ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളുടെ സുരക്ഷയ്ക്കായി ഗൂഗിള്‍ തയ്യാറാക്കുന്ന ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ മൊബൈല്‍ സര്‍വ്വീസസ് 11 ഉം അതിന് ശേഷവുമുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് ലഭ്യമാവുക. ഈ വര്‍ഷം ആദ്യം നടന്ന ഗൂഗിള്‍ വാര്‍ഷിക സമ്മേളനത്തിലാണ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് കമ്പനി അവതരിപ്പിച്ചത്.
നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം അസാധാരണമാം വിധം മാറുമ്പോഴും ആപ്പുകളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴും ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് അക്കാര്യം നിങ്ങളെ അറിയിക്കും. ഫോണ്‍ സെറ്റിങ്സിലെ ഗൂഗിള്‍ എന്ന വിഭാഗത്തിലാണ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് ഫീച്ചര്‍ കാണാനാവുക.
ആപ്പുകള്‍ ഓട്ടോമാറ്റിക് ആയി സ്കാന്‍ ചെയ്യാനുള്ള കഴിവ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റിനുണ്ടാവും. ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ തോന്നുകയാണെങ്കില്‍ ആ ആപ്പുകള്‍ മാന്വലി സ്കാന്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും.
വന്‍ തോതില്‍ മാല് വെയര്‍ ഇടപെടല്‍ നടക്കുന്ന ഇടമാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഫേയ്സ്ബുക്കും വാട്സ് ആപ്പും ഉള്‍പ്പടെയുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ പോലും മാല്‍വെയര്‍ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നിട്ട് അധികം നാളുകളായിട്ടില്ല. പ്ലേസ്റ്റോറിലെ മാല്‍വെയര്‍ ഇടപെടലുകള്‍ക്ക് ഒരു ശാശ്വത പരിഹാരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.