പത്രപ്രവര്‍ത്തനം സമീപഭാവിയില്‍ മറ്റൊരു തലത്തിലേക്ക് മാറുമെന്ന് വ്യക്തമാക്കുന്ന വാര്‍ത്തയാണ് സാങ്കേതിക രംഗത്ത് നിന്നും വരുന്നത്. റോബോട്ടിക് ജേണലിസം എന്നൊരു ശാഖ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നുണ്ട്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ വാര്‍ത്ത.
പ്രാദേശിക വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുക്കുന്നതിനായി ഗൂഗിള്‍ പണം മുടക്കുന്നു. 805,000 ഡോളര്‍ അധവാ 52 കോടിയിലധികം രൂപയാണ് ഗൂഗിളിന്റെ ഡിജിറ്റല്‍ ന്യൂസ് ഇനീഷ്യേറ്റീവ് ഇതിനായി മുടക്കുന്നത്.
ദി പ്രസ് അസോസിയേഷന് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഉദ്യമത്തിനാണ് ഗൂഗിള്‍ പണം നല്കാന് തീരുമാനിച്ചിരിക്കുന്നത്. റഡാര്‍ ( Radar- Reporters And Data And Robots) എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ് വെയര്‍ ബ്രിട്ടിഷ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ അര്ബ്സ് മീഡിയയുടെ സഹായത്തോടെയാണ് പ്രസ് അസോസിയേഷന് വികസിപ്പിക്കുന്നത്. നിലവില്‍ സാമ്പത്തിക കായിക രംഗത്തെ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി സമാനമായ സോഫ്റ്റ് വെയറുകള്‍ പരീക്ഷിച്ച് വരുന്നുണ്ട്. ഇതിന്റെ പരിമിതികള്‍ പരിഹരിച്ചുകൊണ്ടായിരിക്കും പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കുക. ഒരു മാസത്തില്‍ 30,000 ല്‍ പരം വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കാന്‍ റഡാറിന് സാധിക്കും.
മനുഷ്യ ജേണലിസ്റ്റുകളെ ഒഴിവാക്കാന്‍ ഉദ്ദേശിച്ചല്ല ഈ ശ്രമമെന്ന് പ്രസ് അസോസിയേഷന് എഡിറ്റര്‍ ഇന്‍ ചീഫ് പീറ്റര്‍ ക്ലിഫ്റ്റണ്‍ പറയുന്നു. ഈ പ്രക്രിയയില്‍ മനുഷ്യ ജേണലിസ്റ്റുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടാവും. എങ്കിലും റഡാറിന്റെ കൃത്രിമ ബുദ്ധിയിലൂടെ വാര്‍ത്തകളുടെ എണ്ണം വലിയ അളവില്‍ വര്ധിപ്പിക്കാനാവുമെന്നും അത് ഒരിക്കലും മനുഷ്യ ജേണസ്റ്റുകള്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറയുന്നു. വാര്‍ത്തകളില്‍ പിണയുന്ന അബദ്ധങ്ങളും വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കപ്പെടാനുള്ള സാഹചര്യവും ഇതുവഴി ഇല്ലാതാവുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
അതേസമയം ഇത്തരം സാങ്കേതിക വിദ്യകള്‍ക്ക് ഭാഷാപരമായ പരിമിതികളും വൈദഗ്ധ്യക്കുറവുകളും ഉണ്ടാവുമെന്ന വിമര്‍ശനം മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം സാങ്കേതിക വിദ്യകളുടെ കടന്നുവരവ് ആ രംഗത്ത് വലിയ തൊഴില്‍ നഷ്ടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയും മുന്നോട്ട് വെക്കുന്നു. എന്തൊക്കെയായാലും റഡാര്‍ നിലവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണിയാവുമോ എന്ന് കണ്ടറിയണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..