പുതിയ ഒരു കൂട്ടം ഉപകരണങ്ങളാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട്‌ സ്പീക്കറുകളായ ഗൂഗിള്‍ ഹോം മിനി, ഗൂഗിള്‍ ഹോം മാക്‌സ് എന്നിവയും അക്കൂട്ടത്തില്‍ പെടുന്നു. 

49 ഡോളറിന്റെ കുഞ്ഞന്‍ സ്മാര്‍ട്ട്‌സ്പീക്കറാണ് ഗൂഗിള്‍ ഹോം മിനി. ആമസോണിന്റെ എക്കോ ഡോട്ട് സ്പീക്കറിനെ വിപണിയില്‍ നേരിടുന്നതിനായാണ് ഹോം മിനി സ്മാര്‍ട്‌സ്പീക്കര്‍ ഗൂഗിള്‍ രംഗത്തിറക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഒക്ടോബര്‍ 19 മുതല്‍ ഹോം മിനി സ്പീക്കറിന്റെ വിതരണം ആരംഭിക്കും. 

google
ഗൂഗിള്‍ ഹോം മിനി, Image: Google

ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ്  ഹോം സ്പീക്കറിന്റെ കുഞ്ഞന്‍ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. സറൗണ്ട് സൗണ്ട് സംവിധാനമുള്ള ഈ സ്പീക്കറിലൂടെ വയര്‍ലെസ് ആയി പാട്ട് പ്ലേ ചെയ്യാന്‍ സാധിക്കും. 

നിങ്ങളുടെ ശബ്ദം തരിച്ചറിഞ്ഞ്‌ അതിനനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ഈ സ്പീക്കറിന് സാധിക്കും. ഹാന്റ്‌സ് ഫ്രീ വോയ്‌സ് കോള്‍ സൗകര്യവും സ്പീക്കര്‍ തരുന്നുണ്ട്.

image
ഗൂഗിള്‍ ഹോം മാക്‌സ് സ്പീക്കര്‍ Image: Google

അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹോം മാക്‌സ് സ്പീക്കര്‍ എന്ന വലിയൊരു സ്പീക്കറും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് 4.5 ഇഞ്ച് ഹൈ എക്‌സ്‌കര്‍ഷന്‍ വൂഫറുകളും 0.7 ഇഞ്ചിന്റെ ട്വീറ്ററുകളുമാണ് ഇതിനുള്ളത്. 3.5mm ന്റെ ഓഡിയോ ജാക്കും ഇതില്‍ ഉപയോഗിക്കാം. ഡിസംബര്‍ മുതല്‍ 399 ഡോളറിന് ( ഏകദേശം 25940 രൂപ)ഇത് വിതരണത്തിനെത്തും. 

യൂട്യൂബ് മ്യൂസികിന്റെ ഒരു വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഗൂഗിള്‍ നല്‍കുന്നുണ്ട്. ആമസോണ്‍ എക്കോ സ്പീക്കറുകള്‍ പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് ഗൂഗിള്‍ ഈ സ്പീക്കറുകള്‍ രംഗത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്.