ര്‍ഷക സമരത്തിന് പിന്തുണയറിയിച്ചെത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെയുടെ ട്വീറ്റുകള്‍ രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിലേക്ക് രാജ്യാന്തര ശ്രദ്ധ കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍,  അത് അതിലേറെ വിവാദങ്ങള്‍ക്കു വഴിവെക്കുകയും ചെയ്തു. പ്രത്യേകിച്ചും ഗ്രെറ്റ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ടൂള്‍ കിറ്റ്.

ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് താമസിയാതെ പിന്‍വലിക്കുകയും പിന്നാലെ തന്നെ പരിഷ്‌കരിച്ച ടൂള്‍കിറ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. പഴയ ടൂള്‍കിറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് അത് നീക്കം ചെയ്തത് എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ടൂള്‍ കിറ്റ് പങ്കുവെച്ചത്. 

greta tool kitആദ്യം പങ്കുവെച്ച ടൂള്‍ കിറ്റ്

ജനുവരി 26-ലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കും വിധത്തിലുള്ളതായിരുന്നു ആദ്യ ടൂള്‍ കിറ്റ് രേഖ. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അതിനായി അവര്‍ ചെയ്യേണ്ടതുമായ വിവരങ്ങളാണ് പ്രധാനമായും ഇതില്‍ ഉണ്ടായിരുന്നത്. 

greta toolkitഗ്രെറ്റ ആദ്യം പങ്കുവെച്ച രേഖയില്‍ ഇന്ത്യയ്ക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടേയും നീണ്ടകാല ചരിത്രമുണ്ടെന്നും ഭരണഘടന ലംഘിച്ചുകൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം തുടര്‍ന്നുപോരുന്നതെന്നും ആരോപിക്കുന്നു.

ഇന്ത്യയിലെ കര്‍ഷകരും മറ്റ് ജനങ്ങളും ആഗോള ജനതയുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ആഗ്രഹിക്കുന്നുവെന്നും ഇന്ത്യ ജനാധിപത്യത്തില്‍നിന്ന് പിന്‍വലിഞ്ഞ് ഫാസിസത്തിലേക്ക് കുതിക്കുകയാണെന്നും ആഗോള ജനത തിരിച്ചറിയണമെന്ന് ഈ ടൂള്‍ കിറ്റ് രേഖയില്‍ പറയുന്നു. 

ഈ പ്രക്ഷോഭങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നത് ഇന്ത്യയില്‍ സര്‍ക്കാര്‍ പിന്തുണയോടെയുള്ള കൂടുതല്‍ അതിക്രമങ്ങളും മറ്റൊരു വംശഹത്യ നടക്കുന്നതും തടയാനുള്ള ഏക മാര്‍ഗമാണ് എന്നും ഗ്രെറ്റ ആദ്യം പങ്കുവെച്ച ടൂള്‍കിറ്റ് ലിങ്കിലെ രേഖയില്‍ പറയുന്നു. 

പിന്തുണ അറിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്വിറ്റര്‍ കാമ്പയിന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ ടൂള്‍ കിറ്റ് തയ്യാറാക്കിയത് ഖാലിസ്ഥാനി അനുകൂല സംഘടനയായ 'പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍' ആണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. 

ഇത് ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനേയും അന്താരാഷ്ട്ര തലത്തില്‍ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണെന്നും പോലീസ് ആരോപിക്കുന്നു. 

പുതിയ ടൂള്‍ കിറ്റ്

അതേസമയം പുതിയ ടൂള്‍ കിറ്റിലും കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരെ സംഘടിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണുള്ളത്. 

#FarmersProtest #StandWithFarmser എന്നീ ഹാഷ്ടാഗുകളിലെ ട്വീറ്റുകള്‍, വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഇമെയില്‍ അയക്കുക,ഓണ്‍ലൈന്‍ പെറ്റീഷനുകളില്‍ സൈന്‍ ചെയ്യുക, ഫെബ്രുവരി 13,14 തീയ്യതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുക തുടങ്ങിയ  നിര്‍ദേശങ്ങള്‍ പുതിയ ടൂള്‍ കിറ്റില്‍ പറയുന്നു. 

ചുരുക്കി പറഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വിവരങ്ങള്‍ അടങ്ങുന്നതാണ് ഗ്രെറ്റ പങ്കുവെച്ച ടൂള്‍ കിറ്റ്. ഗ്രെറ്റ തുന്‍ബെയെ കൂടാതെ പോപ്പ് ഗായിക റിഹാന, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവായ മീന ഹാരിസ് ഉള്‍പ്പടെയുള്ളവര്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി ട്വീറ്റ് പങ്കുവെച്ചിരുന്നു. 

ഈ ടൂള്‍ കിറ്റിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢാലോചനയുണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രെറ്റയ്‌ക്കെതിരെ അന്വേഷണം നടത്തുകയാണ് ഡല്‍ഹി പോലീസ്. ടൂള്‍ കിറ്റിന് പിറകില്‍ ആരാണെന്നറിയാന്‍ ഗൂഗിളിന്റെ സഹായം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlights: Greta Thunberg tool kit