ബ്ദനിര്‍ദേശങ്ങളിലൂടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമാണ് ഗൂഗിള്‍ അസിസ്റ്റന്റ്. ഇന്റര്‍നെറ്റില്‍ തിരയാനും ആപ്ലിക്കേഷനുകള്‍ തുറക്കാനും യൂട്യൂബില്‍ വീഡിയോ കാണിക്കാനും ഫോണിലെ മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം ഇന്ന് ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടാനാവും. 

നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും വൈകാതെ എത്തിയേക്കും. 

ഗൂഗിളിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് 10.28 ല്‍ 'സെന്റ് ടെക്സ്റ്റ് മെസേജ്' എന്ന കമാന്റിനോട് ഗൂഗിള്‍ അസിസ്റ്റന്റ് പ്രതികരിക്കുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 9To5 Google എന്ന വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. 

ഒരു സ്‌ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. ഇതില്‍ ' The message has been sent' എന്ന കണ്‍ഫര്‍മേഷന്‍ മെസേജ് കാണുന്നുണ്ട്. ഫോണ്‍ ലോക്ക് ആണെന്ന ചിഹ്നവും കാണാം. ആന്‍ഡ്രോയിഡ് 9.0 പൈയിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പില്‍ അല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഫീച്ചറുകള്‍ പ്രായോഗിക തലത്തില്‍ എത്തുമോ എന്ന് ഉറപ്പിക്കാനാവില്ല. എന്തായാലും അണ്‍ലോക്ക് ചെയ്യാതെ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാനായാല്‍ അത് പല സാധ്യതകള്‍ക്കും വഴിതുറക്കുന്നതാണ്.

Content Highlights: google assistant use without unlocking, google new update, android phones