വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ ഗൂഗിള്‍ മീറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുതിയ ചില ഫീച്ചറുകള്‍ അവതരിപ്പിച്ചു. മ്യൂട്ട് ഓള്‍ സ്റ്റുഡന്റ്‌സ്, മോഡറേഷന്‍ ടൂള്‍സ്, എന്റ് മീറ്റിങ്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് പുതിയതായി ചേര്‍ത്തത്. 

ഓണ്‍ലൈന്‍ പഠനം സുരക്ഷിതമാക്കുന്നതിനുള്ള ചില ഫീച്ചറുകള്‍ പുതിയതായി ചേര്‍ത്തവയിലുണ്ട്. ക്ലാസുകളില്‍ ആരെല്ലാം അംഗമാവണമെന്ന് അധ്യാപകര്‍ക്ക് തീരുമാനിക്കാം. ക്ലാസില്‍ നുഴഞ്ഞു കയറുന്ന അപരിചിതരെ ബ്ലോക്ക് ചെയ്യാന്‍ അധ്യാപകര്‍ക്ക് സാധിക്കും. 

ക്ലാസ് കഴിഞ്ഞാല്‍ മീറ്റിങ് അവസാനിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും. നേരത്തെ ക്ലാസ് കഴിഞ്ഞ് മീറ്റിങില്‍ നിന്ന് അധ്യാപകര്‍ പുറത്തുപോയാലും മീറ്റിങ് നടന്നുകൊണ്ടിരിക്കും. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് അധ്യാപകർ മീറ്റിങ് അവസാനിപ്പിച്ചാല്‍ ആ മീറ്റിങ് എല്ലാവര്‍ക്കും അവസാനിക്കും. 

പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ ക്ലാസിലെ അംഗങ്ങളെ ഒന്നടങ്കം ഒറ്റ ക്ലിക്കില്‍ നിശബ്ദമാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും. ഈ സൗകര്യം ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാവും. ക്ലാസെടുക്കാന്‍ മൊബൈല്‍ ഫോണുകളും ടാബുകളും ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് മീറ്റിങ് എളുപ്പം നിയന്ത്രിക്കാനുള്ള പുതിയ കണ്‍ട്രോളുകള്‍ നല്‍കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. 

ക്ലാസ് റൂം മീറ്റിങ് ആരംഭിച്ചു കഴിഞ്ഞാലും അധ്യാപകർ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശിക്കാനാവില്ല, ക്ലാസുകളില്‍ പങ്കെടുക്കേണ്ടവരെ തിരിച്ചറിഞ്ഞ് പ്രവേശനം നല്‍കുന്ന ഫീച്ചറും ഈ വര്‍ഷം എത്തും. ഒന്നിലധികം പേര്‍ക്ക് ക്ലാസ് നടത്താനാവുന്ന മള്‍ട്ടിപ്പിള്‍ ഹോസ്റ്റ് സൗകര്യവും താമസിയാതെ എത്തും.

Content Highlights: google meet announced new features for teachers and students