ഏറെ നൊമ്പരത്തൊടും നിസ്സഹായവസ്ഥയോടും കൂടിയാണ് പലരും സായൂജ്യയുടെ അവസ്ഥയറിഞ്ഞത്. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനിയായ് സായൂജ്യയ്ക്ക് തന്റെ പഠന റിപ്പോര്‍ട്ടുകളും സാമഗ്രികളും അടങ്ങിയ ലാപ്‌ടോപ് ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് മോഷണം പോയി.

എനിക്ക് എന്റെ കണ്ണ് നഷ്ടമായതുപോലെയാണ് തോന്നുന്നത്, ഡിഗ്രി കാലം മുതല്‍ക്കുള്ള പഠനസാമഗ്രികള്‍ ഉണ്ടായിരുന്ന ലാപ്‌ടോപ് ആയിരുന്നു അത്.''- നിസ്സഹായതയോടെ സായൂജ്യ പറയുന്നു. 

ഗവേഷണവുമായി ബന്ധപ്പെട്ട് സായൂജ്യ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം ആ കംപ്യൂട്ടറിലായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ഗവേഷണ പഠനം നിലച്ച അവസ്ഥാണ് സായൂജ്യക്ക്. 

ഇത് സായൂജ്യക്ക് മാത്രം സംഭവിക്കാവുന്ന കാര്യമല്ല. കംപ്യൂട്ടറും, ലാപ്‌ടോപ്പുമെല്ലാം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും എല്ലായിപ്പോഴും ഇത്തരം ഒരു സാഹചര്യം മുന്നില്‍ കാണേണ്ടതുണ്ട്. ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാലും കേടുവന്നാലും അതിലെ ഫയലുകള്‍ നഷ്ടപ്പെടാതെ എങ്ങനെ നോക്കാം?

ഇന്ന് താരതമ്യേന സുരക്ഷിതമെന്ന് പറയാവുന്നത് ക്ലൗഡ് സ്റ്റോറേജ് ബാക്ക് അപ്പുകളാണ്. നിങ്ങളുടെ കംപ്യൂട്ടറിലെ സുപ്രധാന ഫയലുകളെല്ലാം തന്നെ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളുടെ സഹായത്തോടെ സൂക്ഷിക്കാനാവും. അതില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

ഗൂഗിള്‍ ഡ്രൈവ്

ഫയല്‍ ബാക്ക് അപ്പുകള്‍ക്ക് ആര്‍ക്കും എളുപ്പം ആശ്രയിക്കാവുന്ന സംവിധാനമാണ് ഗൂഗിള്‍ ഡ്രൈവ്. ജിമെയില്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ വിദ്യാഭ്യാസത്തിനും മറ്റുമായി വിവര ശേഖരണം നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമാണ്. കാരണം വീഡിയോ, ചിത്രങ്ങള്‍ തുടങ്ങിയ മള്‍ട്ടി മീഡിയാ ഫയലുകളേക്കാള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നത് ഡോക്യുമെന്റുകളാണ്. ഏറെ നാളത്തെ വിവര ശേഖരണത്തിനൊടുവില്‍ സമയമെടുത്ത് ടൈപ്പ് ചെയ്‌തെടുത്തതും എഡിറ്റ് ചെയ്ത് വൃത്തിയാക്കിയതുമായ സുപ്രധാ പഠന റിപ്പോര്‍ട്ടുകളായിരിക്കാം അവ. 

ഡോക്യുമെന്റ് ഫയലുകള്‍ക്ക് മള്‍ട്ടി മീഡിയാ ഫയലുകളേക്കാള്‍ വലിപ്പം കുറവായതുകൊണ്ടുതന്നെ പഠനാവശ്യത്തിനുള്ള ഭൂരിഭാഗം ഫയലുകളും ഗൂഗിള്‍ ഡ്രൈവില്‍ തന്നെ സൂക്ഷിക്കാന്‍ സാധിക്കും. 15 ജിബി വരെ സൗജന്യ സ്റ്റോറേജ് ഓരോ ഗൂഗിള്‍ അക്കൗണ്ടിനും ലഭിക്കുന്നുണ്ട്. 

ചെയ്യേണ്ടത് ഇത്രയുമാണ്. ഒന്നുകില്‍ നിങ്ങളുടെ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ഗൂഗിള്‍ ഡോക്‌സ് സേവനത്തെ ആശ്രയിക്കുക. വേഡ് ഡോക്യുമെന്റും, സ്‌പ്രെഡ് ഷീറ്റും, സ്ലൈഡും, ഫോമുകളുമെല്ലാം ഇതില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കും. ഇത് നേരെ ഗൂഗിള്‍ ഡ്രൈവിലേക്കാണ് ശേഖരിക്കപ്പെടുക. 

മൈക്രോസോഫ്റ്റ് വേഡ്, എക്‌സെല്‍, പവര്‍പോയിന്റ് പോലുള്ളവ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാ ഫയലുകളും തീയ്യതി അടിസ്ഥാനത്തില്‍ ഡ്രൈവിലേക്ക് അപ് ലോഡ് ചെയ്യുക. 

ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഏത് ഉപകരണത്തില്‍ നിന്നും നിങ്ങള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാനോ വീണ്ടും എഡിറ്റ് ചെയ്യാനോ സാധിക്കും. 

ഡിജി ബോക്‌സ്

ഫയലുകള്‍ ശേഖരിച്ചുവെക്കാന്‍ എളുപ്പം സാധിക്കുന്ന മറ്റൊരു സേവനമാണ് ഡിജിബോക്‌സ്. ഭാരത സര്‍ക്കാരിന്റെ ഒരു വിദഗ്‌ദോപദേശക സമിതിയായ നീതി ആയോഗ് ആണ് ഡിജി ബോക്‌സ് പുറത്തിറക്കിയത്. ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും ഫയലുകള്‍ ഡിജി ബോക്‌സ് സ്‌റ്റോറേജിലേക്ക് മാറ്റാം. 

ഇതിലെ സൗജന്യ അക്കൗണ്ടില്‍ 20 ജിബി വരെ ഫയലുകള്‍ അപ് ലോഡ് ചെയ്യാനാവും. രണ്ട് ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ ഇതില്‍ അപ് ലോഡ് ചെയ്യാം. അതായത് അപ് ലോഡ് ചെയ്യുന്ന ഒരു ഫയലിന് രണ്ട് ജിബി വരെ വലിപ്പമാവാം. 

ഇത് കൂടാതെ 30 രൂപ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ രണ്ട് ടിബി വരെ ആകെ സ്റ്റോറേജ് ലഭിക്കും. ഇതില്‍ ഒരു ഫയലിന് 10 ജിബി വരെ വലിപ്പമാവാം. അതേസമയം ഗൂഗിളില്‍ 125 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ 30 ജിബി സ്റ്റോറേജ് മാത്രമേ ലഭിക്കുകയുള്ളൂ. രണ്ട് ടിബി സ്‌റ്റോറേജിന് ഗൂഗിള്‍ ഡ്രൈവില്‍ 672 രൂപയാണ് വില.

ചെയ്യേണ്ട് ഇത്രമാത്രമാണ് ഇമെയില്‍ ഐഡി ഉപയോഗിച്ച് ഡിജി ബോക്‌സ് വെബ്‌സൈറ്റില്‍ ഒരു് അക്കൗണ്ട് തുടങ്ങുക. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിലെ ഫയലുകളും ഇതില്‍ അപ് ലോഡ് ചെയ്യാനാവും. ഫയല്‍ കൈമാറ്റത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. 

 

Content Highlights: How to back up data from computer, Google Drive, Digiboxx, Cloud Storage