ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് തുടങ്ങിയ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ്. വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ചുവെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍ വെയര്‍ രംഗ പ്രവേശം ചെയ്തിട്ടുണ്ടെന്നാണ് പ്രൂഫ് പോയിന്റിലെ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വീഗാ സ്റ്റീലര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മാല്‍വെയില്‍ ഫിഷിങ് ഈമെയിലുകള്‍ വഴിയാണ് കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്. മാര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇത് പ്രധാനമായും ഇത്തരം ഈമെയിലുകള്‍ ലക്ഷ്യമിടുന്നത്.

ബ്രൗസറുകളില്‍ ഒട്ടോഫില്‍ സംവിധാനത്തിനായി ചിലപ്പോള്‍ ചില വിവരങ്ങള്‍ നമ്മള്‍ ബ്രൗസറുകളില്‍ സൂക്ഷിച്ചുവെക്കാറുണ്ട്. ഗൂഗിള്‍ ക്രോമിലും ഫയര്‍ഫോക്‌സിലും ഈ സംവിധാനമുണ്ട്. ഇത്തരം വിവരങ്ങളെയും ഫയലുകളെയുമാണ് മാല്‍വെയര്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല .doc, .docx, .txt, .rtf, .xls, .xlsx, or .pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്റുകള്‍ കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ടത്രേ.

എന്നാല്‍ ഭാഗ്യവശാല്‍ ഈ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായുള്ള ഫിഷിങ് കാമ്പയിന്‍ അത്ര സങ്കീര്‍ണമല്ല. 'Online store developer required' എന്ന സബ്ജക്റ്റ് ലൈനിലാണ് ഇത്തരം മെയിലുകള്‍ കൂടുതലും വരുന്നത്. അതും 'publicaffairs@', 'clientservice@' എന്നിങ്ങനെയുള്ള ഈമെയിലുകളില്‍ നിന്നും.

2016 ഡിസംബറില്‍ കണ്ടെത്തിയ ഓഗസ്റ്റ് സ്റ്റീലര്‍ എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പാണ് വീഗ സ്റ്റീലര്‍. ബ്രൗസറുകളെ ലക്ഷ്യമിട്ടുള്ള ഓഗസ്റ്റ് സ്റ്റീലര്‍ മാല്‍വെയര്‍ ശേഖരിച്ചുവെച്ച പാസ് വേഡുകള്‍ ഉള്‍പ്പടെയുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയാണ് ചെയ്തിരുന്നത്. 

ഈ ഭീഷണി നിലവില്‍ അത്ര പേടിക്കേണ്ടതില്ല. ആക്രമണത്തിന്റെ ആദ്യ ഘട്ടമാകാം ഇപ്പോഴുള്ളതെന്നും സംശയാസ്പദമായ ഈമെയിലുകള്‍ സൂക്ഷിക്കണമെന്നു പ്രൂഫ് പോയിന്റ് മുന്നറിയിപ്പ് നല്‍കുന്നു.