-
കോവിഡ്-19 നെ തുടര്‍ന്നുള്ള സാമൂഹിക നിയന്ത്രണങ്ങളുടെ കാലമാണിത്. കുട്ടികളെല്ലാം സ്‌കൂളില്‍ പോവാതെ വീട്ടില്‍ തന്നെ കഴിയുന്നു. വിദ്യാഭ്യാസത്തിന് ഓണ്‍ലൈന്‍ സംവിധാനങ്ങളെ വ്യാപകമായി ആശ്രയിക്കുന്നു. പഠനത്തിന് വേണ്ടി കംപ്യൂട്ടറുകളും, സ്മാര്‍ട്‌ഫോണുകളും ഉപയോഗിക്കാന്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. വീട്ടിലിരിക്കുന്ന സമയത്ത് പഠനത്തിനായും അല്ലാതെയും കുട്ടികള്‍ സ്മാര്‍ട്‌ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുന്നുണ്ട്. പലരും കുട്ടികള്‍ക്ക് വേണ്ടി ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ എടുക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധപുലര്‍ത്തേണ്ടതായുണ്ട്. അതിന് ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണും, ക്രോം ബൂക്കും ഉപയോഗിക്കുന്ന കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെ നിയന്ത്രിക്കാം
2017 ല്‍ മാതാപിതാക്കള്‍ക്കായി ഫാമിലി ലിങ്ക് എന്നൊരു സേവനം ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ഇതുവഴി മാതാപിതാക്കള്‍ക്ക് സാധിക്കും.
കുട്ടികള്‍ ഏതെല്ലാം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു, ആപ്ലിക്കേഷനുകളില്‍ പണമിടപാട് നടത്തുന്നുണ്ടോ, ഓരോ ആപ്ലിക്കേഷനും അവര്‍ എത്രനേരം ഉപയോഗിക്കുന്നു എന്നെല്ലാം ഫാമിലി ലിങ്ക് ആപ്പിലൂടെ നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും.
അധ്യാപകര്‍ നിര്‍ദേശിക്കുന്ന ആപ്ലിക്കേഷനുകളുടെ ഒരു പ്രത്യേക വിഭാഗവും ഫാമിലി ലിങ്കിലുണ്ട്.

ഫാമിലി ലിങ്കിന് 'ഫാമിലി ലിങ്ക് ഫോര്‍ പാരന്റ്‌സ്, ഫാമിലി ലിങ്ക് ഫോര്‍ ചില്‍ഡ്രന്‍ ആന്റ് ടീന്‍സ്' എന്നിങ്ങനെ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകളുണ്ട്. അതില്‍ ഒന്ന് രക്ഷിതാവിന്റെ ഫോണിലും, മറ്റേത് കുട്ടിയുടെ ഫോണിലുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. പ്ലേ സ്റ്റോറില്‍ ഇവ ലഭ്യമാണ്.
ഈ ആപ്ലിക്കേഷനുകള്‍ അതാത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തമ്മില്‍ ബന്ധിപ്പിക്കണം. അതിനുള്ള നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി ആപ്ലിക്കേഷനുകള്‍ നല്‍കിയിട്ടുണ്ട്.
ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ അവരുടെ ഫോണുകളെല്ലാം രക്ഷിതാവിന്റെ ഫാമിലി ലിങ്ക് ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്.
കുട്ടിയുടെ ഫോണും രക്ഷിതാവിന്റെ ഫോണിലെ ഫാമിലി ലിങ്ക് ആപ്ലിക്കേഷനും തമ്മില്‍ ബന്ധിപ്പിച്ച് കഴിഞ്ഞാല്‍
സെറ്റിങ്‌സ് വഴി കുട്ടിയുടെ ഫോണിലെ ഗൂഗിള്‍ പ്ലേ, ക്രോം, ഗൂഗിള്‍ പേജ് എന്നിവയിലേക്ക് പ്രവേശം ലഭിക്കും. സ്‌ക്രീന്‍ ടൈം, ഡിവൈസ് ആക്റ്റിവിറ്റി, ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനുകള്‍ ഏതെല്ലാം എന്നിവ ഇതുവഴി അറിയാം.
കുട്ടികളുടെ ലൊക്കേഷന്‍ മനസിലാക്കാനും ഫാമിലി ലിങ്ക് ആപ്പിലൂടെ രക്ഷിതാവിന് സാധിക്കും. എന്നാല്‍ കുട്ടിയുടെ ഫോണില്‍ ഡാറ്റാ കണക്ഷന്‍ ഓണ്‍ ചെയ്‌തെങ്കില്‍ മാത്രമെ ഇവ സാധിക്കൂ.
കുട്ടികള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത് സുരക്ഷിതമാക്കാന്‍ സേഫ് സെര്‍ച്ച് സൗകര്യവും ഫാമിലി ലിങ്കിലുണ്ട്.

ബ്രോഡ്ബാന്റ് കണക്ഷനുകള്‍ എടുത്ത വീടുകളില്‍ റൂട്ടറുകള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാവുന്നതാണ്. ചില ആധുനിക റൂട്ടര്‍ ഉപകരണങ്ങളില്‍ പാരന്റല്‍ കണ്‍ട്രോള്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെ ലഭ്യമാണ്. ആദ്യം ഇതിനായുള്ള ലോഗിൻ പാസ് വേഡുകൾ സേവനദാതാവിൽ നിന്ന് ചോദിച്ചറിയുക.
സുരക്ഷിതമായ ഇന്റര്‍നെറ്റ് സെര്‍ച്ച് സാധ്യമാക്കുന്നതിന്. യുആര്‍എല്‍ ഫില്‍റ്റര്‍, ഫയര്‍വാള്‍ പോലുള്ള സംവിധാനങ്ങള്‍ വൈഫൈ റൂട്ടറുകളില്‍ സാധാരണമായി ലഭ്യമാണ്. ഇതുവഴി നിങ്ങള്‍ക്ക് ചില യുആര്‍എലുകള്‍ മാത്രം നിങ്ങളുടെ നെറ്റ് വര്‍ക്കില്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. വൈഫൈ റൂട്ടറില്‍ ബന്ധിപ്പിക്കാവുന്ന ഉപകരണത്തിന്റെ എണ്ണം നിയന്ത്രിക്കാം.
നിങ്ങളുടെ വീട്ടില്‍ ഉപയോഗിക്കുന്ന റൂട്ടറിന്റെ ഉപയോഗ നിര്‍ദേശങ്ങള്‍ പരിശോധിച്ച് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. സംശയങ്ങള്‍ക്ക് സേവന ദാതാവുമായി ബന്ധപ്പെടുക.
രക്ഷിതാക്കള്‍ക്ക് വേണ്ട നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുന്ന ഒരു റൂട്ടര്‍ ആണ് ടിപി-ലിങ്കിന്റെ ആര്‍ചര്‍ എഎക്‌സ് 50.
ഇതില്‍ ഹോം കെയര്‍ എന്നൊരു സംവിധാനമുണ്ട്. അതിലൂടെ ആന്റി വൈറസ് സംരക്ഷണം, യൂസര്‍ പ്രൊഫൈലുകള്‍ പോലെ നിരവധി സൗകര്യങ്ങള്‍ ലഭ്യമാണ്.
വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിച്ച് നെറ്റ്‌വര്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്തു
നിങ്ങളുടെ കുട്ടിയുടെ ഇന്റര്‍നെറ്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നതിനും അവരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗം ഒരു വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) ഉപയോഗിക്കുക എന്നതാണ്. ഒരു വിപിഎന്നിന് ധാരാളം നേട്ടങ്ങളുണ്ട്. നിങ്ങളുടെ ഇന്റര്‍നെറ്റ് ട്രാഫിക് രണ്ട് വഴികളിലൂടെയും എന്‍ക്രിപ്റ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
നിങ്ങളുടെ ബ്രൗസിങ് രഹസ്യമാക്കിവെക്കാന്‍ വിപിഎന്‍ സഹായിക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ സുരക്ഷിതമല്ലാത്തപ്പോള്‍, നിങ്ങള്‍ ഓണ്‍ലൈനില്‍ ചെയ്യുന്നതെല്ലാം ഹാക്കര്‍മാര്‍ക്ക് കാണാനും നിങ്ങളുടെ ഡാറ്റ മോഷ്ടിക്കാനും കഴിയും.
നിങ്ങളും നിങ്ങളുടെ കുട്ടിയും ഇന്റര്‍നെറ്റില്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ മികച്ച വിപിഎന്‍ സേവനങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍, വൈഫൈ അല്ലെങ്കിലും ആ കണക്ഷന്‍ സുരക്ഷിതമാകുന്നതിനായി നിങ്ങളുടെ ഓരോ ഉപകരണത്തിലും ഈ സേവനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. വിപിഎന്‍ സേവനങ്ങള്‍ ചിലത് സൗജന്യവും ചിലത് നിശ്ചിത തുക ചിലവ് വരുന്നവയും ആണ്.

വിവിധ ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തിനിടെ മാല്‍വെയറുകളില്‍ നിന്നും മറ്റും തത്സമയം സംരക്ഷണം നല്‍കാന്‍ ഈ സോഫ്റ്റ് വെയറുകള്‍ സഹായിക്കും. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ആന്റി വൈറസ് സോഫ്റ്റ് വെയറുകളില്‍ ലഭ്യമാണ്. വിപിഎന്‍ സൗകര്യവും ഇത്തരത്തിലുള്ള സോഫ്റ്റ് വെയറുകള്‍ നല്‍കുന്നുണ്ട്.
Content Highlights: how protect children kids on internet smartphone computer
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..