ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കിയ ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് സംവിധാനം ഇനി ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളിലും ലഭ്യമാവും. 

നിലവില്‍ എല്ലാ ആന്‍ഡ്രോയിഡ് ന്യൂഗട്ട്, മാഷ്‌മെലോ, ഓറിയോ ഉപകരണങ്ങളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. അതേസമയം ആന്‍ഡ്രോയിഡ് ലോലിപോപ്പ് ടാബ്ലെറ്റുകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിലവില്‍ ലഭ്യമാവില്ല.

വലിയൊരു വിഭാഗം ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ലോലിപോപ്പ് സ്മാര്‍ട്‌ഫോണുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ് ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഈ ഫോണുകളിലേക്കും വ്യാപിപ്പിക്കാന്‍ ഗൂഗിളിന് പ്രേരണയായത്.

26.3 ശതമാനം ഓഹരിയാണ് ലോലിപ്പോപ്പ് ഫോണുകള്‍ക്ക് വിപണിയിലുള്ളത്. ന്യൂഗട്ട് ഫോണുകള്‍ 23.3 ശതമാനവും മാഷ് മെലേ 29.9 ശതമാനും ഓഹരി കയ്യാളുന്നു. 

റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുക, ഷോപ്പിങ് ലിസ്റ്റ് തയ്യാറാക്കുക, മാപ്പ് അലേര്‍ട്ടുകള്‍, കാലാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് ചെയ്യാന്‍ സാധിക്കുക. ഗൂഗിളിന്റെ ഹോം സ്പീക്കറുകളിലും ഇപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനങ്ങള്‍ ലഭ്യമാണ്. 

ദിവസങ്ങള്‍ക്ക് മുമ്പാണ് റിലയന്‍സ് ജിയോഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനങ്ങള്‍ ലഭ്യമാക്കിയത്. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, സ്‌പെയിന്‍, ഇറ്റലി ജപ്പാന്‍ ബ്രസീല്‍, ജര്‍മ്മനി, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റ് സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.