സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ ഈ വര്‍ഷത്തെ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ നടത്തിയത്. പരസ്യ വിതരണത്തിനും മറ്റുമായുള്ള ഗൂഗിളിന്റെ വിവര ശേഖരണം വ്യാപകമായി വിമര്‍ശന വിധേയമാകുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ക്ക് (data) മേല്‍ നിയന്ത്രണാധികാരം നല്‍കുന്ന സംവിധാനങ്ങള്‍ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഗൂഗിളിലെ നിങ്ങളുടെ സ്വകാര്യതെ എങ്ങനെ പരിശോധിക്കാം എന്ന് നോക്കാം. 


1. ആദ്യം ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. ജിമെയിലില്‍ ലോഗിന്‍ ചെയ്ത് വലത് ഭാഗത്ത് മുകളിലുള്ള പ്രൊഫൈല്‍ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ട് എന്ന ലിങ്ക് കാണാം. അത് ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടില്‍ കയറാം

അതില്‍ Review your privacy settings എന്നതിന് താഴെയുള്ള 'Get started' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

2. അതില്‍  ആദ്യത്തേത് ഗൂഗിള്‍ ഉപയോഗം സ്വന്തം രീതിയില്‍ ആക്കുന്നതിനുള്ളതാണ്. (Personalize your Google experience)

ഇതില്‍ നിങ്ങളുടെ ഓണ്‍ലൈന്‍, ആപ്ലിക്കേഷന്‍ ഉപയോഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച വെബ് & ആപ്പ് ആക്റ്റിവിറ്റി സെറ്റിങ്‌സ് ആണ് ആദ്യം. ശേഷം ഡിവൈസ് ഇന്‍ഫര്‍മേഷന്‍, വോയ്‌സ് ഓഡിയോ ആക്റ്റിവിറ്റി, യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി, യൂട്യൂബ് വാച്ച് ഹിസ്റ്ററി എന്നീ സെറ്റിങ്‌സും കാണാം. ഇവ ഓരോന്നും തുറന്ന് അവ നിശ്ചലമാക്കുകയോ. നിയന്ത്രിക്കുകയോ ചെയ്യാം. നിങ്ങളുടെ പരമാവധി ഗൂഗിള്‍ ഉപയോഗം സ്വന്തം ഇഷ്ടപ്രകാരം ആക്കുന്നതിനുള്ള സെറ്റിങ്‌സുകളാണിവ. 

3. അതിന് ശേഷം വരുന്നത് യൂട്യൂബ് ഇടപെടലുകള്‍ സംബന്ധിച്ച സ്വകാര്യത ഉറപ്പുവരുത്തുന്നതിനുള്ള സെറ്റിങ്‌സ് ആണ്. 

നിങ്ങള്‍ ലൈക്ക് ചെയ്യുന്ന വീഡിയോകളും, പ്ലേലിസ്റ്റില്‍ സേവ് ചെയ്യുന്ന വീഡിയോകളും സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോകളും പ്രൈവറ്റ് ആക്കിവെക്കാവുന്നതാണ്. 

4. നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ സ്വകാര്യത തീരുമാനിക്കുകയാണ് അടുത്തത്. ഗൂഗിള്‍ വഴി നിങ്ങളെ തിരയുന്നവര്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ മുഖേന നിങ്ങളിലേക്കെത്താന്‍ സാധിക്കും വിധം നമ്പര്‍ പരസ്യമാക്കാനും അല്ലെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാനാവും വിധം ഫോണ്‍ നമ്പര്‍ രഹസ്യമാക്കിവെക്കാനും ഇതില്‍ സാധിക്കും. 

5. നിങ്ങളുടെ എന്തെല്ലാം പ്രൊഫൈല്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാം എന്ന് പരിശോധിക്കുകയാണ് നാലാമത്തേത്.  അത് പരിശോധിച്ച് വിലയിരുത്തി ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുക. 

6. ഏറെ പ്രധാനപ്പെട്ട മറ്റൊരു സെറ്റിങ്‌സ് ആണ് അഞ്ചാമത്തേത്. ഗൂഗിള്‍ വഴി നിങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങളുടെ സ്വഭാവം എങ്ങനെ വേണമെന്ന് നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം. ഇതിനായി അഞ്ചാമത്തെ Make ads more relevant to you എന്നതിന് താഴെയുള്ള MANAGE YOUR AD SETTINGS തിരഞ്ഞെടുക്കുക. അപ്പോള്‍ ആഡ് പേഴ്‌സണലൈസേഷന്‍ എന്ന പുതിയ പേജ് തുറന്നുവരും. 

അവിടെ നിങ്ങള്‍ക്ക് അനുയോജ്യമായ പരസ്യങ്ങള്‍ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം. അതിനായി Ad personalization is ON എന്ന ടോഗിള്‍ ബട്ടന്‍ ആവശ്യാനുസരണം ക്രമീകരിക്കാം. 

വ്യക്തിഗത പരസ്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍. അത് എന്തിന്റെയെല്ലാം അടിസ്ഥാനത്തില്‍ തീരഞ്ഞെടുക്കുന്നവയാണെന്നും നിങ്ങള്‍ക്ക് തീരുമാനിക്കാം. അതിനായി താഴെ വലിയൊരു പട്ടിക നല്‍കിയിട്ടുണ്ടാവും. അവ ഓരോന്നും തിരഞ്ഞെടുത്ത് ആവശ്യാനുസരണമുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. 

ഇതോടെ നിങ്ങളുടെ ഗൂഗിള്‍ സ്വകാര്യത പരിശോധന പൂര്‍ത്തിയാവും.