ജിമെയിലിന്റെ ഐഓഎസ് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ. ഇതുവഴി ഐഓഎസ് 14 ലും അതിന് ശേഷവുമുള്ള ഉപകരണങ്ങളിൽ ജിമെയിലിന് പ്രത്യേക വിഡ്ജെറ്റ് ലഭിക്കും. ഈ വിഡ്ജെറ്റിലൂടെ ഉപയോക്താക്കൾക്ക് ഇൻബോക്സിൽ തിരയാനും പുതിയ സന്ദേശങ്ങൾ കമ്പോസ് ചെയ്യാനും സാധിക്കും.

ഇത് കൂടാതെ ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫിറ്റ് ആപ്ലിക്കേഷനുകൾക്കും അപ്ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഈ രണ്ട് ആപ്ലിക്കേഷനുകൾക്കും വിഡ്ജെറ്റ് പിന്തുണ ലഭിക്കും. അടുത്തതായി ക്രോം ബ്രൗസറിനും കലണ്ടർ ആപ്ലിക്കേഷനും വിഡ്ജറ്റ് പിന്തുണ നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ജിമെയിൽ വിഡ്ജെറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ ഇൻബോക്സ് കാണാൻ സാധിക്കില്ല. പകരം ഇൻബോക്സിലെ മെയിലുകൾ തിരയാനും പുതിയ സന്ദേശം കമ്പോസ് ചെയ്യാനുമാണ് സാധിക്കുക. വായിക്കാത്ത ഇമെയിലുകൾ കാണുന്നതിനുള്ള ഒരു ഷോട്ട്കട്ടും ഇതിലുണ്ടാവും.

ഐഓഎസ് 12.0 ലും അതിന് ശേഷവുമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലും ഗൂഗിൾ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഗൂഗിൾ ഡ്രൈവിന്റെ വിഡ്ജെറ്റിൽ ക്ലൗഡ് സ്റ്റോറേജിൽ ശേഖരിച്ചിട്ടുള്ള ഫയലുകൾ തിരയാൻ ഉപയോക്താക്കൾക്ക് സാധിക്കും. കലണ്ടറിൽ അടുത്ത പരിപാടികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാൻ സാധിക്കും.

ഈ ആപ്ലിക്കേഷനുകളെയൊന്നും കൂടാതെ ഗൂഗിൾ ഫോട്ടോസ്, യൂട്യൂബ് മ്യൂസിക്, ഗൂഗിൾ സെർച്ച് ആപ്പ് എന്നിവയ്ക്കും നേരത്തെ വിഡ്ജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights:google Gmail calendar ios widget new update