ന്ന് പുറത്തിറങ്ങുന്ന ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലും ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനമുണ്ട്. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയോടെ സ്മാര്‍ട് സ്പീക്കറുകളും സെക്യൂരിറ്റി ക്യാമറകളും മറ്റും വിപണിയിലെത്തുന്നുണ്ട്. ശബ്ദനിര്‍ദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  ഗൂഗിള്‍ അസിസ്റ്റന്റ് സദാസമയവും നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി കാതോര്‍ത്തിരിപ്പുണ്ടത്രേ. അതായത് നമ്മള്‍ പറയുന്നതെല്ലാം ഗൂഗിള്‍ അസിസ്റ്റന്റ് കേള്‍ക്കുന്നുണ്ടെന്ന്.

ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോക്താക്കളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ആ ശബ്ദ ശകലങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റിന് വേണ്ടി ഗൂഗിളുമായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറുന്നുണ്ടെന്നും ബെല്‍ജിയന്‍ ചാനലായ വിആര്‍ടി എന്‍ഡബ്ല്യൂഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശബ്ദങ്ങള്‍ തിരിച്ചറിയാനുള്ള ഗൂഗിളിന്റെ കഴിവ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇവര്‍ ഉപയോക്താക്കളുടെ ശബ്ദം ശേഖരിക്കുന്നത്. എന്നാല്‍ ഇതില്‍ വലിയ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 

ഗൂഗിള്‍ അസിസ്റ്റന്റ് വഴി റെക്കോര്‍ഡ് ചെയ്യപ്പെട്ട 1000 ല്‍ അധികം ശബ്ദ ശകലങ്ങള്‍ തങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചുവെന്നും വിആര്‍ടി എന്‍ഡബ്ല്യൂഎസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മേല്‍വിലാസം ഉള്‍പ്പടെ സുപ്രധാനമായ പലവിവരങ്ങളും ആ കൂട്ടത്തിലുണ്ടായിരുന്നു. വിആര്‍ടി എന്‍ ഡബ്ല്യൂ എസിന് ലഭിച്ച ശബ്ദശകലങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവയായിരുന്നു എന്നതാണ് ശ്രദ്ധേയം. 

ഇന്ത്യയില്‍ സ്മാര്‍ട് സ്പീക്കര്‍ വിപണിയില്‍ ആമസോണ്‍ എക്കോയാണ് മുന്നില്‍. ഗൂഗിള്‍ അസിസ്റ്റന്റ് തൊട്ടുപിന്നിലും. 

ഗൂഗിള്‍ സ്പീക്കറിനെ ഉണര്‍ത്താനായി 'ഓകെ ഗൂഗിള്‍' എന്ന് പറഞ്ഞില്ലെങ്കില്‍ പോലും നിങ്ങള്‍ പറയുന്നതെല്ലാം അത് കേള്‍ക്കും. 

ശബ്ദം തിരിച്ചറിയാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായാണ് ഇത് ഉപയോഗിക്കുന്നതെന്നും ഓരോ ശബ്ദ റെക്കോര്‍ഡിങിന്റേയും 0.2 ശതമാനം മാത്രമേ ഇതിനായി ഉപയോഗിക്കുന്നുള്ളൂ എന്നുമാണ് ഗൂഗിള്‍ പറയുന്നത്. 

എന്നാല്‍ ഇതിന് വേണ്ടി ഗൂഗിളുമായി കരാറിലായ സ്ഥാപനം വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. 

വീടുകളിലെ സംഭാഷണം റെക്കോര്‍ഡ് ചെയ്തതിന് ആമസോണ്‍ അലെക്‌സയ്‌ക്കെതിരെയും ഇതേ ആരോപണം ഉയര്‍ന്നിരുന്നു. കുട്ടികളുടെ ശബ്ദം അനധികൃതമായി ശേഖരിച്ചതിന് ഒരു യുവതി അലെക്‌സയ്‌ക്കെതിരെ നിയമപരമായി പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആമസോണ്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. 

ഇതിനിടെയാണ് ഗൂഗിള്‍ അസിസ്റ്റന്റിനെതിരെ ശക്തമായ വെളിപ്പെടുത്തലുണ്ടാവുന്നത്.

content Highlights: google assistant records your voice ad sending it to third party contractors