Photo: Google
പ്ലസ് കോഡുകളുടെ സഹായത്തോടെ ഉപയോക്താക്കളെ അവരുടെ വീടുകളുടെ കൃത്യമായ ലൊക്കേഷനുകള്‍ രേഖപ്പെടുത്താന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഗൂഗിള്‍ മാപ്‌സിനായി 2018-ല്‍ അവതരിപ്പിച്ച പ്ലസ് കോഡുകള്‍ മുമ്പ് എന്‍ജിഒകളും മറ്റ് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു.
എന്താണ് പ്ലസ് കോഡുകള്‍
പ്ലസ് കോഡുകള്‍ എന്നാല്‍ ഭൂമിയിലെ ഏത് സ്ഥലത്തിന്റെയും കൃത്യമായ വിലാസങ്ങള്‍ കണ്ടെത്താന്‍ നമ്മെ സഹായിക്കുന്ന സൗജന്യ ഡിജിറ്റല്‍ വിലാസങ്ങളാണ് . ഈ കൃത്യമായ വിലാസങ്ങള്‍ നല്‍കുന്നതിന് ഗൂഗിള്‍ ഉപയോഗിക്കുന്നത് ആ സ്ഥലത്തിന്റെ രേഖാംശവും അക്ഷാംശവും ആണ്. കൃത്യമായ ഒരു അഡ്രസ് ഇല്ലാത്ത സ്ഥലങ്ങള്‍ വരെ പ്ലസ് കോഡ് ന്റെ സഹായത്താല്‍ ഡിജിറ്റല്‍ വിലാസം ഉണ്ടാക്കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത
നേരത്തെ സൂചിപ്പിച്ചതുപോലെ, ഇവ മുമ്പ് ബിസിനസ്സുകളും എന്‍ജിഒകളും ഉപയോഗിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പരീക്ഷണ അടിസ്ഥാനത്തില്‍ ചില ഉപയോക്താക്കള്‍ക്ക് അവതരിപ്പിച്ചിരുന്നു, ഇതിനകം 300,000-ത്തിലധികം ആളുകള്‍ ഉപയോഗിച്ചു. ഇപ്പോള്‍, എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ് ഗൂഗിള്‍ . ഡെലിവറി അഡ്രസ്സ് ആയോ സുഹൃത്തുക്കളുമായി വളരെ എളുപ്പത്തില്‍ പങ്കു വെക്കാവുന്ന ഡിജിറ്റല്‍ മേല്‍വിലാസമായോ ഉപയോഗിക്കാം. തൊട്ടു അടുത്തുള്ള ലൊക്കേഷന്‍ വെച്ച് വഴി പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടുന്ന ബുദ്ധിമുട്ടുകള്‍ക്ക് വിരാമമായി എന്ന് ചുരുക്കം.
ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു? നിങ്ങള്‍ ഒരു വിലാസം ഹോം അഡ്രസ്സ് ആയി സേവ് ചെയ്യുമ്പോഴെല്ലാം, ഗൂഗിള്‍ മാപ് ഒരു പുതിയ 'Use your current location ( നിങ്ങളുടെ നിലവിലെ ലൊക്കേഷന്‍ ഉപയോഗിക്കുക )' ഓപ്ഷന്‍ കാണിക്കും, അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപകരണത്തിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പ്ലസ് കോഡ് നിര്‍മിക്കപ്പെടും. ഇതായിരിക്കും പിന്നീട് നിങ്ങളുടെ ഡിജിറ്റല്‍ മേല്‍വിലാസം.
ജോലിസ്ഥലത്തോ വീട്ടുവിലാസത്തിലോ അല്ലാതെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്ലസ് കോഡുകള്‍ വിപുലീകരിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഡെലിവറി, ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലേക്ക് പ്ലസ് കോഡുകള്‍ കൊണ്ടുവരാന്‍ ആണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്
ഗൂഗിള്‍ മാപ്പിലെ വീട്ടുവിലാസങ്ങള്‍ക്കായുള്ള പ്ലസ് കോഡുകള്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്, ഉടന്‍ തന്നെ ഐഒഎസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..