വിഷാദ രോഗം കണ്ടെത്താന്‍ പുതിയ സംവിധാവുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് വിഷാദരോഗമുണ്ടോ എന്ന് തിരിച്ചറിയാന്‍ ഒരു സ്‌ക്രീനിങ് ടെസ്റ്റാണ് ഗൂഗിള്‍ അവതരിപ്്പിക്കാന്‍ പോകുന്നത്. ഡിപ്രഷന്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് സെര്‍ച്ച് റിസള്‍ട്ടിന് മുകളിലായി ഒരു ബോക്‌സ് പ്രത്യക്ഷപ്പെടും. അതിന് നോളജ് പാനല്‍ ( Knowledge Panel ) എന്നാണ് പേരിട്ടിരിക്കുന്നത്. 

വിഷാദരോഗവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ നോളജ് പാനലില്‍ ഉണ്ടാവുക. വിഷാദത്തിന്റെ ലക്ഷണങ്ങളും അതിനുള്ള ചികിത്സകളെന്തെല്ലാം എന്നും ഈ പാനലില്‍ ഉണ്ടാകും. ഒപ്പം നിങ്ങള്‍ വിഷാദരോഗിയാണോ എന്നറിയാനുള്ള ഒരു ഓപ്ഷനും ഇതിലുണ്ടാവും. ഒരു ചോദ്യാവലിയിലൂടെയാണ് അതിലുള്ളത്. താന്‍ വിഷാദരോഗിയാണോ എന്ന ആശങ്കയുള്ളവരെ സഹായിക്കുന്നതിനായാണ് ഗൂഗിളിന്റെ ഈ ഉദ്യമം. ഈ പരിശോധന തീര്‍ത്തും സ്വകാര്യമായിരിക്കും.

അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാവുക. മൊബൈല്‍ ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം നിങ്ങളെ നിങ്ങളുടെ ഡോക്ടറുമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ സഹായിക്കുമെന്ന് ഗൂഗിള്‍ വക്താവ് സുസന്‍ കാഡ്രേച പറയുന്നു. നാഷണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നെസുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ പുതിയ സേവനം ലഭ്യമാക്കുന്നത്.