ല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2017 പരിപാടിയില്‍ ഇന്ത്യയ്ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങളുമായി ഗൂഗിള്‍. നിരവധി ഡെവലപ്പര്‍മാരും വ്യവസായ പങ്കാളികളും പങ്കെടുത്ത് പരിപാടിയില്‍ ഇന്ത്യന്‍ പ്രാദേശിക ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ നിരവധി പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ നടത്തിയത്.

ചെലവ് കുറഞ്ഞ സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍, ഗ്രാമീണ ഇന്ത്യയിലെ ആയിരക്കണക്കിന് വനിതകളെ ഡിജിറ്റല്‍ സാക്ഷരരാക്കുന്ന 'ഇന്റര്‍നെറ്റ് സാഥി' പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ ഈ പ്രഖ്യാപനങ്ങളില്‍ ഉള്‍പെടുന്നു.

ആന്‍ഡ്രോയിഡ് ഓറിയോ (ഗോ എഡിഷന്‍)

ഈ വര്‍ഷം നടന്ന ഗൂഗിള്‍ ഐ/ഓ കോണ്‍ഫറന്‍സിലാണ് ചെലവ് കുറഞ്ഞ സ്മാര്‍ട്‌ഫോണുകള്‍ക്കായുള്ള ആന്‍ഡ്രോയിഡിന്റെ 'ഭാരം കുറഞ്ഞ' മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റം 'ആന്‍ഡ്രോയിഡ് ഗോ' ഗൂഗിള്‍ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് ഗോ പേര് മാറ്റി ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നു. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ ഓഎസ് ഉപയോഗിച്ചിട്ടുള്ള സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങുമെന്നും കമ്പനി പറഞ്ഞു. 512 എംബി മുതല്‍ ഒരു ജിബി റാം വരെയുള്ള ഫോണുകളില്‍ ഉപയോഗിക്കുന്നതിനായാണ് ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 

ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളും ഭാരം കുറച്ച് തന്നെയാണ് തയ്യാറാക്കിയിട്ടുള്ളത്. ഗൂഗിള്‍ ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, യൂട്യൂബ് ഗോ, ഗൂഗിള്‍ മാപ്പ്‌സ് ഗോ, ജിമെയില്‍ ഗോ,  തുടങ്ങിയ ആപ്ലിക്കേഷനുകളും കമ്പനി പ്രഖ്യാപിച്ചു. 

ഗൂഗിള്‍ തേസ് ആപ്പില്‍ ബില്‍ അടയ്ക്കാനുള്ള സൗകര്യം

മാസങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പേമെന്റ് ആപ്ലിക്കേഷനായ  തേസില്‍ (Tez) ബില്‍ അടയ്ക്കാനുള്ള സൗകര്യവും ഗൂഗിള്‍ അവതരിപ്പിച്ചു. പത്ത് മാസത്തിനുള്ളില്‍ 12,000 ഉപയോക്താക്കളെ തേസിന് ലഭിച്ചുവെന്ന് കമ്പനി പറഞ്ഞു. 1,40000 പണമിടപാടുകള്‍ തേസ് വഴി നടന്നിട്ടുണ്ടെന്നും ഗൂഗിള്‍ പറയുന്നു. 

തേസ് ആപ്പിന് വേണ്ടി 'ബില്‍ പേമെന്റ്' ഫീച്ചറും ഗൂഗിള്‍ അവതരിപ്പിച്ചു. ടാറ്റാ പവര്‍, എയര്‍ടെല്‍, ഡിഷ് ടിവി, ആക്റ്റ് ഫൈബര്‍നെറ്റ്, ഡോകോമോ കൂടാതെ മറ്റ് ചില ഉപഭോക്തൃ സേവനങ്ങള്‍ എന്നിവയ്ക്ക് തേസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണമടയ്ക്കാനാവും. സംസ്ഥാന/ ദേശീയ വൈദ്യുതി ദാതാക്കള്‍, ഗ്യാസ്, വെള്ളം, ഡിടിഎച്ച് ഉള്‍പടെ 70 ഓളം സേവനങ്ങള്‍ക്ക് തേസില്‍ നിന്നും പണമടയ്ക്കാനാവും.


റിലയന്‍സ് ജിയോഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ്

കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഫോണില്‍ ഇനി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ലഭ്യമാക്കുന്ന ആദ്യ ഫീച്ചര്‍ ഫോണ്‍ ആണ് ജിയോഫോണ്‍. ഇതിന് വേണ്ടി ഗൂഗിള്‍ അസിസ്റ്റന്റ് പ്രത്യേകം രൂപ കല്‍പന ചെയ്തിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കി. ജിയോഫോണില്‍ ംഗ്ലീഷ് ഹിന്ദി ഭാഷയിലായിരിക്കും ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവുക.

ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിള്‍ മാപ്പില്‍ 'ഇരുചക്ര വാഹനവും' 

ഗൂഗിള്‍ മാപ്പില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ക്കും വഴികാണിക്കും. വലിയൊരു വിഭാഗം ജനങ്ങളും ഇരു ചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയാണ് ഈ സംവിധാനം ഗൂഗിള്‍ ഒരുക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്ന സമയവും ദൂരവും വഴികളും ഗൂഗിള്‍ മാപ്പിലുണ്ടാവും. കാര്‍, കാല്‍നട, സൈക്കിള്‍, ട്രെയിന്‍, വിമാന യാത്രികര്‍ക്ക് വേണ്ടിമാത്രമായിരുന്നു നേരത്തെ ഗൂഗിള്‍ മാപ്പ് വഴികാട്ടിയിരുന്നത്. ഡിസംബര്‍ അഞ്ച് മുതല്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാവും.