പ്രതീകാത്മക ചിത്രം | Photo: Gettyimages
ഇന്റര്‍നെറ്റ് യുഗത്തിലെ ദൈനംദിന ജീവിതത്തില്‍ അല്‍ഗൊരിതം എന്ന വാക്കിന് വലിയ സ്ഥാനമുണ്ട്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, യൂട്യൂബ് തുടങ്ങി ഇന്റര്‍നെറ്റിന് ഇടം നല്കിയ പുതിയ ജീവിതശൈലിയിലേക്ക് തലമുറ വ്യത്യാസമില്ലാതെ നാം കടന്നുകഴിഞ്ഞു. യുവതലമുറയില്‍ വലിയൊരു വിഭാഗത്തിന് ഇത്തരം സേവനങ്ങളിലെ ഉളളടക്കങ്ങളുടെ ഡിസ്ട്രിബ്യൂഷന്‍ അഥവാ വിതരണ രീതികളെക്കുറിച്ചുള്ള അടിസ്ഥാനധാരണ ചിലപ്പോഴുണ്ടാവാം. എന്നാല്‍, നവമാധ്യമങ്ങളിലേക്ക് വൈകി കടന്നുവന്ന ഉപഭോക്താക്കള്‍ക്ക് ഇത്തരം പ്ലാറ്റ്ഫോമുകളിലെ ഉളളടക്കങ്ങളെ എങ്ങനെ ഉള്‍ക്കൊളളണം, എങ്ങനെ കൈകാര്യം ചെയ്യണം എന്നെല്ലാമുളള ധാരണ ഉണ്ടാകണമെന്നില്ല. സോഷ്യല്‍ മീഡിയ അല്‍ഗൊരിതം വിവിധ ഉളളടക്കങ്ങളിലേക്ക് എങ്ങനെയാണ് ഉപഭോക്താവിനെ കൊണ്ടുപോവുന്നതെന്ന് അറിയേണ്ടതുണ്ട്.
എന്താണ് അല്‍ഗൊരിതം?
ആധുനിക ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണ് സ്മാർട് ഫോണും കംപ്യൂട്ടറും. സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്ന ഏതൊരാളും മിനിമം അറിഞ്ഞിരിക്കേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ട്. ഈ ജോലികളെല്ലാം ചെയ്യുന്നത് ഒരു കൂട്ടം അല്‍ഗൊരിതങ്ങളാണ്. പ്രോഗ്രാമിങ് ഭാഷകളിലൂടെയാണ് കംപ്യൂട്ടറുകള്‍ക്ക് വേണ്ടിയുള്ള അല്‍ഗൊരിതം തയ്യാറാക്കുന്നത്. ഗണിത ശാസ്ത്രത്തിലേത് പോലെ, ഒരു പ്രശ്നം പരിഹരിക്കുന്നതിന് കംപ്യൂട്ടറിന് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളെയാണ് അല്‍ഗൊരിതം എന്ന് വിളിക്കുന്നത്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ സമാനമായ പ്രശ്നങ്ങള്‍ അതേ രീതിയില്‍ പരിഹരിക്കാനാവും.
കംപ്യൂട്ടര്‍ ഡെസ്ക് ടോപ്പില്‍ കാണുന്ന ഒരു ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ആ ആപ്ലിക്കേഷന്‍ തുറന്നുവരുന്നതും അതേ ഐക്കണില്‍ തന്നെ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ബന്ധപ്പെട്ട ഓപ്ഷനുകള്‍ കാണുന്നതും കംപ്യൂട്ടറിലെ അല്‍ഗൊരിതം അനുസരിച്ചാണ്. സ്മാര്‍ട് ഫോണുകള്‍, കംപ്യൂട്ടറുകള്‍, സ്മാര്‍ട് ടിവികള്‍, റോബോട്ടുകള്‍ തുടങ്ങിയ ഉപകരണങ്ങളും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആപ്പുകളും അല്‍ഗൊരിതങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അല്‍ഗൊരിതം
സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടാണ് ഇന്ന് അല്‍ഗൊരിതം എന്ന വാക്ക് കൂടുതലും കേള്‍ക്കാറ്. ഫെയ്സ്ബുക്ക് തന്നെ ഉദാഹരണമായി എടുക്കാം. ഫെയ്സ്ബുക്കില്‍ ആരൊക്കെ, എന്തൊക്കെ കാണണമെന്നു തീരുമാനിക്കുന്നത് അല്‍ഗൊരിതമാണ്.

ഉപഭോക്താക്കള്‍ എന്ത് കാണണമെന്നു തീരുമാനിക്കാന്‍ ഫെയ്സ്ബുക്ക് അല്‍ഗൊരിതം വിവിധ ഘടകങ്ങള്‍ പരിഗണിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് ഉപഭോക്താവിന്റെ ഉപയോഗരീതികളും സ്വഭാവവും. ഏതെല്ലാം രീതിയിലാണ് ഫെയ്സ്ബുക്കില്‍ ഇടപെടുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് പിന്നീട് ഫെയ്സ്ബുക്കിലെ ഉള്ളടക്കങ്ങള്‍ മുന്നിലെത്തുന്നത്. ഉദാഹരണത്തിന്, സ്ഥിരമായി ഒരു പേജില്‍ ഇടപഴകുന്നുവെന്നിരിക്കട്ടെ, ചാറ്റിലൂടെയും കമന്റുകളിലൂടെയും മറ്റും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നുവെന്നിരിക്കട്ടെ, ഈ സുഹൃത്തുക്കളില്‍നിന്നും പേജുകളില്നിന്നുമുള്ള പോസ്റ്റുകള്‍ക്കായിരിക്കും ഫീഡില്‍ പിന്നീട് അല്‍ഗൊരിതം പ്രാധാന്യം നല്‍കുക.
ഇതിന് പുറമെ പോസ്റ്റുകളുടെ സ്വഭാവം, ജനപ്രീതി, ലൈക്കുകള്‍, കമന്റുകള്‍, ഷെയറുകള്‍ പോലുള്ള ഘടകങ്ങളും ഒരു പോസ്റ്റിന്റെ പ്രചാരം നിശ്ചയിക്കുന്നതിനായി ഫെയ്സ്ബുക്ക് അല്‍ഗൊരിതം പരിഗണിക്കുന്നുണ്ട്. ഇത് കൂടാതെ ഫീഡില്‍ കാണിക്കുന്ന പോസ്റ്റുകള്‍ ഉപഭോക്താവിന് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്നുളളതും ഫെയ്സ്ബുക്ക് അല്‍ഗൊരിതം കണക്കാക്കുന്നുണ്ട്. ഇതിനായി ചില സിഗ്നലുകള്‍ പരിഗണിക്കും. ലൊക്കേഷന്‍, ഫെയ്സ്ബുക്ക് നോക്കുന്ന സമയം, അതിനായി ഉപയോഗിക്കുന്ന ഉപകരണം എന്നിവ അതില്‍ ചിലതാണ്. ഉദാഹരണത്തിന്, ഉപയോക്താവ് കോഴിക്കോട് നഗരത്തിലാണ് എന്നിരിക്കട്ടെ. ഫീഡില്‍ കോഴിക്കോട് നഗരത്തില്‍നിന്നുള്ള സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കും.
ലൈക്ക് ചെയ്ത പേജുകള്‍, ഗ്രൂപ്പുകള്‍, പൊതു വ്യക്തിത്വങ്ങള്‍ എന്നിവയും അല്‍ഗൊരിതം പരിഗണിക്കുന്ന മറ്റ് ഘടകങ്ങളാണ്.

ചുരുക്കത്തിൽ, ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനം സാമൂഹിക ജീവിതത്തിന് സമാനമാണ്. കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കാണ് യഥാര്‍ഥ ജീവിതത്തിലും നാം മുന്‍തൂക്കം നല്‍കുന്നത്. നമുക്ക് ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ നമ്മുടെ ചിന്താരീതികളുമായി ചേര്ന്നുപോകുന്നവരുമായിട്ടായിരിക്കും നമ്മുടെ സൗഹൃദം. താല്പര്യമുളള കൂട്ടായ്മകള്ക്കൊപ്പമേ നാം സഹകരിക്കൂ. വായിക്കുന്ന പുസ്തകവും വാര്‍ത്തകളും കാണുന്ന സിനിമകളും വീഡിയോകളും എല്ലാം നമ്മുടെ താല്പര്യത്തിന് അനുസരിച്ച് മാത്രമാണ്. ഇതുതന്നെയാണ് ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനവും.
ഫെയ്സ്ബുക്കില്‍ ലൈക്ക് ചെയ്യുന്ന, ഫോളോ ചെയ്യുന്ന, ഷെയര്‍ ചെയ്യുന്ന, വായിക്കുന്ന, കാണുന്ന ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക് താല്പര്യമുള്ളവയാണെന്ന് അല്‍ഗൊരിതം കണക്കാക്കും. അവഗണിച്ചു കളയുന്ന ഉള്ളടക്കങ്ങളെ അപ്രധാനമെന്ന് കണക്കാക്കി ഫീഡില്‍നിന്ന് ഒഴിവാക്കും. പരസ്യങ്ങളും ഈ രീതിയിലാണ് ഫെയ്സ്ബുക്ക് വിതരണം ചെയ്തിരുന്നത്.
അല്‍ഗൊരിതം സ്ഥിരമാണോ?
ഉപയോക്താക്കള്‍ക്ക് എന്തൊക്കെ നൽകണമെന്നും എങ്ങനെ, എപ്പോള്‍ കാണിക്കണം എന്നും നിശ്ചയിക്കുന്നതിന് പല ഘടകങ്ങള്‍ അല്‍ഗൊരിതം പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ. ഇതേക്കുറിച്ച് കൂടുതൽ അറിയാം.
- 2009-ലാണ് പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള ആദ്യ അല്‍ഗൊരിതം ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ഉള്ളടക്കം ആദ്യം കാണിക്കണം എന്നതായിരുന്നു അതിനുള്ള മാനദണ്ഡം. അതായത് പോസ്റ്റുകളുടെ ജനപ്രീതി പരിഗണിക്കപ്പെട്ടു.
- 2015-ല്‍ പരസ്യ പ്രചാരണം മാത്രം ലക്ഷ്യമിട്ട ഫെയ്സ്ബുക്ക് പേജുകളില്‍നിന്നുള്ള ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തി ഇഷ്ടമുള്ള പേജുകള്‍ തിരഞ്ഞെടുക്കാന്‍ See First ഫീച്ചര്‍ അവതരിപ്പിച്ചു.
- 2016-ല്‍ പോസ്റ്റുകളുടെ പ്രാധാന്യം കണക്കിലെടുക്കാന്‍, ഉപയോക്താക്കള്‍ ഒരു പോസ്റ്റ് ലൈക്കും ഷെയറും ചെയ്തില്ലെങ്കിലും അതില്‍ എത്ര സമയം ചെലവഴിക്കുന്നു എന്ന് കണക്കാക്കിത്തുടങ്ങി.
- 2017-ല്‍ ഹാര്‍ട്ട്, ആംഗ്രി ഇമോജി റിയാക്ഷനുകളും പോസ്റ്റിനോടുള്ള ഉപയോക്താവിന്റെ താല്പര്യം കണക്കാക്കാന്‍ പരിഗണിച്ചു തുടങ്ങി.
- 2018-ല്‍ മികച്ച രീതിയില്‍ ആശയവിനിമയം നടക്കുന്ന പോസ്റ്റുകള്‍ക്ക് ഫീഡില്‍ പ്രാധാന്യം കൊടുക്കുന്നത് ആരംഭിച്ചു.
- 2019-ല്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള വീഡിയോകള്‍ക്ക് പ്രാധാന്യം നല്കി തുടങ്ങി.
- 2020-2021 വര്‍ഷങ്ങള്‍ ആയപ്പോഴേക്കും ഉള്ളടക്കങ്ങള്‍ കാണിക്കുന്നതില്‍ ഫെയ്സ്ബുക്ക് വലിയ രീതിയില്‍ ജാഗ്രത പുലര്‍ത്തി തുടങ്ങി. അതുവരെ പിന്തുടര്ന്നുവന്ന അല്‍ഗൊരിതങ്ങളുടെ പരിമിതികള്‍ പരിഹരിക്കേണ്ടതായി വന്നു. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവ നിയന്ത്രിക്കേണ്ടി വന്നു.
- ഉപയോക്താവിനെ അടിമുടി പിന്തുടര്ന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉള്ളടക്കങ്ങളും പരസ്യങ്ങളും വിതരണം ചെയ്യുന്ന രീതി ആഗോളതലത്തില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ. വിവരശേഖരണത്തിന് ഉപയോക്താക്കളുടെ അനുമതി തേടേണ്ടി വന്നു. ഇതോടൊപ്പം ഫീഡില്‍ എന്ത് കാണണമെന്ന് നിശ്ചയിക്കാനുള്ള അധികാരം ഉപയോക്താവിന് കൈവന്നു.

2023-ലെ അല്‍ഗൊരിതം എങ്ങനെ?
ഉള്ളടക്കങ്ങള്‍ കാണിക്കുന്ന ഭാഗത്തെ ന്യൂസ് ഫീഡ് എന്ന് വിളിക്കുന്നത് അവസാനിപ്പിച്ചു. പകരം ഫീഡ് എന്നായിരിക്കും ഇനി അറിയപ്പെടുക. 2023-ലെ ഫീഡ് കൂടുതല്‍ അര്‍ത്ഥവത്തും വിജ്ഞാനപ്രദവും ആയിരിക്കും എന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്. ഉള്ളടക്കങ്ങളെ അതിനുവേണ്ടി ക്രമീകരിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങളാണ് ഫെയ്സ്ബുക്ക് ഇനി പരിഗണിക്കുക.
ആരുടെ പോസ്റ്റ് - ഫെയ്സ്ബുക്കില്‍ കൂടുതല്‍ സമയം ആരുടെ പോസ്റ്റുകളിലാണോ ഇടപഴകുന്നത് അവരുടെ പോസ്റ്റുകളായിരിക്കും ഫീഡില്‍ കാണുക. അത് സുഹൃത്തുക്കളാവാം പേജുകളാവാം ബിസിനസുകളാവാം.
ഉള്ളടക്കത്തിന്റെ സ്വഭാവം- ഏതുതരം ഉള്ളടക്കമാണോ കാണുന്നത് അതിന് പ്രാധാന്യം ലഭിക്കും. അതായത് ഫെയ്സ്ബുക്കില്‍ കൂടുതലും ആസ്വദിക്കുന്നത് വീഡിയോ ആണെങ്കില്‍ ഫീഡില്‍ കൂടുതല്‍ വീഡിയോ ഉള്ളടക്കങ്ങള്‍ കാണിക്കും. ചിത്രങ്ങള്‍ പങ്കുവെക്കാനും ആസ്വദിക്കാനുമാണ് കൂടുതല്‍ താല്പര്യപ്പെടുന്നത് എങ്കില്‍ അതായിരിക്കും കാണുക.
പോസ്റ്റുകളോടുള്ള പ്രതികരണം- കൂടുതലും ലൈക്ക് ചെയ്യുന്നതും കമന്റ് ചെയ്യുന്നതുമായുള്ള പോസ്റ്റുകള്‍ ആരാണോ പങ്കുവെച്ചത് അവരില്‍നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം ലഭിക്കും.
മുമ്പ് പരിഗണിച്ചിരുന്ന പല ഘടകങ്ങളും നിലനിര്‍ത്തിക്കൊണ്ടും മറ്റു ചിലത് ഒഴിവാക്കിയുമാണ് കാലാന്തരത്തിലുള്ള ഈ അല്ഗൊരിത പരിഷ്കാരങ്ങള്‍ കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കൂടി മനസിലാക്കാം.
വിലക്കാനും അല്‍ഗൊരിതത്തെ പഠിപ്പിച്ചിട്ടുണ്ട്
എന്തെല്ലാം കാണണമെന്നതു പോലെ എങ്ങനെയെല്ലാം നിയന്ത്രിക്കണമെന്നും ഫെയ്സ്ബുക്ക് അല്‍ഗൊരിതത്തെ പഠിപ്പിച്ചിട്ടുണ്ട്. ഇതിനായി പ്രധാനമായും കണക്കിലെടുക്കുക കമ്പനിയുടെ പ്രൈവസി പോളിസിയില്‍ വിലക്കിയിട്ടുള്ള കാര്യങ്ങളായിരിക്കും. വ്യാജവാര്‍ത്ത പ്രചരണം, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചരണം, അസ്വാഭാവിക രീതിയിലുള്ള ഇടപെടല്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെടും. അല്‍ഗൊരിതത്തെ കബളിപ്പിക്കാനുള്ള ശ്രമങ്ങളെ അസ്വാഭാവിക ഇടപെടലായി കണക്കാക്കി അക്കൗണ്ടിന് വിലക്കേര്പ്പെടുന്നതിന് വരെ ഇടയാക്കിയേക്കാം.
അല്‍ഗൊരിതത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞുള്ള ശ്രദ്ധയോടെയുള്ള ഇടപെടലാണ് ഉപഭോക്താവില്‍നിന്ന് ഉണ്ടാവേണ്ടത്.
Read More
Content Highlights: how the facebook algorithm works, what is algorithm, algorithm malayalam
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..