ഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ചൈനീസ് ബ്രാന്റായ വാവേ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു. ഹാര്‍മണി ഓഎസ് എന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പേര്. അമേരിക്കന്‍ ഭരണകൂടത്തിന്റെ വാണിജ്യ വിലക്കിനെ തുടര്‍ന്ന് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസ് പിന്തുണ നഷ്ടമായ സാഹചര്യത്തിലാണ് വാവേ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. 

ചൈനയില്‍ നടന്ന വാവേയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് വാവേ ഹാര്‍മണി ഓഎസ് അവതരിപ്പിച്ചത്. ഹോങ്‌മെങ് എന്ന പേരാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനായി കമ്പനി നേരത്തെ കണ്ടുവെച്ചിരുന്നത്. എന്നാല്‍ ലോക വിപണി ലക്ഷ്യമിട്ടാണ് ഹോങ്‌മെങ് എന്ന വാക്കിന് സമാനാര്‍ത്ഥം വരുന്ന ഹാര്‍മണി എന്ന പേര് ഓഎസിന് നല്‍കാന്‍ കമ്പനി തീരുമാനിച്ചത്. 

സാങ്കേതികമായ ആന്‍ഡ്രോയിഡിനേയും ആപ്പിളിന്റെ ഐഓഎസിനേയും വെല്ലുവിളിക്കുന്നതാണ് ഹാര്‍മണി ഓഎസ്. 

സവിശേഷതകള്‍ നോക്കാം

  • മൈക്രോ കെര്‍നല്‍ അടിസ്ഥാനമാക്കിയുള്ള ഡിസ്ട്രിബ്യൂട്ടഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹാര്‍മണി ഓഎസ്. 
  • കംപ്യൂട്ടറുകള്‍, സ്മാര്‍ട്‌ഫോണ്‍, ടിവി, സ്മാര്‍ട് വാച്ച്, വയര്‍ലെസ് ഇയര്‍ബഡ്‌സ്, കാറുകള്‍, ടാബ് ലെറ്റുകള്‍ ഉള്‍പ്പടെ നിങ്ങള്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കാനാവുന്നതാണ് ഇത്. 
  • കിലോബൈറ്റുകള്‍ (കെബി) മാത്രമുള്ള ചെറിയ റാം ശേഷിയുള്ള ഉപകരണങ്ങള്‍ മുതല്‍ ഗിഗാബൈറ്റുകള്‍ റാം ശേഷിയുള്ള ഉപകരണങ്ങളില്‍ വരെ ഹാര്‍മണി ഓഎസ് ഉപയോഗിക്കാം. 
  • ഇതിലെ ഡിറ്റര്‍മിനിസ്റ്റിക് ലാറ്റന്‍സി എഞ്ചിനും, ഇന്റര്‍ പ്രോസസ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും നിലവിലുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളേക്കാള്‍ അഞ്ചിരട്ടി പ്രവര്‍ത്തന മികവ് ഹാര്‍മണി ഓഎസിന് നല്‍കുമെന്ന് വാവേ പറയുന്നു. 

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചാരവൃത്തി ആരോപിച്ചാണ് വാവേ ഉല്‍പ്പന്നങ്ങളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വിവിധ അമേരിക്കന്‍ കമ്പനികള്‍ വാവേയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തിവെച്ചു. 

ഇതേ തുടര്‍ന്നാണ് ആന്‍ഡ്രോയിഡ് ഓഎസ് നല്‍കുന്നത് ഗൂഗിള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ഓഗസ്റ്റ് 19 വരെ വാവേയ്ക്കുള്ള നിയന്ത്രണങ്ങളില്‍ അമേരിക്ക ഇളവ് നല്‍കിയിരുന്നു. ഇത് പൂര്‍ത്തിയാവുന്നതോടെ അമേരിക്കന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാവേയ്ക്ക് ലഭ്യമല്ലാതാവും.

പത്ത് വര്‍ഷം മുമ്പ് തന്നെ പുതിയ ഓഎസിനായുള്ള അണിയറ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു എന്നാണ് വാവേ പറയുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഓഎസിന് വിലക്ക് വന്ന സാഹചര്യത്തിലാണ് അതിനുള്ള നീക്കങ്ങള്‍ ത്വരിത ഗതിയിലായത്. 

Content Highlights: Huawei launched Harmony OS, US ban On Huawei, Microkernel based OS, Harmony OS Devices