ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംസാരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്റ്റ് മാനേജര്‍ ഡേവിഡ് മോണ്‍സീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗൂഗിളിന്റെ ഭാഷാ വിദഗ്ദര്‍ ഗൂഗിള്‍ അസിസ്റ്റന്റ് ശേഖരിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഗൂഗിളിന്റെ സ്പീച്ച് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനായി ഭാഷ കൃത്യമായി മനസിലാക്കുന്നതിനാണ് ഈ ശബ്ദങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 

ഭാഷാ വിദഗ്ദര്‍ ഈ ശബ്ദങ്ങള്‍ കേള്‍ക്കുകയും അവ വിശകലനം ചെയ്ത് ഒരു കൂട്ടം ചോദ്യങ്ങള്‍ അതില്‍ നിന്നും തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ ചോദ്യങ്ങള്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ അസിസ്റ്റന്റിന്റെ ആ ഭാഷയിലുള്ള കഴിവ് പരിപോഷിപ്പിക്കുന്നത്. 

സ്പീച്ച് ടെക്‌നോളജി അഥവാ സംസാര സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിന് ഈ പ്രക്രിയ ഒഴിച്ചുകൂടാനാവാത്തതാണ്. ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഈ രീതി പിന്തുടരാതെ പറ്റില്ലെന്നും ഗൂഗിള്‍ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റില്‍ ഡേവിഡ് പറഞ്ഞു. 

എന്നാല്‍ റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദത്തിന്റെ 0.2 ശതമാനം മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ എന്ന് ഗൂഗിള്‍ പറയുന്നു. അതില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉണ്ടാവില്ലെന്നും. ശബ്ദത്തിന്റെ ഉടമയാരാണെന്ന് ഭാഷാ പണ്ഡിതര്‍ക്ക് അറിയാനാവില്ലെന്നും ഗൂഗിള്‍ പറഞ്ഞു. പശ്ചാത്തലത്തിലുള്ള ശബ്ദവും ഭാഷാ വിദഗ്ദരുടെ അടുത്തെത്തില്ല. 

എന്നാല്‍ സ്മാര്‍ട്‌ഫോണുകള്‍, സ്മാര്‍ട് ഹോം സ്പീക്കര്‍ എന്നിവയിലുള്ള ഗൂഗിള്‍ അസിസ്റ്റന്റില്‍ നിന്നുള്ള 1000 അധികം  ശബ്ദങ്ങള്‍ തങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചുവെന്ന് വീആര്‍ടി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്. ഇതില്‍ 153 എണ്ണം അബദ്ധവശാല്‍ റെക്കോഡ് ചെയ്യപ്പെട്ടവയാണ്. അവയില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പോലും അടങ്ങുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

Content Highlights: google admits thats it listening private talks from google assistant devices