പയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയില്‍ കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന പ്രൈവസി ടൂളുകള്‍ ഉറപ്പ് നൽകി ഗൂഗിള്‍. മുന്‍നിര സാങ്കേതിക സ്ഥാപനങ്ങള്‍ ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തില്‍ നിന്നും വിവരശേഖരണം നടത്തുന്നത് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഗൂഗിളിന്റെ ഈ നീക്കം. 

സ്വകാര്യത സംബന്ധിച്ച് ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കുന്നതാവും ഗൂഗിളിന്റെ ഇത്തവണത്തെ ഡെവലപ്പര്‍ കോണ്‍ഫറന്‍സെന്ന് സിഇഓ സുന്ദര്‍ പിച്ചൈ സൂചിപ്പിച്ചിരുന്നു. അത് കോണ്‍ഫറന്‍സിൽ ഉടനീളം പ്രകടമായിരുന്നു. 

നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി ഗൂഗിള്‍ ഇത്തവണ അവതരിപ്പിച്ച ഫേഷ്യല്‍ റെക്കഗ്നിഷന്‍, വോയ്‌സ് സെര്‍ച്ച് പോലുള്ള ചില സംവിധാനങ്ങള്‍ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍വറുകളിലേക്ക് അയക്കുന്നതിന് പകരം ഫോണുകളില്‍ തന്നെ പ്രോസസ് ചെയ്യും വിധമുള്ളതാണ്. 

എന്നാൽ ഗൂഗിളിന്റെ പരസ്യാധിഷ്ഠിത വ്യവസായ മാതൃകയ്ക്ക് ഭീഷണിയാവുന്ന സുപ്രധാനമായ പല മാറ്റങ്ങളും ഗൂഗിളിന്‍റെ പുതിയ പ്രൈവസി അപ്‌ഡേറ്റില്‍ മാറ്റിനിര്‍ത്തപ്പെട്ടുവെന്ന വിമര്‍ശനവുമുണ്ട്. 

ഉപയോക്താക്കളുടെ സെര്‍ച്ച് റിക്വസ്റ്റുകളില്‍ നിന്നും, ഗൂഗിളിന്റെ ആപ്പുകളില്‍ നിന്നും മറ്റ് സേവനങ്ങളില്‍ നിന്നും ശേഖരിക്കുന്ന  വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന ഡിജിറ്റല്‍ പരസ്യങ്ങളിലൂടെ കോടിക്കണക്കിന് ഡോളറാണ്  കമ്പനി ഓരോ വര്‍ഷവും സ്വന്തമാക്കുന്നത്.

എന്നാല്‍, പരസ്യങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള ഈ വിവരശേഖരണത്തില്‍ നിന്നും കമ്പനിയെ തടയുന്ന ടൂളുകള്‍ കൂടുതല്‍ സേവനങ്ങളിലേക്ക് ഗൂഗിള്‍ കൊണ്ടുവന്നു. ഗൂഗിള്‍ സെര്‍ച്ച് ആപ്ലിക്കേഷനുകളിലും ഗൂഗിള്‍ മാപ്പിലുമെല്ലാം ഇനി 'ഇന്‍ കൊഗ്നിറ്റോ മോഡ് 'ലഭ്യമാവും. അത് ആക്റ്റിവേറ്റ് ചെയ്താല്‍ ആപ്ലിക്കേഷന് ഉപയോക്താക്കളുടെ സെര്‍ച്ച് വിവരങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കില്ല. ഗൂഗിള്‍ ക്രോം ബ്രൗസറിലും യൂട്യൂബിലും ഈ സേവനം നിലവില്‍ ലഭ്യമാണ്. 

ഫോണ്‍ ആപ്പുകളുടെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സ്മാര്‍ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ക്യുവിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ലൊക്കേഷന്‍ ഡാറ്റ ആപ്ലിക്കേഷനുകള്‍ ചൂഷണം ചെയ്യുന്നുവെന്ന കാര്യം ഫോണ്‍ ഉപയോക്താക്കളെ അറിയിക്കും. കൂടാതെ ഉപയോഗത്തിലിരിക്കുന്ന ആപ്പുകള്‍ക്ക് മാത്രമേ ഫോണ്‍ ഡാറ്റ ഉപയോഗിക്കാനാവൂവെന്ന്  നിശ്ചയിക്കാനും സാധിക്കും. 

മാത്രവുമല്ല ഉപയോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍വറുകളിലേക്ക് അയക്കാതെ പരമാവധി ഫോണില്‍ തന്നെ ശേഖരിക്കുക എന്നതാണ് കമ്പനിയുടെ പുതിയ നയം. ബ്രൗസര്‍ കൂക്കീസിന്റെ (cookies) ഉപയോഗം നിയന്ത്രിക്കുന്നതും കമ്പനി പരിഗണിക്കുന്നു. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ ഉപയോക്താക്കളെ പിന്തുടരുന്നത് ബ്രൗസറുകള്‍ ശേഖരിക്കുന്ന കുക്കീസ് ഉപയോഗിച്ചാണ്. നിലവില്‍ കുക്കീസ് നീക്കം ചെയ്യാനുള്ള സൗകര്യം മാത്രമാണ് ക്രോം ബ്രൗസറിലുള്ളത്.

അതേസമയം ഗൂഗിളിന്റെ ഇന്റലിജന്റ് വോയ്‌സ് അസിസ്റ്റന്റ് സേവനമായ ഗൂഗിള്‍ അസിസ്റ്റന്റില്‍ പുതിയ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഒപ്പം കുറഞ്ഞ വിലയിലുള്ള പിക്‌സല്‍ സ്മാര്‍ട്‌ഫോൺ പ്രഖ്യാപനവും ചില സ്മാര്‍ട്​ഹോം പ്രോഡക്റ്റുകളുടെ റീ ബ്രാന്‍ഡിങ്ങും കോണ്‍ഫറന്‍സില്‍ നടന്നു. 

Content Highlights: Google promises better privacy tools, Google I/O 2019, sundar pichai, artificial intelligance