ഗൂഗിളിന്റെ I/O 2018  കോണ്‍ഫറന്‍സിലെ മുഖ്യ പ്രഭാഷണത്തില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചറുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സാങ്കേതിക ലോകത്തെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്. ഹോട്ടലില്‍ ഇരിപ്പിടം ബുക്ക് ചെയ്യാനും, സലോണില്‍ മുടിവെട്ടല്‍ ബുക്ക് ചെയ്യാനുമെല്ലാം ഗൂഗിള്‍ അസിസ്റ്റന്റ് എങ്ങനെ സഹായിക്കുമെന്ന് കോണ്‍ഫറന്‍സ് വേദിയില്‍ തന്നെ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ അത് വലിയ കയ്യടി നേടി. 

ഗൂഗിളിന്റെ ഡ്യൂപ്ലെക്‌സ് (Google Duplex) എന്ന സാങ്കേതിക വിദ്യയാണ് മനുഷ്യരോട് മനുഷ്യന് സമാനമായി സംഭാഷണങ്ങളിലേര്‍പ്പെടാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനെ പ്രാപ്തമാക്കുന്നത്. ഇതിന്റെ ഒരു മാതൃകയാണ് സുന്ദര്‍ പച്ചൈ വേദിയില്‍ അവതരിപ്പിച്ചത്. ഈ സാങ്കേതിക വിദ്യയില്‍ ഇനിയും ജോലികള്‍ ഏറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 

ഈ പുത്തന്‍ സാങ്കേതിക വിദ്യയോടുള്ള അത്ഭുതത്തോടൊപ്പം തന്നെ അത് സംബന്ധിച്ച ആശങ്കകളും ഉയര്‍ന്നു. ഇങ്ങനെ യന്ത്രങ്ങള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ സംസാരിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന് റോബോട്ട് ആണെന്ന് എങ്ങനെ മനുഷ്യര്‍ തിരിച്ചറിയും എന്നതായിരുന്നു ഒരു പ്രധാന ആശങ്ക. അനൗദ്യോഗിക സാഹചര്യങ്ങളിലെ ആശയവിനിമയം എത്രത്തോളം വിജയകരമാവുമെന്നും, സംഭാഷണത്തിലേര്‍പ്പെടുന്ന എഐ റോബോട്ടുകളുടെ കാര്യക്ഷമത എത്രത്തോളമുണ്ടാകുമെന്നുമുള്‍പ്പടെ അതിലെ ധാര്‍മികവും സാമൂഹികവുമായ വശങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. 

ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് സാങ്കേതിക വിദ്യ പരിചയപ്പെടുത്തി എന്നല്ലാതെ അത് എന്താണ് എങ്ങനെയാണ് എന്നെല്ലാം ഉള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഗൂഗിള്‍ പുറത്തുവിട്ടിരുന്നില്ല. അതാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. 

എന്നാല്‍ ഈ സാങ്കേതിക വിദ്യയെ കുറിച്ച് ആശങ്കകള്‍ വേണ്ടെന്ന് വ്യക്തമാക്കി ഗൂഗിള്‍ തന്നെ പിന്നീട് രംഗത്തെത്തി. ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചത് ഈ സാങ്കേതിക വിദ്യയുടെ ആദ്യ മാതൃക മാത്രമാണ്. അത് ഒരു പൂര്‍ണമായ ഉല്‍പ്പന്നമല്ല. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോള്‍ ആണ് സ്‌റ്റേജില്‍ പ്രദര്‍ശിപ്പിച്ചത്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ഡീപ്പ് മൈന്റിന്റെ (DeepMind) പുതിയ ഓഡിയോ ജനറേഷന്‍ ടെക്‌നികും സ്വാഭാവിക ഭാഷാ ഉപയോഗത്തിലുള്ള പരിഷ്‌കാരങ്ങളും അവയെല്ലാം എങ്ങനെ മനുഷ്യസമാനമായ സംഭാഷണ രീതി കൊണ്ടുവരാന്‍ സഹായിക്കുമെന്നും കാണിച്ചുതരികയാണ് ആ മാതൃകയിലൂടെ തങ്ങള്‍ ഉദ്ദേശിച്ചതെന്നും ഗൂഗിള്‍ പറയുന്നു.

ഉപയോക്താക്കള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും ഈ സേവനത്തിന്റെ മികച്ച അനുഭവം നല്‍കുക എന്നതാണ് പ്രധാനമെന്നും സുതാര്യതയും അതില്‍ പ്രധാനമാണെന്നും ഗൂഗിള്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നുണ്ട്. താമസിയാതെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് സാങ്കേതിക വിദ്യ ഗൂഗിള്‍ അസിസ്റ്റന്റില്‍ എത്തുംമെന്നാണ് കരുതുന്നത്.