നമ്മുടെയെല്ലാം സ്മാര്‍ട്‌ഫോണുകളില്‍ ഗൂഗിളിന്റെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. ഇപ്പോള്‍ മലയാള ഭാഷയിലും ഗൂഗിള്‍ അസിസ്റ്റന്റിനോട് സംസാരിക്കാം. നമ്മള്‍ പറയുന്നതിനോട് കൃത്യമായ ഉത്തരങ്ങള്‍ ഗൂഗിള്‍ നല്‍കുന്നുണ്ട്. 

ഗൂഗിള്‍ അസിസ്റ്റന്റിനോട് മലയാളം പറയുന്നതെങ്ങനെ

  1. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഹോം ബട്ടനില്‍ അല്‍പ നേരം വിരലമര്‍ത്തുക. അപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റ് തുറന്നുവരും. 
  2. മലയാളത്തില്‍ സംസാരിക്കാമോ ? എന്ന് ചോദിക്കുക. 
  3. ഇപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഭാഷ മലയാളത്തിലേക്ക് മാറിയിട്ടുണ്ടാവും. 
  4. ഇനി നിങ്ങള്‍ക്ക് ഓരോ കാര്യങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റിനോട് ചോദിച്ചു തുടങ്ങാം. 

ഗൂഗിള്‍ അസിസ്റ്റന്റ് മലയാളത്തില്‍ സംസാരിക്കാന്‍ പഠിച്ചുതുടങ്ങുന്നതേയുള്ളൂ. അതിന്റെ പരിമിതികള്‍ ഗൂഗിള്‍ അസിസ്റ്റന്റിനുണ്ട്. അതുകൊണ്ടുതന്നെ ചില ചോദ്യങ്ങള്‍ക്ക് 'എനിക്ക് മനസിലാവുന്നില്ല' എന്ന മറുപടിയാണ് ഗൂഗിള്‍ അസിസ്റ്റന്റ് നല്‍കുന്നത്. 

പാട്ട് പാടാനും, തമാശ പറയാനും കഥപറയാനുമെല്ലാം ഗൂഗിളിനോട് ചോദിച്ചാല്‍ രസകരമായ മറുപടികളാണ് ഗൂഗിള്‍ നല്‍കുന്നത്. പാട്ട് പാടാന്‍ ആവശ്യപ്പെട്ടാല്‍ പാട്ട് ഇപ്പോഴും പഠിക്കുകയാണെന്നും സപ്തസ്വരങ്ങളായ സരിഗമപധനിസ മാത്രമേ അറിയുകയുള്ളൂ എന്നുള്ള മറുപടിയാണ് ലഭിക്കുക. എന്നാല്‍ ചില മലയാളം ചെറുകവിതകള്‍ പാടിത്തരുന്നുണ്ട്. 

ആപ്ലിക്കേഷനുകള്‍ തുറക്കാനും മലയാളത്തില്‍ നിര്‍ദേശം നല്‍കാവുന്നതാണ്. പാട്ട് പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നേരെ യൂട്യൂബ് ആപ്ലിക്കേഷന്‍ തുറന്നുവരും. 

മലയാളം സെര്‍ച്ചിന്റെ പരിമിതികള്‍ ഗൂഗിള്‍ അസിസ്റ്റന്റ് നേരിടുന്നുണ്ട്. എന്തായാലും അധികം വൈകാതെ തന്നെ മലയാള ഭാഷ നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ ഗൂഗിളിന് സാധിക്കുമെന്ന് പ്രത്യാശിക്കാം. 

മലയാളത്തെ കൂടാതെ മറാഠി, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും ഗൂഗിള്‍ അസിസ്റ്റന്റ് ഇപ്പോള്‍ സംസാരിക്കും. 

Content Highlights: how to speak malayalam with google assistant