റോബോട്ടുകളെ കഥാപാത്രങ്ങളാക്കിയുള്ള ഒട്ടേറെ സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു റോബോട്ട് മനുഷ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സിനിമ, അണിയറയില്‍ തയാറാവുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ജാപ്പനീസ് സിനിമയായ 'സായനോര'യില്‍ ( Sayonara ) ഒരു റോബോട്ടാണ് പ്രധാന നടി!

'ജെമിനോയിഡ് എഫ്' ( Geminoid F ) എന്ന പേരിലുള്ള ഈ ആന്‍ഡ്രോയ്ഡ് അഭിനേത്രിയെ ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊയാണ് രൂപകല്‍പ്പന ചെയ്തത്. ജപ്പാനില്‍ വന്‍ ആണവദുരന്തത്തിന് ശേഷമുള്ള സംഭവങ്ങളാണ് 'സായനോര'യിലെ പ്രമേയം.

കൊജി ഫുകാഡ  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുകാലുകളും തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന 'ലിയോണ' എന്ന യുവതിയെ ആണ് ജെമിനോയിഡ് എഫ് അവതരിപ്പിക്കുന്നത്. 

Geminoid F

കാഴ്ചയില്‍ ഒരു സാധാരണ ജാപ്പനീസ് യുവതിയാണ് ജെമിനോയിഡ്. ഈ റോബോട്ടിന്റെ ചര്‍മം റബ്ബര്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വായൂസമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ച്വുവേറ്ററുകള്‍ മുഖത്തിനും കൈകള്‍ക്കും സ്വാഭാവിക ചലനം പ്രദാനം ചെയ്യുന്നു. ലാപ്‌ടോപ്പിലൂടെ നിയന്ത്രിക്കാവുന്ന ഈ ആന്‍ഡ്രോയിഡ് സുന്ദരിക്ക് 72 ലക്ഷത്തോളം രൂപയാണ് വില. 

സ്വന്തം അപരന്‍ ഉള്‍പ്പെടെ നിരവധി മനുഷ്യറോബോട്ടുകള്‍ക്ക് രൂപം നല്‍കിയയാളാണ് ഇഷിഗുറൊ. 'ആന്‍ഡ്രോയിഡുകളാകുമ്പോള്‍ പരാതിപറയില്ല, ദേഷ്യപ്പെടില്ല, ഒരിക്കലും ഉറങ്ങുകയുമില്ല', നടിയുടെ മേന്‍മകള്‍ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ (മനുഷ്യരോട് സാമ്യമുള്ള റോബോട്ടുകളെയാണ് ആന്‍ഡ്രോയ്ഡ് എന്ന് വിളിക്കുന്നത്. ഗൂഗിളിന്റെ മൊബൈല്‍ ഒഎസ് അല്ല ഇവിടെ ഉദ്ദേശിക്കുന്നത്). 

യന്ത്രമനുഷ്യരെ യഥാര്‍ഥ മനുഷ്യരായി തെറ്റിദ്ധരിക്കുന്ന കാലത്തിലേക്ക് അധികം താമസമില്ലാതെ നാം എത്തിച്ചേരുമെന്നും ഇഷിഗുറൊ പറയുന്നു. 

ജപ്പാനില്‍ നവംബര്‍ 21ന് 'സയനോര' പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും 'ജെമിനോയിഡി'ന് കടപ്പാട് രേഖപ്പെടുത്തുന്നുണ്ട്.