന്റര്‍നെറ്റ് അധിഷ്ടിതമാക്കി ഒരു സമാന്തര ലോകം തന്നെ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള സാങ്കേതിക വിദ്യകളാണിവ. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്ന് ഇലുസിയ ലാബ്.
'പഠനം എന്നത് ഒരു മാജിക്കല്‍ സ്റ്റഡി ആയിരിക്കണം, ഒരു ഇല്യൂഷ്യന്‍ ആയിരിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് കൂടുതല്‍ ആസ്വാദ്യകരമായി മാറണം. ഈ ചിന്തയില്‍ നിന്നാണ് ഇലൂഷന്‍ എന്നവാക്കിനെ പ്രതിനീധീകരിക്കുന്ന ഇലൂസിയ എന്ന പേര് നൗഫല്‍ തന്റെ സ്ഥാപനത്തിനായി കണ്ടെത്തുന്നത്. പഠന സഹായിയായ വിവിധങ്ങളായ ലാബുകളാണ് ഇലൂസിയ ലാബ്‌സിന്റെ ഉല്‍പന്നങ്ങള്‍.' നൗഫല്‍ പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ചിരിക്കുന്ന ഇന്ററാക്റ്റിവ് വിര്‍ച്വല്‍ മ്യൂസിയം, വിര്‍ച്വല്‍ ടെക്സ്റ്റ് ബുക്ക്, വിര്‍ച്വല്‍ പ്രാക്റ്റിക്കല്‍ ലാബ് എന്നിവയാണ് ഇലുസിയ ലാബിന്റെ പ്രധാന ഉത്പന്നങ്ങള്‍.
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ ഇരുന്നുകൊണ്ടു തന്നെ ചരിത്ര ശേഷിപ്പുകളെ കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇലൂസിയ ലാബിന്റെ ഇന്ററാക്റ്റീവ് വിര്‍ച്വല്‍ മ്യൂസിയം. ഒരു വിആര്‍ ഹെഡ്‌സെറ്റിന്റെ സഹായത്തോടെ ഈ മ്യൂസിയത്തിന് അകത്തേക്ക് പ്രവേശിക്കാനാകും. യഥാര്‍ത്ഥ മ്യൂസിയത്തിലെന്ന പോലെ അവിടമാകെ നടക്കാനും ചരിത്ര വസ്തുക്കളെ കാണാനും കയ്യിലെടുത്ത് പരിശോധിക്കാനും സാധിക്കും.
സാധാരണ കുട്ടികള്‍ പഠിക്കുന്ന ഒരു ടെക്സ്റ്റ് ബുക്കിന്റെ സംവേദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഇലൂസിയ ഒരുക്കിയ വിര്‍ച്വല്‍ ടെക്സ്റ്റ്ബുക്കിലൂടെ സാധിക്കും. ടെക്സ്റ്റ് ബുക്കിലെ ചിത്രങ്ങള്‍, ഇന്‍ഫോ ഗ്രാഫിക്‌സുകള്‍, പോലുള്ളവയെ ത്രിഡി ആനിമേറ്റഡ് ദൃശ്യങ്ങളായി കാണിക്കാനും, വീഡിയോകളും ശബ്ദങ്ങളും ഉള്‍പ്പെടുത്തി സമ്പന്നമാക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കും. അതിന് ഒരു ഫോണ്‍ ക്യാമറ ഉഫയോഗിച്ചോ മറ്റ് എആര്‍ ഉപകരണങ്ങള്‍ വഴിയോ ഈ ടെക്‌സ്റ്റ്ബുക്ക് പേജുകള്‍ നോക്കിയാല്‍ മാത്രം മതി.
.png?$p=980eedc&&q=0.8)
വിര്‍ച്വല്‍ മ്യൂസിയത്തിന് സമാനമാണ് വിര്‍ച്വല്‍ പ്രാക്റ്റിക്കല്‍ ലാബും. എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പടെ പഠിക്കുന്ന കാര്യങ്ങളെ തിയറിക്കൊപ്പം തന്നെ കണ്ട് പഠിക്കാനും പ്രവര്‍ത്തിപ്പിച്ച് നോക്കാനുമെല്ലാം ഈ പ്രാക്റ്റിക്കല്‍ ലാബിലൂടെ സാധിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു മനുഷ്യ ശരീരത്തെ കുറിച്ച് പഠിക്കാന്‍ ഒരു വിര്‍ച്വല്‍ മൃതദേഹം തന്നെ ഒരുക്കാന്‍ ഇലൂസിയയ്ക്ക് സാധിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് എച്ച്എസ്എസില്‍ കുട്ടികള്‍ക്ക് വേണ്ടി ഇലൂസിയ ഒരു വിര്‍ച്വല്‍ റിയാലിറ്റി മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയം നേരില്‍ പോയി കാണുന്ന പ്രതീതിയാണ് ഇതുവഴി കുട്ടികള്‍ക്ക് ലഭിക്കുക.
വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമൊപ്പം കേരള ട്രാഫിക് പോലീസിനായി റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശീലിപ്പിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ഡ്രൈവിംഗ് ടൂളും ഇലുസിയ വികസിപ്പിച്ചിട്ടുണ്ട്.

സ്വപ്‌നച്ചിറകില്‍ ഭാവിയിലേക്ക്
മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളില്‍ മൈക്രോസോഫ്റ്റ്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആഗോള തലത്തില്‍ നിരവധി സ്ഥാപനങ്ങള്‍ വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമുകള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്നു. വിആര്‍ ഗെയിമുകള്‍ ഇതിനകം പ്രചാരത്തിലുണ്ട്.
ആശയവിനിമയം, വിദ്യാഭ്യാസം, വിനോദം തുടങ്ങി വിവിധ മേഖലകളില്‍ പ്രായോഗിക സാധ്യതയുണ്ട് ഈ സാങ്കേതിക വിദ്യകള്‍ക്ക്. എന്നാല്‍ അതിന് പിന്തുണ നല്‍കുന്ന അടിസ്ഥാന സൗകര്യവും പരിസ്ഥിതിയും ഇനിയും സമ്പൂര്‍ണ വികാസം പ്രാപിച്ചിട്ടില്ല. 5ജിയുടെ വരവ് ഇത്തരം സാങ്കേതിര വിദ്യകള്‍ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ വിര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങളുടെ ഉപയോഗം വളരെ കുറവാണ്. ദൈനംദിന ജീവിതത്തിലേക്ക് വിര്‍ച്വല്‍ റിയാലിറ്റി അത്രയധികം എത്തിച്ചേര്‍ന്നിട്ടില്ല എന്നത് അതിനൊരു പ്രധാന കാരണമാണ്. സാധാരണക്കാരനെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ ഒരു മൊബൈല്‍ ഫോണിനെ പോലെ പ്രാധാന്യമുള്ള ഒരു ഉപകരണമല്ല വിആര്‍ ഹെഡ്‌സെറ്റ്. മാത്രവുമല്ല ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ വിആര്‍ ഹെഡ്‌സെറ്റുകള്‍ക്ക് വലിയ വിലയുമാണ്.
എന്നാല്‍, ഈ സാഹചര്യം മാറുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ രംഗത്തെ അനന്തസാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനത്തിന്റെ തന്നെ പേര് മെറ്റാവേഴ്‌സിനെ പ്രതിനിധീകരിക്കുന്ന മെറ്റാ എന്നാക്കി മാറ്റിയത്.

'മെറ്റാവേഴ്സിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു വിര്‍ച്വല്‍ സര്‍വകലാശാല യാഥാര്‍ഥ്യമാക്കുക എന്നതാണ് ഞങ്ങളുടെ ഭാവി പദ്ധതി. ലോകത്തെ മുന്‍നിര സര്‍വകലാശാലകളിലെ അധ്യാപകരുമായി വിര്‍ച്വലി ബന്ധപ്പെടാനും പഠനം നടത്താനും കഴിയുന്ന ഒന്നാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. മെറ്റാവേഴ്സിന്റെ ഏറ്റവും നൂതനമായ തലമായിരിക്കും അത് എന്നതില്‍ സംശയമില്ല. അത്തരമൊരു സ്വപ്നം കയ്യെത്തിപ്പിടിക്കാനുള്ള യാത്രയിലാണ് ഞങ്ങള്‍.' നൗഫല്‍ പറഞ്ഞു.
Content Highlights: iluzia labs kozhikode cyber park virtual reality augmented reality startup
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..