ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പി യുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കും. ഇവാന്‍ ബ്ലാസ് എന്ന ലീക്കര്‍ ആണ് ട്വിറ്ററില്‍ ഈ വിവരം പുറത്തുവിട്ടത്. 

മാര്‍ച്ച് പകുതിയോടെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിച്ചേക്കുമെന്നാണ് ഇവാന്‍ ബ്ലാസിന്റെ ട്വീറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്.

ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഓഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകല്‍പ്പനയാവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേതെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഐഫോണ്‍ ടെന്‍ മാതൃകയിലുള്ള ഡിസ്‌പ്ലേ അടക്കം വിവിധ ഡിസ്പ്ല ഡിസൈനുകളെ പിന്തുണയ്ക്കുന്ന ഓഎസ് ആവും ആന്‍ഡ്രോയിഡ് പി. വ്യത്യസ്തങ്ങളായ ഡിസ്‌പ്ലേ ഡിസൈനുകളില്‍ ഫോണുകള്‍ അവതരിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തിവരികയാണ്.

കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് പിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഗൂിഗള്‍ നടത്തുന്നുണ്ട്. ഇതുവഴി മറ്റ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ അസിസ്റ്റന്റ് സേവനത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ബാക്ക്ഗ്രൗണ്ട് ആപ്പുകള്‍ ഫോണ്‍ ക്യാമറയും മൈക്രോഫോണും ഉപയോക്താവറിയാതെ പ്രയോജനപ്പെടുത്തുന്നത് തടയുന്നതിനും അടുത്ത അപ്‌ഡേറ്റില്‍ ഗൂഗിള്‍ ശ്രമിക്കും. 

പുതിയ ആന്‍ഡ്രോയിഡിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഐഓഎസ് പതിപ്പുകളെ മറികടക്കാനുള്ള ശ്രമമായിരിക്കും ഇനി ഗൂഗിളിന്റെ ഭാഗത്ത് നിന്നുണ്ടാവുക എന്ന് വ്യക്തം.