നെയ്‌റോബി: ടെലിഫോണ്‍ ലൈനുകളോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'പ്രൊജക്റ്റ് ലൂണ്‍' പദ്ധതിയുടെ ഭാഗമായി  ഗൂഗിള്‍ വിക്ഷേപിച്ച ഹൈ ആള്‍റ്റിറ്റ്യൂഡ് ബലൂണ്‍ തകര്‍ന്നു വീണു.  

കെനിയയിലെ ഒരു വയലിലാണ് ബലൂണ്‍ തകര്‍ന്നുവീണത്. 2017ല്‍ നാകുരു, നാന്യുകി, ന്യെരി, മര്‍സാബിത് എന്നിവിടങ്ങളില്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച പത്ത് ബലൂണുകളില്‍ ഒന്നാണ് തകര്‍ന്നത്. സംഭവം പ്രദേശവാസികളില്‍ ഭീതി പടര്‍ത്തി. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും കെനിയന്‍ അധികൃതര്‍ വ്യക്തമാക്കി.

ബലൂണുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉള്‍നാടുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുമെന്ന് ഈ വര്‍ഷം ആദ്യമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഭൂമിയില്‍ നിന്നും 65000 അടി ഉയരത്തിലാണ് ഈ ബലൂണുകള്‍ ഉണ്ടാവുക. 80 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇന്റര്‍നെറ്റ് കവറേജ് നല്‍കാന്‍ കഴിവുള്ള രണ്ട് പ്രധാന ട്രാന്‍സീവറുകളാണ് ഓരോ ബലൂണിലുമുണ്ടാവുക. 

ഭൂകമ്പമോ വെള്ളപ്പൊക്കമോ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ബാധിച്ച് ഇതര വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് ഇത്തരം ബലൂണുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ കരുതുന്നു. 

ഗൂഗിള്‍ എക്സ് ( Google X ) ലാബ് ആണ് 'പ്രോജക്ട് ലൂണ്‍' ( Project Loon ) പദ്ധതി കൈകാര്യം ചെയ്യുന്നത്.  ഗൂഗിള്‍ ഗ്ലാസ് ( Google glass ), ഡ്രൈവറില്ലാതെ കാറോടിക്കുന്ന വിദ്യ ഒക്കെ ഗൂഗിള്‍ എക്സില്‍ നിന്ന് പുറത്തുവന്ന പദ്ധതികളായിരുന്നു.

Content Highlights: Google high altitude balloon crashes in kenyan farm