ചിലപ്പോള്‍ ചില പാട്ടുകള്‍ മനസില്‍ കിടന്ന് കളിക്കാറുണ്ട്. പാട്ടിന്റെ ഈണമോ ചില ഭാഗങ്ങളോ മനസിലുണ്ടാവുമെങ്കിലും വരികള്‍ പെട്ടെന്ന് ഓര്‍മ വന്നെന്ന് വരില്ല. അതെ നാവിന്റെ അറ്റത്ത് 'തത്തിക്കളിക്കുന്ന' ആ പാട്ട് ഏതെന്ന് കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളെ സഹായിക്കും. മനസിലുള്ള ആ ഈണം ഒന്നു മൂളിയാല്‍ മതി. 

ഗൂഗിള്‍ അസിസ്റ്റന്റില്‍ അവതരിപ്പിച്ച 'Hum to Search' സൗകര്യമാണ് ഇതിന് ഉപയോക്താക്കളെ സഹായിക്കുന്നത്. 

അതിനായി ചെയ്യേണ്ടത് ഇത്രമാത്രം .

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് തുറക്കുക. 
  • ' What is this song' എന്ന് ചോദിക്കുക
  • ശേഷം റെക്കോര്‍ഡിങ് ആക്റ്റിവേറ്റ് ആവും
  • അപ്പോള്‍ നിങ്ങള്‍ മനസിലുള്ള പാട്ട് ഈണമിട്ട് മൂളുക
  • ലലാ...ലാ...ലലലാാ... എന്നോ തനാനനാ..നന..നാ എന്നോ ഊം...ഊം....ഊ.... എന്നോ ഇഷ്ടമുള്ള രീതിയില്‍ പാടുക. ചൂളമിട്ട് പാടുകയും ചെയ്യാം. 
  • 10-15 സെക്കന്റ് നേരം ഈ മൂളിപ്പാട്ട് റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ ഉദ്ദേശിച്ച പാട്ടുകളുടെ നിര്‍ദേശങ്ങള്‍ ലഭിക്കും. 

ഇംഗ്ലീഷ് പാട്ടുകളും, ഹിന്ദി പാട്ടുകളുമെല്ലാം മൂളിപ്പാട്ടില്‍ നിന്നും വളരെ കൃത്യമായി ഗൂഗിള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ നിലവില്‍ മലയാളം പാട്ടുകള്‍ കണ്ടെത്താന്‍ സാധിക്കില്ല. 

മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മൂളിപ്പാട്ടിനെ ഡിജിറ്റല്‍ സ്വീക്വന്‍സുകളാക്കി മാറ്റുകയും അത് ആയിരക്കണക്കിന് പാട്ടുകളുമായി ഒത്തുനോക്കി സമാനമായ ചിലത് നിങ്ങള്‍ക്ക് നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്. പാട്ടുമായി ബന്ധപ്പെട്ട അധിക വിവരങ്ങളും ലഭിക്കും. 

Content Highlights: google assistant hum to search features, song search