-
'ഇപ്പോള്‍ എന്നെപ്പോലെയുള്ള സൈസ് സീറോ ആണ്‍പിള്ളേരുടെ പിറകെയാണ് ചിക്‌സ് മുഴുവന്‍, വില്‍ യു മാരി മീ...' -ലാല്‍ ജോസ് ചിത്രമായ 'വിക്രമാദിത്യ'നില്‍ ദുല്‍ഖര്‍ സല്‍മാനും നമിത പ്രമോദും തമ്മിലുള്ള ഒരു രംഗത്തിലെ രസകരമായ ഡയലോഗാണിത്. കാര്യം സിനിമാ ഡയലോഗ് ഒക്കെ ആണെങ്കിലും ഇന്നത്തെ തലമുറ പിന്തുടരുന്ന സ്ത്രീ-പുരുഷ സൗന്ദര്യസങ്കല്പം ഇതാണ്. സൈസ് സീറോ ബോളിവുഡ് നായികാ-നായകന്മാരെ പാടേ അനുകരിക്കുന്നവരും കുറവല്ല.
ആരോഗ്യം മാത്രമല്ല ശരീരസൗന്ദര്യത്തിനും കൂടി പ്രാധാന്യം നല്‍കുന്നവര്‍ ധാരാളമുണ്ട്. ഇതിനായി തങ്ങളുടെ ദിനചര്യകളില്‍ വര്‍ക്ക് ഔട്ട് ചെയ്യാനായി സമയം കണ്ടെത്തുന്നവരാണ് പലയാളുകളും. ജിമ്മില്‍ പോകുന്നവരും വീട്ടില്‍ത്തന്നെ വര്‍ക്ക് ഔട്ട് ചെയ്യുന്നവരുമുണ്ട്. എന്നാല്‍, സ്ഥിരം ജിമ്മില്‍ പോകുന്നവര്‍ക്ക് രണ്ടോ മൂന്നോ ദിവസം മറ്റെവിടേക്കെങ്കിലും യാത്രപോകേണ്ടി വന്നാല്‍ എന്തുചെയ്യും...? എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യും...? വലിയ തുക അഡ്വാന്‍സ് നല്‍കി, സ്ഥിരം ജിമ്മില്‍ പോകുന്ന മിക്കവരുടെയും ആശങ്കയാണിത്.
ഇതിന് പരിഹാരമായി കേരളത്തിലെവിടെയാണെങ്കിലും നിങ്ങളുടെ തൊട്ടടുത്തുള്ള ജിമ്മില്‍ പോകാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് സുഷി ടെക്നോളജീസിന്റെ 'ബ്രോയ്ഡ്' എന്ന 'ജിം നെറ്റ്വര്‍ക് മൊബൈല്‍ ആപ്പ്'.
മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്തിരുന്ന ഷിഹാബ് അലിയും സഹപ്രവര്‍ത്തകന്‍ സുമിത് കുമാറുമാണ് കേരളത്തിലങ്ങോളമുള്ള ജിംനേഷ്യങ്ങളെല്ലാം ഒരു ആപ്പിനുള്ളില്‍ അണിനിരത്തിയിരിക്കുന്നത്. ഈ ആശയത്തില്‍ താത്പര്യം തോന്നി കുന്നംകുളം സ്വദേശി റബ്ബി ചീരന്‍ ബെന്നിയും ഒപ്പം കൂടി. സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് ഇത്തരമൊരു സംരംഭക ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് കമ്പനി സ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ഷിഹാബ് അലി പറയുന്നു. കമ്പനി സി.ഇ.ഒ. ആണ് സുമിത്കുമാര്‍. സി.ടി.ഒ. ആണ് റബ്ബി ചീരന്‍ ബെന്നി.
2018 ഫെബ്രുവരിയിലാണ് പേരിന്റെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത് സുഷി ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പിന് ഷിഹാബും സുമിത്തും തുടക്കംകുറിച്ചത്. 2019 മാര്‍ച്ചില്‍ ബ്രോയ്ഡ് ആപ്പ് പ്രവര്‍ത്തനമാരംഭിച്ചു. 50 ജിമ്മുകളുമായി സഹകരിച്ചായിരുന്നു തുടക്കം. ജിമ്മുകള്‍ സന്ദര്‍ശിച്ച് നിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് സഹകരണത്തിലേര്‍പ്പെട്ടത്. തുടക്കത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റേത് അടക്കമുള്ള സീഡ് ഫണ്ടിങ്ങും സ്റ്റാര്‍ട്ട് അപ്പിന് ലഭിച്ചിട്ടുണ്ട്. ഐ.ഐ.എം. കോഴിക്കോടിന്റെ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലും കമ്പനി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഒറ്റ ആപ്പില്‍ 108 ജിമ്മുകള്‍
പ്രീമിയം ക്ലാസിലുള്ള ജിമ്മുകളുമായി സഹകരിച്ചാണ് ബ്രോയ്ഡ് ആപ്പിന്റെ പ്രവര്‍ത്തനം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലെ 108-ഓളം പ്രീമിയം ജിമ്മുകള്‍ ആപ്പിലുണ്ട്. യൂണിസെക്‌സ് ജിമ്മുകളാണ് ഇവയില്‍ കൂടുതലും. ഒരു സിനിമാ ടിക്കറ്റ് എടുക്കുന്ന ലാഘവത്തില്‍ ബ്രോയ്ഡ് ആപ്പ് വഴി ഏത് ജിമ്മും ബുക്ക് ചെയ്യാന്‍ സാധിക്കും. സാധാരണ ഒരു ജിമ്മില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള ചടങ്ങുകളൊന്നും ഇതിലില്ല.
ദിവസക്കണക്കില്‍ ജിം ഉപയോഗിക്കുന്നതിനായി ആപ്പ് വഴി ബുക്ക് ചെയ്യാം. അതായത്, എറണാകുളത്താണ് നിങ്ങളെങ്കില്‍, ആ പരിസരത്തുള്ള ഒരു ജിമ്മില്‍ എത്ര ദിവസത്തേക്ക് വേണമെങ്കിലും ബ്രോയ്ഡ് ആപ്പ് വഴി ബുക്ക് ചെയ്യാം. അഡ്വാന്‍സ് പേമെന്റോ രജിസ്ട്രേഷനോ ഒന്നും ആവശ്യമില്ല. യൂബര്‍ ഒക്കെ പോലെ, ഉപയോഗിക്കുന്ന സമയത്തിന് മാത്രം പണം മുടക്കിയാല്‍ മതി. ഒരു ദിവസം ഒരു മണിക്കൂര്‍ എന്ന കണക്കിലാണ് ബുക്കിങ്. 100 രൂപ മുതല്‍ പ്രീമിയം ജിമ്മുകളുടെ സേവനം ഉപയോഗിക്കാം. ആയിരത്തിലധികം പേര്‍ നിലവില്‍ ബ്രോയ്ഡ് ആപ്പിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്.
അനുഭവത്തില്‍ നിന്ന് സംരംഭം
മെഡിക്കല്‍ റപ്പുമാരായതിനാല്‍ നിരന്തരം യാത്രകള്‍ ചെയ്യേണ്ടി വരുമായിരുന്നു. ജോലിക്കിടെ ജിം ഹാബിറ്റ് തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ ഷിഹാബും സുമിത്തും ആദ്യം നേരിട്ട വെല്ലുവിളി കൃത്യമായി ഒരേ സിറ്റിയില്‍ത്തന്നെ ജിമ്മില്‍ പോകുക എന്നതായിരുന്നു. ജിമ്മില്‍ പോകാന്‍ തുടക്കത്തില്‍ 2,000-3,000 രൂപ ചെലവഴിക്കണം. സ്ഥിരമായി പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പണം നഷ്ടമാണ്. തങ്ങളെപ്പോലെ സ്ഥിരമായി പല ദിക്കിലേക്കും യാത്ര ചെയ്യേണ്ടിവരുന്നവരെ മുന്നില്‍ കണ്ടാണ് ഇവര്‍ ഇത്തരമൊരു ആശയം വികസിപ്പിച്ചത്.
ഇന്നത്തെ തലമുറ കൂടുതലും യാത്ര ചെയ്യുന്നവരാണ്. ഒരു സിറ്റിയില്‍ തന്നെയുള്ള ജിമ്മില്‍ വലിയ തുക കൊടുത്ത് മെമ്പര്‍ഷിപ്പ് എടുത്ത് സ്ഥിരമായി പോകുക ഇവരെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. നല്ലൊരു ശതമാനം ആളുകളും ഇതുകൊണ്ടു മാത്രം ജിം എന്ന മോഹം ഉപേക്ഷിക്കുന്നുണ്ട്. ആളുകളുടെ സൗകര്യത്തിനനുസരിച്ച് പോകാന്‍ സാധിക്കുന്ന ജിംനേഷ്യം ഇവിടെയില്ല. ഇതുകൂടി പരിഗണിച്ചാണ് ബ്രോയ്ഡ് ആരംഭിച്ചതെന്ന് ഷിഹാബ് അലി പറഞ്ഞു.
സ്ത്രീകള്‍ക്കായി പിങ്ക് മോഡ്
പല ജിമ്മുകളിലും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സമയം അനുവദിക്കുന്നുണ്ട്. ഇത് പലര്‍ക്കും അറിയില്ല. ഇത്തരം സൗകര്യങ്ങളുള്ള ജിംനേഷ്യങ്ങള്‍ കണ്ടെത്താന്‍ 'പിങ്ക് മോഡ്' എന്നൊരു ഓപ്ഷന്‍ കൂടി രണ്ട് മാസത്തിനുള്ളില്‍ ബ്രോയ്ഡ് ആപ്പില്‍ ഉള്‍പ്പെടുത്തും. സ്ത്രീകള്‍ക്ക് മാത്രമായി വര്‍ക്ക് ഔട്ട് സെഷന്‍ നല്‍കുന്ന ജിമ്മുകളെയും അവര്‍ക്കായി അനുവദിക്കുന്ന സമയവും സ്‌പോട്ട് ചെയ്യുന്നതിന് 'പിങ്ക് മോഡ്' സഹായിക്കും.
രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്കും 'ബ്രോയ്ഡ്' സേവനം ലഭ്യമാക്കും. ഇന്ത്യയിലുടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി. നീന്തല്‍ ഹോബിയാക്കിയവര്‍ക്കായി 50 പൂള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വര്‍ക് ഔട്ട് മൊഡ്യൂളുകള്‍ കൂടി നല്‍കാനും സുഷി ടെക്നോളജീസിന് പദ്ധതിയുണ്ട്.
Content Highlights: Gym online Booking App,broid app
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..