അടുത്ത ആന്‍ഡ്രോയിഡ് നെയ്യപ്പമാവുമോ അല്ല മറ്റെന്തെങ്കിലും പലഹാരമാവുമോ എന്ന ചിന്തയിലാണ് ലോകം. ആന്‍ഡ്രോയിഡിന്റെ 6.0 വേര്‍ഷന്‍ മാര്‍ഷ്മെലോ ആണ് അവസാനമായി പുറത്തിറങ്ങിയത്. ഗൂഗിള്‍ ഒഎസ് അപ്ഡേഷനുകള്‍ തകൃതിയായി നടത്തുന്നുണ്ടെങ്കിലും ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന പല സ്മാര്‍ട്ട്ഫോണുകളിലും ഇപ്പോഴും പുതിയ അപ്ഡേഷനുകള്‍ എത്തിയിട്ടില്ല.
ഇങ്ങനെ ആന്‍ഡ്രോയിഡ് അപ്ഡേറ്റ് ചെയ്യാന്‍ മടികാണിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ പേര് പരസ്യമായി വിളിച്ച് പറഞ്ഞ് ഗൂഗിള്‍ അവരെ നാണം കെടുത്താനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഗൂഗിളിന്റെ നെക്സസ് ഡിവൈസുകളില്‍ ആന്‍ഡ്രോയിഡ് അപ്ഡേഷനുകള്‍ അതിവേഗം നടക്കാറുണ്ട്. എന്നാല്‍ മറ്റ് കമ്പനികള്‍ക്ക് ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ തങ്ങളുടെ ഡിവൈസുകളിലേക്ക് കൊണ്ടുവരണമെങ്കില്‍ ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ നടപടികളും വേണ്ടിവരുന്നു. പഴയതും ചെറുതുമായ ഡിവൈസുകളിലേക്കുള്ള അപ്ഡേഷനാവട്ടെ വലിയ ചിലവ് വരുന്നതുമാണ്.
സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കുന്ന പല അപ്ഡേഷനുകളും ആന്‍ഡ്രോയിഡില്‍ വരുന്നുണ്ടെന്നിരിക്കെ, അപ്ഡേഷന്റെ കാര്യത്തില്‍ വീഴ്ച്ചവരുത്തുന്ന തങ്ങളുടെ പങ്കാളികളോട് ഗൂഗിള്‍ നീരസത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അപ്ഡേഷനുകള്‍ നടത്തുന്നതിന്റെ സമയവിവരങ്ങള്‍ ഗൂഗിള്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്. ഈ വിവരങ്ങള്‍ ഗൂഗിള്‍ പരസ്യമാക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.