കുപെര്‍ട്ടിനോയില്‍ സ്ഥാപിച്ച പുതിയ ആപ്പിള്‍ പാര്‍ക്ക് ക്യാമ്പസിലേക്ക് മാറിയ എല്ലാ ആപ്പിള്‍ ജീവനക്കാരും ഒരു വിചിത്രമായ പ്രശ്നത്തിലാണ്. അത്യാധുനിക സാങ്കേതിക വിദ്യകളുള്ള ഐഫോണുകള്‍ പുറത്തിറക്കുന്ന ഈ എഞ്ചിനീയറിങ് വിദഗ്ദര്‍ ആപ്പിള്‍ ആസ്ഥാനത്തെ ഗ്ലാസ് മതിലുകളുമായി കൂട്ടിയിടിക്കുന്നത് ഒരു നിത്യ സംഭവമായിരിക്കുകയാണത്രേ. 

ഗ്ലാസ് മതിലുകളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ചിലര്‍ സ്റ്റിക്കര്‍ നോട്ടുകള്‍ വരെ ഗ്ലാസുകള്‍ പതിക്കാന്‍ തുടങ്ങി. പക്ഷെ കെട്ടിടത്തിന്റെ രൂപകല്‍പനയെ ബാധിക്കുമെന്നതിനാല്‍ തൂപ്പുജോലിക്കാര്‍ ആ സ്റ്റിക്കറുകളെല്ലാം  നീക്കി ഗ്ലാസുകളെല്ലാം വൃത്തിയാക്കുകയും ചെയ്തു. 

അതേസമയം ഈ വിചിത്രമായ പ്രശ്നത്തെകുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നവംബറില്‍ പുറത്തിറക്കിയ ആപ്പിള്‍ ഐഫോണ്‍ ടെന്നിന്റെ ഒരു പരസ്യം ഈ പ്രശ്നം മുന്‍കൂട്ടി പ്രവചിച്ചിരുന്നു എന്നാണ് പുതിയ വാര്‍ത്ത.

ഈടുനില്‍ക്കുന്ന ഡിസ്പ്ലേ ഗ്ലാസ് ഫോണിന്റെ ഒരു ഫീച്ചറായി എടുത്തു പറഞ്ഞായിരുന്നു പരസ്യം. ക്യാമറയ്ക്ക് നേരെ വരുന്ന ഒരാള്‍ ഗ്ലാസ് പ്രതലത്തില്‍ കൂട്ടിയിടിക്കുന്ന രംഗമായിരുന്നു പരസ്യത്തില്‍. പരസ്യത്തില്‍ ചിത്രീകരിച്ച അതേ പ്രശ്നമാണ് ഇപ്പോള്‍ ആപ്പിള്‍ ജീവനക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ചിരിവന്നേക്കും. 

ആപ്പിള്‍ സ്ഥാപകനും മുന്‍ സിഇഓയുമായിരുന്ന സ്റ്റീവ് ജോബ്സിന്റെ ആശയമായിരുന്നു പുതിയ ആപ്പിള്‍ ക്യാമ്പസ്. ജോബ്സിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രശസ്ത ആര്‍ക്കിടെക്റ്റ് നോര്‍മാന്‍ ഫോസ്റ്റര്‍ ആണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത്. 

കെട്ടിടത്തിനുള്ളിലെ മതിലുകളില്‍ ഭൂരിഭാഗവും സുതാര്യമായ ഗ്ലാസ് ആണ്. തുറന്ന സമീപനം, സുതാര്യത എന്നെല്ലാം പ്രമേയമാക്കിയാണ് ഈ രീതിയില്‍ കെട്ടിടം രൂപകല്‍പന ചെയ്തത്.